ന്യൂസ് ഡെസ്ക്, മലയാളം യുകെ
വെയിൽസിലെ ദക്ഷിണ മേഖലയിൽ താമസിക്കുന്ന എൻഎച്ച്എസ് ശിശുരോഗ നേഴ്‌സായ സാറ സ്ലോമാന്റെ മൂന്നുവയസുകാരനായ മകൻ ടെഡി സ്ലോമാൻ അപൂർവവും അതീവ ഗുരുതരവുമായ ന്യൂറോബ്ലാസ്റ്റോമ ക്യാൻസറിനെതിരെ ചികിത്സയിലാണ്. കഴിഞ്ഞ വർഷം ജൂലൈയിൽ പല്ല് മുളയ്ക്കുന്നതുമായി ബന്ധപ്പെട്ട സാധാരണ അസ്വസ്ഥതകളാണെന്ന് കരുതിയ ലക്ഷണങ്ങൾ പിന്നീട് ഗുരുതരമാകുകയായിരുന്നു. ഭക്ഷണം കഴിക്കാതിരിക്കുക, അമിതമായി ഉറങ്ങുക, ഛർദി എന്നിവയെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ക്യാൻസർ അസ്ഥിമജ്ജയിലേക്കും വ്യാപിച്ചതായി കണ്ടെത്തിയത്.

കാർഡിഫിലെ നോഹാസ് ആർക്ക് ചിൽഡ്രൻസ് ആശുപത്രിയിൽ ഒൻപത് മാസത്തോളം നീണ്ട ചികിത്സയ്ക്കിടെ ടെഡി കീമോതെറാപ്പി, വലിയ ശസ്ത്രക്രിയ, സ്റ്റെം സെൽ ശേഖരണം, ഉയർന്ന ഡോസ് കീമോതെറാപ്പി, ലണ്ടനിലെ പ്രോട്ടോൺ ബീം തെറാപ്പി എന്നിവയ്ക്ക് വിധേയനായി. ചികിത്സയോട് നല്ല രീതിയിൽ പ്രതികരിച്ചെങ്കിലും രോഗം വീണ്ടും മടങ്ങിവരാനുള്ള സാധ്യത ഇപ്പോഴും നിലനിൽക്കുകയാണ്. ഇതിനിടെ രോഗം തിരിച്ചുവരുന്നത് തടയാൻ ആവശ്യമായ പ്രധാന ചികിത്സ അമേരിക്കൻ മരുന്ന് നിർമാതാക്കൾ പിൻവലിച്ചതിനെ തുടർന്ന് എൻഎച്ച്എസ് രോഗികൾക്ക് ഇനി ലഭ്യമല്ലാതായതായി കുടുംബം പറയുന്നു.

മകന്റെ ജീവൻ രക്ഷിക്കാനുള്ള അവസാന പ്രതീക്ഷയെന്ന നിലയിൽ 2.5 ലക്ഷം പൗണ്ട് സമാഹരിക്കാനുള്ള ശ്രമത്തിലാണ് എൻഎച്ച്എസ് നേഴ്‌സായ സാറയും ഭർത്താവ് ക്രാമർ സ്ലോമാനും. മരുന്ന് നേരിട്ട് വാങ്ങി ബ്രിട്ടനിൽ വിദഗ്ധരുടെ മേൽനോട്ടത്തിൽ നൽകാനാണ് ആദ്യം ശ്രമിക്കുന്നത്. അതിന് സാധിക്കാത്ത പക്ഷം അമേരിക്കയിലെ രണ്ട് കേന്ദ്രങ്ങളിലോ റോമിലെ ഒരു കേന്ദ്രത്തിലോ ചികിത്സ തേടേണ്ടിവരും. സെപ്റ്റംബറിൽ നിലവിലെ ഇമ്യൂണോതെറാപ്പി അവസാനിക്കുന്ന ടെഡിക്ക് തുടർന്ന് രണ്ട് വർഷം തുടർച്ചയായി മരുന്ന് നൽകേണ്ടതുണ്ടെന്നും അതിനായി പൊതുജനങ്ങളുടെ സഹായം അഭ്യർഥിക്കുകയാണെന്നും കുടുംബം അറിയിച്ചു.











Leave a Reply