ന്യൂസ് ഡെസ്ക്, മലയാളം യുകെ

2006 നും 2023 നും ഇടയിൽ നോട്ടിംഗ്ഹാം യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ വരുത്തിയ ചികിത്സാ പിഴവുകളുടെ പേരിൽ എൻഎച്ച്എസ് വൻ തുക പിഴയായി അടയ്ക്കേണ്ടതായി വന്നു. നൂറുകണക്കിന് ശിശു മരണങ്ങളുടെയും ചികിത്സാ പിഴവുകളുടെയും പേരിലാണ് 101 മില്യൺ പൗണ്ടോളം എൻഎച്ച്എസ് പിഴയായി നൽകേണ്ടതായി വന്നത്.


സീനിയർ മിഡ് വൈഫ് ഡോണ ഒക്കെൻസണിൻ്റെ നേതൃത്വത്തിൽ നടന്ന അവലോകനത്തിലാണ് കേസുകൾക്ക് തീർപ്പായത്. നൂറോളം കുടുംബങ്ങളുടെ കേസുകളാണ് ഇതിൽ പരിഗണിക്കപ്പെട്ടത്. ക്വീൻസ് മെഡിക്കൽ സെൻറർ , സിറ്റി ഹോസ്പിറ്റൽ എന്നിടങ്ങളിലെ 134 കേസുകളുമായി ബന്ധപ്പെട്ട് എൻഎച്ച്എസ് പണം നൽകേണ്ടതായി വന്നത്. ഭൂരിപക്ഷ കേസുകളും കുഞ്ഞുങ്ങളുടെ മരണമോ അതുമല്ലെങ്കിൽ ചികിത്സാ പിഴവുകൾ കാരണം കുഞ്ഞുങ്ങൾക്ക് പരിക്ക് പറ്റിയതിനോട് ബന്ധപ്പെട്ടുള്ളവയാണ്. വൈദ്യശാസ്ത്രപരമായ അശ്രദ്ധയുടെ ഫലമായാണ് മരണമോ മറ്റ് പ്രശ്നങ്ങളോ ഉണ്ടായി എന്ന് തെളിയിക്കുന്ന കുടുംബങ്ങൾക്ക് ഏകദേശം 85 മില്യൺ പൗണ്ടാണ് എൻഎച്ച്എസ് നൽകേണ്ടതായി വന്നത്.


ചികിത്സാ പിഴവുകൾ കാരണം ഒട്ടേറെ കുഞ്ഞുങ്ങൾക്ക് സെറിബ്രൽ പാൾസി പോലുള്ള രോഗങ്ങൾ ബാധിച്ചതായും കണ്ടെത്തിയിരുന്നു. നൽകിയ നഷ്ടപരിഹാരം പകുതിയിലേറെയും സെറിബ്രൽ പാൾസി ക്ലെയ്മുകൾക്കാണ് . പല മരണങ്ങളിലും എൻഎച്ച്എസ് നൽകിയ വിശദീകരണങ്ങൾ തൃപ്തികരമാകാത്ത മാതാപിതാക്കൾ നടത്തിയ അന്വേഷണത്തിലാണ് പിഴവുകൾ ഒന്നൊന്നായി കണ്ടെത്തിയത്. നോട്ടിംഗ്ഹാം യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൻ്റെ കണ്ടെത്തലുകൾ അംഗീകരിക്കാൻ വിസമ്മതിച്ച ഒരു അച്ഛനും അമ്മയും അവരുടെ സ്വന്തം അന്വേഷണത്തിലാണ് 13 ചികിത്സാ പിഴവുകൾ തിരിച്ചറിയുകയും അവരുടെ മകൻറെ മരണം തീർച്ചയായും തടയാൻ കഴിയുന്നതായിരുന്നു എന്ന വിധി സമ്പാദിക്കുകയും ചെയ്തത് .കുഞ്ഞിനെ നഷ്ടപ്പെട്ട് 5 വർഷത്തിനുശേഷം അവർക്ക് 2.8 മില്യൺ പൗണ്ട് ആണ് നഷ്ടപരിഹാരമായി ലഭിച്ചത്. ചരിത്രത്തിൽ തന്നെ ഇത്തരം കേസുകൾക്ക് നൽകുന്ന ഏറ്റവും വലിയ പിഴ തുകയായാണ് ഇത് കണക്കാക്കപ്പെടുന്നത്