ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ഓൺലൈനിൽ നിന്ന് വാങ്ങിയ ഉത്പന്നങ്ങളുടെ പ്രൈസ് ടാഗുകൾ മാറ്റികൊണ്ട് 1600 പൗണ്ടിന്റെ തട്ടിപ്പ് നടത്തിയ എൻ എച്ച് എസ് ശാസ്ത്രജ്ഞയെ ജോലിയിൽ നിന്നും താത്കാലികമായി പിരിച്ചുവിട്ടു. ഓൺലൈൻ വിൽപ്പനയിൽ വാങ്ങിയ വാച്ച് വിലകൂടിയ മറ്റൊരു ഉത്പന്നത്തിന്റെ പെട്ടിയിൽ തിരിച്ചു നൽകിയ മൗറീൻ ബെന്നിക്ക് വാച്ചിന്റെ യഥാർത്ഥ വിലയുടെ ഇരട്ടി തുകയാണ് റീഫണ്ട്‌ ആയി ലഭിച്ചത്. തട്ടിപ്പിനിരയായ ജോൺ ലൂയിസ് പിന്നീട് നടത്തിയ അന്വേഷണത്തിലാണ് സത്യം പുറത്തുവന്നത്. ക്രിസ്മസിന് മുമ്പുള്ള മാസങ്ങളിൽ താൻ ഇത്തരത്തിലുള്ള ചില തട്ടിപ്പുകൾ കൂടി നടത്തിയിട്ടുണ്ടെന്ന് വിചാരണ വേളയിൽ ബെന്നി വെളിപ്പെടുത്തി. ഹെൽത്ത് ആൻഡ് കെയർ പ്രൊഫഷണൽ ട്രൈബ്യൂണൽ സർവീസ് പാനലിൽ കുറ്റം സമ്മതിച്ച ബെന്നിയെ 12 മാസത്തേക്ക് ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്തു.

ഗ്ലാസ്ഗോ, ക്ലൈഡ് എൻ‌എച്ച്‌എസ് ഹെമറ്റോളജി ഡിപ്പാർട്ട്‌മെന്റിൽ ഒരു ബയോമെഡിക്കൽ സയന്റിസ്റ്റായി ജോലി ചെയ്തിരുന്ന വ്യക്തിയാണ് മൗറീൻ ബെന്നി. ജോൺ ലൂയിസിൽ നിന്നുയർന്ന തട്ടിപ്പ് വാർത്തകൾക്ക് പിന്നാലെ 2018 ന്റെ ആരംഭത്തിലാണ് ബെന്നിയെ തേടി പോലീസ് എത്തുന്നത്. 2017 ക്രിസ്മസ് സമയത്ത് ഉത്പന്നങ്ങളുടെ പ്രൈസ് ടാഗുകൾ പരസ്പരം മാറ്റി റീഫണ്ടിലൂടെ 1,660 പൗണ്ട് തട്ടിയെടുത്തു. സെൻട്രൽ ഗ്ലാസ്ഗോയിലെ ബുക്കാനൻ ഗാലറിയിലെ സ്റ്റോറിലാണ് ഈ തട്ടിപ്പ് നടന്നത്. അതിനു ശേഷമാണ് ഓൺലൈനിൽ വാങ്ങിയ സ്വർണ വാച്ച് വില കൂടിയ വെള്ളി വാച്ചിന്റെ പെട്ടിയിലാക്കി തിരിച്ചയക്കുന്നത്. തന്റെ മകൾക്ക് ഒരു ക്രിസ്മസ് സമ്മാനമായി വാങ്ങിയ വാച്ചാണ് അതെന്ന വാദം പാനൽ തള്ളിക്കളഞ്ഞു.

ബെന്നി കുറ്റം സമ്മതിക്കുകയും 2019 ഓഗസ്റ്റിൽ ഗ്ലാസ്‌ഗോ ഷെരീഫ് കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു. സാമ്പത്തിക തട്ടിപ്പിലൂടെ ജോൺ ലൂയിസിന് നഷ്ടം സംഭവിച്ചുവെന്ന വസ്തുത ബെന്നി അംഗീകരിച്ചില്ല. ബെന്നിയെ 12 മാസത്തേക്ക് പ്രാക്ടീസ് ചെയ്യുന്നതിൽ നിന്ന് സസ്‌പെൻഡ് ചെയ്തതോടൊപ്പം ജോൺ ലൂയിസിൽ നേരിട്ടും ഓൺലൈനായും ഷോപ്പിംഗ് നടത്തുന്നതിനും വിലക്കേർപ്പെടുത്തി.