ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- സന്തുലിതമായ ജീവിതശൈലിയുടെ ഭാഗമായി ആഴ്ചയിൽ ഒരിക്കൽ ഭക്ഷണം ഒഴിവാക്കുന്നത് തന്റെ അച്ചടക്കത്തിന്റെ ഭാഗമാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക് കഴിഞ്ഞദിവസം പ്രസ്താവിച്ചിരുന്നു. ഓരോ ആഴ്ചയുടെയും തുടക്കത്തിൽ 36 മണിക്കൂർ സുനക് ഉപവാസം അനുഷ്ഠിക്കുന്നു എന്ന വാർത്ത വിവിധ പ്രതികരണങ്ങൾക്കാണ് ബ്രിട്ടനിൽ വഴിതെളിച്ചിരിക്കുന്നത്. ഇത്തരം ഒരു ശീലത്തിന്റെ ഗുണങ്ങളെയും ദോഷങ്ങളെയും പറ്റി ഇതിനോടകം തന്നെ വിദഗ്ധർ എല്ലാവരും വിശകലനം നടത്തി കഴിഞ്ഞിരിക്കുകയാണ്. ഭക്ഷണം ഇല്ലാതെ കഴിയാനുള്ള പ്രധാനമന്ത്രിയുടെ കഴിവ് വോട്ടർമാരുടെ ശ്രദ്ധയിൽപ്പെട്ടില്ലെങ്കിലും, സിലിക്കൺ വാലിയിലെ തൊഴിലുടമകൾക്ക് ഇത് സന്തോഷം ആകുമെന്ന പ്രതികരണമാണ് പ്രമുഖ മാധ്യമപ്രവർത്തകയായ കോകോ ഖാൻ നടത്തിയത്. സൺഡേ ടൈം റിപ്പോർട്ട് ചെയ്ത പ്രകാരം, ഞായറാഴ്ച വൈകുന്നേരം 5 മണി മുതൽ ചൊവ്വാഴ്ച പുലർച്ചെ 5 മണി വരെ സുനക് ഭക്ഷണം ഒന്നും തന്നെ കഴിക്കാറില്ല എന്നാണ്. വെള്ളം, ചായ, കട്ടൻകാപ്പി തുടങ്ങിയ പാനീയങ്ങൾ മാത്രമാണ് ഈ സമയത്ത് അദ്ദേഹം കുടിക്കുന്നതെന്നാണ് ടൈംസ് റിപ്പോർട്ട് ചെയ്തത്.


തന്റെ ആരോഗ്യത്തിൽ വളരെയധികം ശ്രദ്ധ പുലർത്തുന്ന ആളാണ് റിഷി സുനക്. എന്നാൽ തനിക്ക് മധുരത്തിനോട് താല്പര്യം ഉണ്ടെന്ന് സുനക് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. 36 മണിക്കൂർ ഉപവാസത്തിനുശേഷം ബാക്കിയുള്ള ദിവസങ്ങളിൽ താൻ മധുരമുള്ള ഭക്ഷണങ്ങൾ ആസ്വദിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. വ്യായാമത്തിൻ്റെ ആരാധകൻ കൂടിയായ സുനക് തൻ്റെ പെലോട്ടൺ ബൈക്കിൽ പ്രഭാത വ്യായാമങ്ങൾ നടത്തുന്നത് സംബന്ധിച്ചുള്ള വിവരങ്ങളും മുൻപ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. തന്റെ ശരീരത്തിന് ഒരു പുന ക്രമീകരണത്തിനുള്ള സമയമാണ് താൻ നൽകുന്നതെന്ന് സുനക് വ്യക്തമാക്കി.


എന്നാൽ സുനകിന്റെ ഈ ഉപവാസ രീതി ഏറ്റവും കൂടുതൽ സന്തോഷം നൽകുക സിലിക്കൺ വാർഡിലെ തൊഴിലുടമകൾക്കാണെന്ന കോകോ ഖാന്റെ പ്രതികരണം പുതിയ ചർച്ചകൾക്ക് വഴിതെളിച്ചിട്ടുണ്ട്. തങ്ങളുടെ കഴിവ് വർദ്ധിപ്പിക്കാനുള്ള ഏതു മാർഗ്ഗവും സ്വീകരിക്കാൻ തയ്യാറാവുന്നവരാണ് ടെക്കികൾ. രാഷ്ട്രീയക്കാരുടെയും സിനിമ മേഖലയിലുള്ളവരുടെയും ജീവിതശൈലികൾ ചർച്ച വിഷയം ആകുന്നതുപോലെ തന്നെയാണ് പ്രധാനമന്ത്രിയുടെ ഈ വെളിപ്പെടുത്തലും ബ്രിട്ടനിൽ ചർച്ച വിഷയം ആയിരിക്കുന്നത്.