ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഉയർന്ന ജീവിത ചിലവ് മൂലം പൊതുജനങ്ങൾ കഷ്ടപ്പെടുമ്പോൾ രാജ്യത്തെ ഏറ്റവും വലിയ എനർജി സപ്ലൈയർ കമ്പനിയായ ബ്രിട്ടിഷ് ഗ്യാസിന്‍റെ ലാഭത്തിലുണ്ടായത് പത്തിരട്ടി വർധന. 2022-ൽ കേവലം 72 ദശലക്ഷം പൗണ്ട് മാത്രമായിരുന്ന ബ്രിട്ടിഷ് ഗ്യാസ് കമ്പനിയുടെ ലാഭം 2023-ൽ പത്തിരട്ടിയിലേറെ വർധിച്ച് 750 ദശലക്ഷം പൗണ്ടായി. നേരത്തെ കമ്പനിക്കുണ്ടായിരുന്ന 500 ദശലക്ഷം പൗണ്ടിന്‍റെ പ്രവർത്തന നഷ്ടം പരിഹരിക്കാൻ സർക്കാർ ലഗുലേറ്ററായ ‘’ഓഫ്ജെം’’ നൽകിയ അനുമതിയുടെ മറവിൽ വൻ നിരക്കു വർദ്ധനയിലൂടെയാണ് എല്ലാ നഷ്ടവും പരിഹരിച്ച് കമ്പനി മികച്ച നേട്ടം കൈവരിച്ചത്.

യുക്രെയ്ൻ യുദ്ധം തുടങ്ങിയതു മുതൽ യുകെയിലെ ഉയർന്ന ഗ്യാസിന്‍റെയും വൈദ്യുതിയുടെയും വിലയിൽ ബ്രിട്ടനിലെ സാധാരണക്കാർ വട്ടം തിരിയുകയാണ്. ഇതിനിടെയാണ് കമ്പനിയുടെ ലാഭത്തിൻെറ വാർത്ത പുറത്തുവരുന്നത്. ബ്രിട്ടനിൽ ഒരുവർഷത്തിനിടെ ഉണ്ടായ കനത്ത ജീവിത ചെലവ് വർദ്ധനയിൽ മുഖ്യ പങ്കുവഹിച്ചത് എനർജി വിലയിലെ വർദ്ധനവാണ്. രാജ്യത്താകെ ബ്രിട്ടിഷ് ഗ്യാസിന് 75 ലക്ഷത്തോളം ഉപയോക്താക്കളാണുള്ളത്.

വർദ്ധിച്ച് വരുന്ന വിലവർദ്ധനവും മറ്റും ഋഷി സുനക് സർക്കാരിന് വൻ തിരിച്ചടിയായി മാറിയിരിക്കുകയാണ്. ഇന്ന് നടന്ന ഉപതെരഞ്ഞെടുപ്പിലും ഇത് ദൃശ്യമായിരുന്നു. കിംഗ്‌സ്‌വുഡ്, വെല്ലിംഗ്ബറോ ഉപതെരഞ്ഞെടുപ്പുകളിൽ ലേബർ പാർട്ടിയ്ക്കായിരുന്നു ജയം. വെല്ലിംഗ്ബറോയിൽ ലേബർ സ്ഥാനാർത്ഥി ജനറൽ കിച്ചൻെറ വിജയം 2001ലെ പൊതു തെരഞ്ഞെടുപ്പിന് ശേഷമുള്ള പാർട്ടിയുടെ ആദ്യ വിജയമാണ്. 7,408 വോട്ടുകൾ നേടിയ കൺസർവേറ്റീവിൻ്റെ ഹെലൻ ഹാരിസണെ പിന്തള്ളി 13,844 വോട്ടുകൾക്കാണ് കിച്ചൻ സീറ്റ് നേടിയത്. സൗത്ത് ഗ്ലൗസെസ്റ്റർഷെയർ മണ്ഡലമായ കിംഗ്‌സ്‌വുഡിൽ ലേബർ 11,000ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്.