ന്യൂസ് ഡെസ്ക്, മലയാളം യുകെ
എൻഎച്ച്എസിൽ രോഗനിർണയ പരിശോധനകൾക്കായി കാത്തിരിക്കുന്നവരുടെ എണ്ണം റെക്കോർഡ് ഉയരത്തിലെത്തി. സിടി, എംആർഐ, അൾട്രാസൗണ്ട്, കേൾവിശേഷി പരിശോധനകൾ, ക്യാൻസർ പരിശോധനകൾ ഉൾപ്പെടെ വിവിധ പരിശോധനകൾക്കായി ഏകദേശം 19.2 ലക്ഷം ആളുകളാണ് ഇപ്പോൾ കാത്തിരിക്കുന്നത്. ആവശ്യത്തിന് പരിശോധനാ സൗകര്യങ്ങൾ ഇല്ലാത്തതിനാൽ കാത്തിരിപ്പ് വീണ്ടും ഉയരുന്നതായി റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.

കാത്തിരിക്കുന്നവരിൽ അഞ്ചിൽ ഒരാൾക്ക് പോലും എൻഎച്ച്എസ് നിശ്ചയിച്ച ആറാഴ്ച പരമാവധി സമയത്തിനുള്ളിൽ പരിശോധന ലഭിക്കുന്നില്ല എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത് . 2022നുശേഷം കാത്തിരിപ്പ് പട്ടികയിൽ അഞ്ച് ലക്ഷം പേരുടെ വർധനയുണ്ടായതായും, കോവിഡ് മഹാമാരിക്ക് മുൻപുണ്ടായിരുന്നതിനെക്കാൾ ഇത് 83 ശതമാനം കൂടുതലാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. നിലവിലെ പ്രവണത തുടർന്നാൽ 2027 മാർച്ചോടെ ഈ എണ്ണം 20 ലക്ഷത്തിലേക്ക് കടക്കുമെന്ന മുന്നറിയിപ്പും ഉയരുന്നുണ്ട്.

പരിശോധനകൾ വൈകുന്നത് രോഗികളുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കാമെന്ന ആശങ്ക ആരോഗ്യവിദഗ്ധരും സംഘടനകളും പ്രകടിപ്പിച്ചു. പരിശോധന ലഭിക്കാതെ ചികിത്സ തുടങ്ങാനാകാത്തത് രോഗാവസ്ഥ വഷളാക്കുകയും രോഗികളുടെ മാനസിക സമ്മർദം വർധിപ്പിക്കുകയും ചെയ്യുന്നതായി അവർ ചൂണ്ടിക്കാട്ടുന്നു. അതേസമയം, രാജ്യത്തുടനീളം കമ്മ്യൂണിറ്റി ഡയഗ്നോസ്റ്റിക് സെന്ററുകൾ വികസിപ്പിച്ച് കൂടുതൽ പരിശോധനകൾ ലഭ്യമാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് എൻഎച്ച്എസ് അധികൃതർ അറിയിച്ചു.











Leave a Reply