ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: 22 വർഷങ്ങൾക്ക് മുമ്പ് ക്രൂരമായി കൊല്ലപ്പെട്ട 16കാരനായ ടൈറോൺ ക്ലാർക്കിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. 2004 ഏപ്രിൽ 22ന് ലീഡ്സിലെ ബീസ്റ്റൺ പ്രദേശത്ത് 20ഓളം പേരടങ്ങുന്ന സംഘം പിന്തുടർന്ന് ആക്രമിച്ചതിനെ തുടർന്നാണ് ടൈറോൺ കൊല്ലപ്പെട്ടത്. കേസിൽ പുതിയ അറസ്റ്റുണ്ടായതായി വെസ്റ്റ് യോർക്ക്ഷയർ പൊലീസ് സ്ഥിരീകരിച്ചതോടെ, വർഷങ്ങളായി തുടരുന്ന അന്വേഷണത്തിന് വീണ്ടും ശ്രദ്ധ ലഭിച്ചിരിക്കുകയാണ്.

ടൈറോണിനെ സംഘം പിന്തുടർന്ന് ബ്രെറ്റ് ഗാർഡൻസ് പ്രദേശത്ത് വളഞ്ഞ് ആക്രമിച്ചതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ലോഹദണ്ഡുകൾ, മരത്തടികൾ തുടങ്ങിയ ആയുധങ്ങൾ ഉപയോഗിച്ചും സിഎസ് സ്പ്രേ പ്രയോഗിച്ചുമാണ് ആക്രമണം നടന്നതെന്നാണ് പൊലീസ് പറയുന്നത്. കേസിൽ നേരത്തെ മൂന്ന് പുരുഷന്മാരും ഒരു 17കാരനും കുറ്റക്കാരാണെന്ന് കണ്ടെത്തി 2005ൽ തടവിന് ശിക്ഷിക്കപ്പെട്ടിരുന്നെങ്കിലും, സംഭവത്തിൽ പങ്കെടുത്ത എല്ലാവരെയും നിയമത്തിന് മുന്നിലെത്തിക്കണമെന്ന ആവശ്യം കുടുംബം വർഷങ്ങളായി ഉന്നയിച്ചുവരികയാണ്.
“എന്റെ മകനെ അതിക്രൂരമായി കൊന്നു. 22 വർഷമായി അതിന്റെ വേദനയുമായി ജീവിക്കുകയാണ്,” എന്ന് ടൈറോണിന്റെ അമ്മ ലോറൈൻ ഫ്രേസർ പ്രതികരിച്ചു. “ഇനി ജീവിതവുമായി മുന്നോട്ട് പോകണം, പക്ഷേ മകനുവേണ്ടി ഞാൻ പോരാട്ടം തുടരേണ്ടി വരുന്നു,” എന്നും അവർ പറഞ്ഞു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ടുനിന്ന അന്വേഷണത്തിനൊടുവിൽ പുതിയ അറസ്റ്റുണ്ടായതോടെ, ഇത്രയും വർഷങ്ങൾക്ക് ശേഷമെങ്കിലും നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബം.











Leave a Reply