ലണ്ടൻ ∙ ഗാർഡിയൻ പത്രം അഞ്ചുകോളം തലക്കെട്ടിൽ ഫുൾപേജ് അഭിമുഖം നൽകിയപ്പോൾ ആരോഗ്യമന്ത്രി കെ.കെ. ശൈലജയും അതുവഴി കേരളത്തിനും ലഭിച്ച മൈലേജ് ചില്ലറയല്ല. എന്നാൽ അതിലേറെയാണ് ഈ ഒറ്റ വാർത്തകൊണ്ട് ഗാർഡിയൻ പത്രം നേടിയത്. ഇരുന്നൂറു വർഷത്തെ പാരമ്പര്യവും വിശ്വാസ്യതയുമാണ് ബ്രിട്ടനിലെ ഗാർഡിയൻ പത്രത്തിനുള്ളത്.
സമൂഹമാധ്യമങ്ങളിൽ ഈയാഴ്ച ഏറ്റവുമധികം ലൈക്കും ഷെയറും നേടിയ വാർത്തകളിലൊന്നായി മാറിയിരിക്കുകയാണ് ടീച്ചറുമായുള്ള ഗാർഡിയനിലെ അഭിമുഖം. വ്യാഴാഴ്ച ഗാർഡിയൻ പ്രസിദ്ധീകരിച്ച വാർത്തകളിൽ ഏറ്റവുമധികം ആളുകൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചവയിൽ ഏഴാം സ്ഥാനത്താണ് ടീച്ചറുടെ ഈ അഭിമുഖം.

ശൈലജ ടീച്ചർ അർഹിക്കുന്ന അംഗീകാരമാണിതെന്നു പറഞ്ഞ് കോൺഗ്രസ് നേതാവ് ശശി തരൂർ പോലും ട്വിറ്ററിലൂടെ ഈ വാർത്ത ഷെയർ ചെയ്തു. തരൂർ മാത്രമല്ല, രാഷ്ട്രീയം നോക്കാതെ ഇതിന് ലൈക്കും കമന്റും ഇട്ട പ്രമുഖർ നിരവധിയാണ്. കൊറോണയുടെ ഘാതകയെന്ന തലക്കെട്ടോടെ പ്രസിദ്ധീകരിച്ച അഭിമുഖത്തിൽ കേരളത്തിന്റെ റോക്ക് സ്റ്റാറെന്നാണ് ടീച്ചറെ വിശേഷിപ്പിച്ചിരിക്കുന്നത്.

മൂന്നരക്കോടി വരുന്ന കേരളീയരെ വൈറസിൽനിന്നും ടീച്ചർ സംരക്ഷിച്ചുനിർത്തുന്നതാണ്, ഇന്റർവ്യൂവിലൂടെ, ഗാർഡിയൻ ജേർണലിസ്റ്റായ ലോറ സ്പിന്നി ലോകത്തോടു പങ്കുവച്ചത്. കേവലം നാലുപേരുടെ മരണങ്ങളിൽ ഒതുക്കി, സമൂഹവ്യാപനമില്ലാതെ കേരളത്തിൽ കോവിഡിനെ പിടിച്ചു നിർത്തിയ രീതിയും അതിന് ആരോഗ്യമന്ത്രിയെന്ന നിലയിൽ ശൈലജ നൽകിയ നേതൃത്വവുമെല്ലാം റിപ്പോർട്ടിൽ വിശദമായുണ്ട്.

വ്യാഴാഴ്ച രാവിലെ പത്രത്തിന്റെ ഒദ്യോഗിക ഫെയ്സ്ബുക്ക് പേജിൽ പങ്കുവച്ച വാർത്തയുടെ ലിങ്കിന് ഇതിനോടകം ലഭിച്ച ലൈക്കുകൾ പതിനെണ്ണായിരത്തിന് അടുത്താണ്. ഒമ്പതിനായിരത്തി ഇരുന്നൂറിലധികം പേരാണ് ഈ ലിങ്ക് ഫെയ്സ്ബുക്കിൽ ഷെയർ ചെയ്തിരിക്കുന്നത്. വാർത്തവായിച്ച് കമന്റ് ചെയ്തിരിക്കുന്നവരും നാലായിരത്തി അഞ്ഞുറിലേറെപ്പേർ.

2018ൽ നിപ്പ വൈറസിനെ വരുതിയിലാക്കിയ ടീച്ചറുടെ വിജയകഥയും ഇപ്പോൾ കൊറോണയ്ക്കെതിരേ, പ്ലാൻ എയും ബിയും സിയുമായി നടത്തുന്ന പോരാട്ടവുമെല്ലാം വിവരിക്കുന്ന അഭിമുഖം, വിദേശികളേക്കാളും ലോകമെമ്പാടുമുള്ള മലയാളികൾതന്നെയാണ് ഏറ്റെടുത്ത് വൈറലാക്കിയിരിക്കുന്നത്. ഗാർഡിയനും ടീച്ചർക്കും ഇടതുസർക്കാരിനും ഒരുപോലെ ഗുണപ്രദമായ ഈ വാർത്തകൊണ്ട് ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിനു ലഭിച്ച മൈലേജും ചില്ലറയല്ല. ഇനിയും ഉണ്ടാകണം, ലോകത്തിനു കാട്ടിക്കൊടുക്കാൻ കേരളത്തിൽനിന്നും, ഇത്തരം, ഒട്ടേറെ മാതൃകകൾ.