തേനിയിലെ കൊരങ്ങിണി വനത്തില്‍ കാട്ടുതീയില്‍ മരണം ഒന്‍പത്. വനത്തിനുളളില്‍ നിന്ന് ഇന്ന് ഒരുമൃതദേഹം കൂടി കണ്ടെത്തി. പരുക്കേറ്റ 27 പേരില്‍ ഏതാനും പേരുടെ നില അതീവഗുരുതരമാണ്. പരുക്കേറ്റ മലയാളി ചികില്‍സയിലുണ്ട്. കാട്ടുതീ നിയന്ത്രണവിധേയമായി. മരിച്ചവര്‍ അഖില, പുനിത, ശുഭ അരുണ്‍, വിപിന്‍ വിവേക്, തമിഴ്സെല്‍വന്‍, ദിവ്യ , ഹേമലത എന്നിവരാണ്.
കൊരങ്ങിണി വനത്തില്‍ ആളിക്കത്തിയ കാട്ടുതീയില്‍പ്പെട്ടത് 26 സ്ത്രീകളടക്കം 39 പേരാണ്. പരുക്കേറ്റ് മധുരയിലെയും തേനി ബോഡി നായ്ക്കന്നൂരിലെയും ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടരാണ് മരിച്ചത്. ഇതില്‍ അഞ്ചുപേര്‍ സ്ത്രീകളാണ്. പരുക്കേറ്റ പത്തിലധികം പേര്‍ക്ക് അന്‍പത് ശതമാനത്തിലധികം പൊളളലേറ്റിട്ടുണ്ട്. ചെന്നൈ , ഈ റോഡ് സ്വദേശികളാണ് ദുരന്തത്തില്‍പ്പെട്ടവരിലേറെയും. കോട്ടയം പാലാസ്വദേശിനിയായ മീന ജോര്‍ജാണ് സംഘത്തിലുണ്ടായിരുന്ന മലയാളി. ഇവര്‍ മധുര മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്.
മരിച്ചവരുടെ മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനുേശഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു, പരുക്കേറ്റവര്‍ക്ക് സൗജന്യ ചികില്‍സയ്ക്കായി നടപടിയെടുത്തതായി തമിഴ്നാട് സര്‍ക്കാര്‍ അറിയിച്ചു. ഉപമുഖ്യന്ത്രി ഒ.പനീര്‍സെല്‍വം തേനിയില്‍ ക്യാംപ് ചെയ്ത് നടപടികള്‍ വിലയിരുത്തുന്നുണ്ട്. എല്ലാവരെയും കണ്ടെത്തായതോടെ പൊലീസും വനം, അഗ്നിശമന ഉദ്യോഗസ്ഥരും നാട്ടുകാരും നടത്തിവന്ന തിരച്ചില്‍ ഉച്ചയോടെ അവസാനിപ്പിച്ചു. വ്യോമസേനയുടെ നാല് ഹെലികോപ്റ്ററുകള്‍ തേനി കേന്ദ്രീകരിച്ച് തീയമയ്ക്കാനുളള ശ്രമം തുടരുകയാണ്.
കൃത്യമായ ആസൂത്രണമോ ഏകോപനമോ ഇല്ലാതെ നടത്തിയ ട്രെക്കിങ്ങാണ് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയത്. പ്രദേശത്ത് കാട്ടുതീയുണ്ടെന്ന അറിഞ്ഞിട്ടും സംഘത്തിന് പാസ് നല്‍കിയ വനംജീവനക്കാരുടെ വീഴ്ച മറച്ചുവയ്ക്കാനാകില്ല. തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് തേനിയിലെത്തിയവര്‍ അവിടെ ഒത്തുചേര്‍ന്നാണ് വനയാത്ര തുടങ്ങിയത്.
കൊരങ്ങിണി വനത്തില്‍ 39 പേരടങ്ങുന്ന രണ്ട് സംഘമാണ് വനയാത്ര നടത്തിയത്. സംഘത്തിന് വഴികാട്ടിയായി രണ്ടുപേരുണ്ടായിരുന്നുവെന്ന് പറയുന്നുണ്ടെങ്കിലും സ്ഥിരീകരണമില്ല. 12 പേരുടെ സംഘം മൂന്നാര്‍ –സൂര്യനെല്ലി വഴി കൊളുക്കുമലയിലെത്തി ക്യാംപുചെയ്തു. ബാക്കിയുളളവര്‍ കൊരങ്ങണിയില്‍നിന്ന് കയറി കൊളുക്കുമലയിലെത്തി. ഇവിടെ ഒത്തു ചേര്‍ന്ന സംഘം കൊരങ്ങിണിയിലേക്ക് തിരിച്ചിറങ്ങുമ്പോഴാണ് ദുരന്തം ആഞ്ഞടിച്ചത്. പരസ്പരം പരിചയമില്ലാത്തവരായിരുന്നു സംഘത്തിലേറെയും. രണ്ടോ മൂന്നോ സുഹൃത്തുക്കള്‍, കുട്ടികളടങ്ങുന്ന കുടുംബങ്ങള്‍ , ചിലരൊറ്റയ്ക്ക്, ഇങ്ങനെ ചിതറിയായിരുന്നു സംഘത്തിന്റെ നീക്കം. യാത്രയില്‍ അസ്വഭാവിക സാഹചര്യങ്ങളില്‍ എങ്ങനെ സുരക്ഷ തേടണം എന്നതില്‍ കൃത്യമായ ആസൂത്രണമോ ധാരണയോ ഉണ്ടായിരുന്നില്ല. ഇത്രവലിയ ദുരന്തം ആരും പ്രതീക്ഷിച്ചിരുന്നില്ലെന്നതാണ് വാസ്തവം.
ഇതിനാല്‍ തീ ആളിയടുത്തതോടെ സംഘം ചിതറിയോടി. കുന്നില്‍ ചരിവുകളില്‍ തീയാളിടുത്തതോടെ പലരും പകച്ചുപോയി. വഴിയറിയാതെയും പോളളലേറ്റും മുന്നോട്ട് നീങ്ങാനാവാതെ വന്നവരാണ് ദുരന്തത്തിനിരയായത്. ചിലര്‍ പാറയുടെ പുറകില്‍ അഭയം തേടി, ചിലര്‍ക്ക് വഴി കണ്ടെത്താനായത് രക്ഷയൊരുക്കി. ഞായറാഴ്ച രാവിലെ പുറപ്പെട്ട് ഇന്ന് മടങ്ങും പ്രകാരമാണ് യാത്ര തീരുമാനിച്ചിരുന്നത്. എന്നാല്‍ അപ്രതീക്ഷിത അഗ്നി താണ്ഡവം സാഹസികയാത്രയെ ദുരന്തയാത്രയാക്കി. ട്രെക്കിങ് സംഘത്തെ ഏകോപിച്ചതാരെന്നത് ഇപ്പോഴും വ്യക്തമായിട്ടില്ല. ചെന്നൈ ട്രെക്കിങ് ക്ലബ് വനിത സംഘത്തെ മേഖലയില്‍ കൊണ്ടുവന്നിരുന്നതായി പറയുന്നു. എന്നാല്‍ ദുരന്തത്തില്‍പ്പെട്ടവരെല്ലാം ചെന്നൈ ക്ലബുമായി ബന്ധപ്പെട്ടാണോ വന്നതെന്നും വ്യക്തമല്ല. ജാഗ്രതപുലര്‍ത്തേണ്ട വനംവകുപ്പ് ഉദ്യോഗസ്ഥരുടെ അലംഭാവവും ദുരന്തത്തിന് വഴിയൊരുക്കി.
Leave a Reply