ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിലെ ഏകദേശം 22,000 വിദ്യാർത്ഥികളെ ബാധിക്കുന്ന വിദ്യാർത്ഥി വായ്പാ വിവാദത്തിൽ ഒൻപത് സർവകലാശാലകൾ സർക്കാരിനെതിരെ നിയമനടപടി ആരംഭിച്ചു. വാരാന്ത്യ ക്ലാസുകൾ എടുത്ത വിദ്യാർത്ഥികൾക്ക് അനുവദിച്ച മെന്റനൻസ് ലോൺ, ട്യൂഷൻ ഫീസ്, ചിലർക്കുള്ള ചൈൽഡ്‌കെയർ ഗ്രാന്റ് എന്നിവ “തെറ്റായി നൽകിയതാണ്” എന്ന് പറഞ്ഞ് ഉടൻ തിരിച്ചടയ്ക്കണമെന്ന് അറിയിപ്പുകൾ ലഭിച്ചതോടെയാണ് പ്രശ്നം രൂക്ഷമായത്. മൂന്ന് വർഷത്തെ കോഴ്‌സ് പൂർത്തിയാക്കാൻ പോകുന്ന വിദ്യാർത്ഥികൾക്കുപോലും അപ്രതീക്ഷിതമായി ഇത്തരമൊരു നോട്ടീസ് ലഭിച്ചതോടെ ആശങ്കയും സാമ്പത്തിക ബുദ്ധിമുട്ടും വർധിച്ചു. സാധാരണയായി വരുമാനത്തിന്റെ 9% വീതം വർഷങ്ങളായി അടയ്ക്കേണ്ട വായ്പകൾ ഇപ്പോൾ “വേഗത്തിലുള്ള തിരിച്ചടവ്” രീതിയിലേക്ക് മാറുമെന്നതാണ് ആശങ്ക.

ബാത് സ്‌പാ, സൗത്താംപ്ടൺ സോളന്റ്, ലണ്ടൻ മെട്രോപൊളിറ്റൻ എന്നിവ ഉൾപ്പെടെ ചില സർവകലാശാലകൾ തീരുമാനം “അപ്രതീക്ഷിതവും അന്യായവുമാണ്” എന്ന് ആരോപിച്ചു. നേരിട്ട് ക്ലാസ് നടക്കുന്ന വാരാന്ത്യ കോഴ്‌സുകളെ വിദൂര വിദ്യാഭ്യാസമായി തരംതിരിക്കുന്നത് “സാധാരണ ബുദ്ധിക്ക് വിരുദ്ധം” ആണെന്നും അവർ വ്യക്തമാക്കി. പ്രത്യേകിച്ച് സാമ്പത്തികമായി പിന്നാക്ക വിഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് ഇത് വലിയ തിരിച്ചടിയാണെന്ന് സർവകലാശാലകളും നാഷണൽ യൂണിയൻ ഓഫ് സ്റ്റുഡന്റ്സും ചൂണ്ടിക്കാട്ടി. വിദ്യാർത്ഥികളുടെ വിശ്വാസം തകർന്നതായി പറഞ്ഞ എൻയുഎസ്, അടിയന്തര തിരിച്ചടവ് നടപടി നിർത്തിവയ്ക്കാൻ സർക്കാരിനോട് ആവശ്യപ്പെട്ടു.

അതേസമയം, നിയമങ്ങൾ പാലിക്കാത്തതോ സംവിധാനത്തിന്റെ ദുരുപയോഗമോ ആണ് പ്രശ്നത്തിന് കാരണം എന്ന് സർക്കാർ പ്രതികരിച്ചു. 2011 മുതൽ നിലവിലുള്ള ചട്ടങ്ങൾ അനുസരിച്ച് കോഴ്‌സുകളുടെ യോഗ്യത ശരിയായി ഉറപ്പാക്കേണ്ടത് സർവകലാശാലകളുടെ ഉത്തരവാദിത്വമാണെന്നും സ്റ്റുഡന്റ് ലോൺസ് കമ്പനി വ്യക്തമാക്കി. വിഷയത്തിൽ കൂടുതൽ കർശന നിയന്ത്രണങ്ങൾ കൊണ്ടുവരാനും 300ൽ കൂടുതൽ വിദ്യാർത്ഥികളുള്ള സ്വകാര്യ കോളേജുകൾ നിയന്ത്രണ ഏജൻസിയുടെ പരിധിയിൽ വരുത്താനും സർക്കാർ പദ്ധതിയിടുന്നു. വിദ്യാർത്ഥികൾക്ക് അനീതിയുണ്ടാകാതിരിക്കാനും ആവശ്യമായിടത്ത് സാമ്പത്തിക സഹായമോ നഷ്ടപരിഹാരമോ നൽകണമെന്നും ആണ് പൊതുവായി ഉയർന്ന് വന്നിരിക്കുന്ന നിർദ്ദേശങ്ങൾ .











Leave a Reply