പാലാ സെന്റ് തോമസ് കോളേജിൽ (St Thomas College Pala) നടന്ന ക്രൂരമായ കൊലപാതകം (Murder) നേരിൽ കണ്ടത് കോളേജിലെ സെക്യൂരിറ്റി ജീവനക്കാരൻ (Security Staff) ജോസ്. കൂത്താട്ടുകുളം സ്വദേശി അഭിഷേക് തലയോലപ്പറമ്പ് സ്വദേശിയായ നിതിനയുടെ (Nithinamol) കഴുത്തിൽ വെട്ടുന്നത് കണ്ടെന്നും ഭയന്നുപോയെന്നുമാണ് ഇദ്ദേഹത്തിന്റെ മൊഴി. വിവരം താൻ അപ്പോൾ തന്നെ പ്രിൻസിപ്പലിനെ അറിയിച്ചെന്നും ഇദ്ദേഹം പൊലീസിനോടു പറഞ്ഞു.

മൂന്നാം വർഷ ഫുഡ് ടെക്നോളജി വിദ്യാർത്ഥികളായ അഭിഷേകും നിതിനയും പരീക്ഷയെഴുതാൻ വന്നതായിരുന്നു. പരീക്ഷയ്ക്ക് ശേഷം രണ്ടുപേരും കോളേജ് ഗ്രൗണ്ടിൽ നിൽക്കുന്നത് പലരും കണ്ടിരുന്നു. പിന്നീട് പെൺകുട്ടി വീണ് കിടക്കുന്നത് കണ്ട് ഇവിടേക്ക് രണ്ട് കുട്ടികൾ വന്നു. അപ്പോഴാണ് മുറിവേറ്റ് രക്തംവാർന്നുപോകുന്ന നിലയിൽ നിതിനയെ കണ്ടത്.

ഇരുവരും സംസാരിച്ച് നിൽക്കുന്നതും പിന്നീട് അഭിഷേക് കത്തി ഉപയോഗിച്ച് നിതിനയുടെ കഴുത്തിൽ വെട്ടുന്നതും താൻ കണ്ടുവെന്ന നിർണായക മൊഴിയാണ് കോളേജിലെ സെക്യൂരിറ്റി ജീവനക്കാരൻ നൽകിയിരിക്കുന്നത്. ‘അവര് ഗ്രൗണ്ടിൽ നിൽക്കുകയായിരുന്നു. ഇരുവരും തമ്മിൽ തർക്കം നടക്കുന്നത് കണ്ടാണ് അങ്ങോട്ടെക്ക് നടന്നത്. പെട്ടെന്നാണ് പയ്യൻ പെൺകുട്ടിയുടെ തലയ്ക്ക് പിന്നിൽ ഇടിച്ചത്. മുട്ടുകുത്തി വീണ കൊച്ചിനെ അവൻ മുടിക്ക് കുത്തിപ്പിടിച്ചു. പിന്നെ കാണുന്നത് കഴുത്തിൽ നിന്ന് ചോര ചീറ്റുന്നതാണ്. ഞാൻ ഭയന്നുപോയി. അപ്പോഴാണ് രണ്ട് ആൺപിള്ളേര് ചേട്ടാ അവനെ വിടരുത് അവനാ കൊച്ചിനെ വെട്ടിയെന്ന് പറഞ്ഞത്. പക്ഷെ അവൻ രക്ഷപ്പെടാൻ നോക്കിയില്ല. അവിടെ തന്നെ നിന്നു. ഞാൻ പ്രിൻസിപ്പലിനെ വിളിച്ചു,’- ജോസ് പറഞ്ഞു.

കൊലപാതകത്തിന് പിന്നില്‍ പ്രണയത്തകര്‍ച്ചയെന്ന് പ്രതി അഭിഷേകിന്റെ മൊഴി. ഇരുവരും രണ്ട് വര്‍ഷമായി പ്രണയത്തിലായിരുന്നുവെന്നും അടുത്തിടെ അകല്‍ച്ച കാണിച്ചത് വൈരാഗ്യത്തിന് കാരണമായെന്നും അഭിഷേക് മൊഴി രേഖപ്പെടുത്തി. നിതിനയെ കൊലപ്പെടുത്തണമെന്ന് ഉദ്ദേശിച്ചിരുന്നില്ല. ആയുധം കൊണ്ടുവന്നത് സ്വയം കൈ ഞരമ്പ് മുറിച്ച് പേടിപ്പിക്കാനെന്നും അഭിഷേക് പോലീസിന് മൊഴി നല്‍കി.

പാലാ സെന്റ് തോമസ് കോളേജില്‍ പരീക്ഷയ്ക്ക് എത്തിയ വിദ്യാര്‍ഥിനിയെയാണ് സഹപാഠി കഴുത്തറത്ത് കൊലപ്പെടുത്തിയത്. വൈക്കം, തലയോലപ്പറമ്പ് സ്വദേശിനി കളപ്പുരക്കല്‍ വീട്ടില്‍ നിതിന മോളാണ് (22) കൊല്ലപ്പെട്ടത്. വൈക്കം സ്വദേശി അഭിഷേക് ആണ് ആക്രമണം നടത്തിയത്. മൂന്നാം വര്‍ഷ ഫുഡ് പ്രോസസിങ് ടെക്‌നോളജി വിദ്യാര്‍ഥികളാണ് ഇരുവരും.

വെള്ളിയാഴ്ച കാലത്ത് 11.30 ഓടെയാണ് സംഭവം. പേപ്പര്‍കട്ടര്‍ ഉപയോഗിച്ചാണ് അഭിഷേക് കൊല നടത്തിയതെന്നാണ് കോട്ടയം എസ്പി ശില്‍പയുടെ പ്രതികരണം. കൊലപാതകത്തിന് മുമ്പ് ഇരുവരും തമ്മില്‍ ബലപ്രയോഗം നടന്നിട്ടുണ്ടോയെന്ന് അറിയില്ല, അന്വേഷണം നടക്കുകയാണെന്ന് എസ്പി പറഞ്ഞു.

അഭിഷേകും നിതിനയും നേരത്തെ പറഞ്ഞുവെച്ചത് പോലെ പരീക്ഷ കഴിഞ്ഞ് ഒരേ സമയത്ത് ഇറങ്ങുകയായിരുന്നു. ഇരുവരും തമ്മില്‍ നേരത്തേ പ്രശ്‌നങ്ങളുണ്ടായിരുന്നതായും, അത് സംസാരിച്ച് പരിഹരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഒരേ സമയം ഇറങ്ങിയതെന്നുമാണ് പോലീസ് അനുമാനിക്കുന്നത്. നിധിനക്ക് 22 വയസും അഭിഷേകിന് 20 വയസുമാണ് ഉണ്ടായിരുന്നത്.

പെണ്‍കുട്ടിയുടെ വീട്ടില്‍ ഇതുകൊണ്ട് കല്യാണത്തിന് സമ്മതിക്കില്ലെന്ന പേടി അഭിഷേകിനെ അലട്ടിയിരുന്നു. ഇതിന്റെ പേരിലായിരുന്നു ഇരുവരും തമ്മിലുള്ള വാക്കുതര്‍ക്കം. ഇക്കാര്യം സംസാരിച്ച് പരിഹരിക്കാന്‍ പരീക്ഷ കഴിഞ്ഞ് ഇറങ്ങിയ ഇരുവരും ഗ്രൌണ്ടിലൂടെ നടക്കുകയായിരുന്നു. ഇരുവരും തമ്മില്‍ ഉണ്ടായിരുന്ന പ്രശ്‌നം സംസാരിച്ച് പരിഹരിക്കാന്‍ കഴിയാതെ വന്നതോടെ അഭിഷേക് പെണ്‍കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്.