തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് സംബന്ധിച്ച് വ്യക്തമായ മുന്നറിയിപ്പ് നേരത്തേ ലഭിച്ചിരുന്നില്ലെന്ന് മുഖ്യമന്ത്രി. 29-ാം തിയതി വ്യക്തമായ മുന്നറിയിപ്പ് ലഭിച്ചില്ല. അന്ന് 2.30ന് മത്സ്യത്തൊഴിലാളികള്‍ക്കുള്ള മുന്നറിയിപ്പ് മാത്രമാണ് ലഭിച്ചത്. ന്യൂനമര്‍ദ്ദം ശക്തമാകുമെന്ന് മാത്രമായിരുന്നു അറിയിപ്പ്. നവംബര്‍ 30നാണ് ചുഴലിക്കാറ്റ് സംബന്ധിച്ച സന്ദേശം ലഭിച്ചത്. ഇത് ലഭിച്ചയുടന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇത് നല്‍കുന്നതിനു മുമ്പ് തന്നെ തൊഴിലാളികള്‍ കടലില്‍ പോയിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചുഴലിക്കാറ്റ് സംബന്ധിച്ച് ഇമെയില്‍ വഴിയോ ഫോണിലൂടെയോ മുന്നറിയിപ്പ് ലഭിച്ചിരുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനം അപ്രതീക്ഷിതമായ ദുരന്തമാണ് നേരിട്ടത്. ചുഴലിക്കാറ്റ് മുന്നറിയിപ്പ് ലഭിച്ചതിനു ശേഷം ഒരു നിമിഷം പോലും പാഴാക്കിയില്ല. ഇതിനു പിന്നാലെ എല്ലാ സേനാ വിഭാഗങ്ങളെയും വിവരം അറിയിച്ചു. ഉടന്‍ തന്നെ ഇവര്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചതായും മന്ത്രിസഭാ യോഗത്തിനു ശേഷം മുഖ്യമന്ത്രി വ്യക്തമാക്കി.
ഇത്രയും ശക്തമായ ദുരന്തം ആദ്യമായാണ് സംസ്ഥാനത്ത് ഉണ്ടാകുന്നത്. ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 20 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കും. കടലില്‍ പോകാന്‍ കഴിയാത്ത വിധം പരിക്കേറ്റവര്‍ക്ക് 5 ലക്ഷം വീതവും നല്‍കും. ഒരു മാസത്തേക്ക് സൗജന്യ റേഷന്‍ നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
Leave a Reply