ഇത്തവണത്തെ തിരുവോണം ബംബര്‍ ഒന്നാം സമ്മാനമായ 25 കോടി രൂപ ലഭിച്ചത് ഓട്ടോ ഡ്രൈവറായ ശ്രീവരാഹം സ്വദേശി ബി അനൂപിനായിരുന്നു. വിജയിയായതോടെ സന്തോഷം കൊണ്ട് മതിമറന്ന് എത്തിയ അനൂപിനേയും കുടുംബത്തേയും മലയാളികള്‍ക്ക് മറക്കാനാകില്ല. എന്നാല്‍ ജീവിതത്തില്‍ വന്ന ഈ സൗഭാഗ്യം വലിയ തലവേദനയായിരിക്കുകയാണ് അനൂപിനും കുടുംബത്തിനും.

അനൂപിന് വീട്ടില്‍ കയറാന്‍ പോലും സാധിക്കാത്ത അവസ്ഥയിലാണ് ഇപ്പോള്‍ സമാധാനം ഇല്ലാതെ പണം കിട്ടിയ പോലെയായി. ഒരു ഭാഗത്തുനിന്ന് ബാങ്കുകാരും മറുഭാഗത്തുനിന്ന് ദാരിദ്ര്യം പറഞ്ഞു വരുന്നവരും ഉണ്ടെന്നാണ് അനൂപും കുടുംബവും പറയുന്നത്. കേരളത്തില്‍ നിന്നും, ചെന്നൈയില്‍ നിന്നു പോലും സഹായം ചോദിച്ചു വരുന്നവരുണ്ട്. രണ്ടു കോടി, മൂന്നു കോടി കൊടുത്തു കഴിഞ്ഞാല്‍ സിനിമ പ്രൊഡ്യൂസ് ചെയ്യിപ്പിക്കാം, അഭിനയിപ്പിക്കാം എന്നൊക്കെ പറഞ്ഞു വരുന്നവരും ഉണ്ടെന്നും ഇവര് പറയുന്നു.

എല്ലാവരും ഡിമാന്റ് ചെയ്യുകയാണ്, ചോദിക്കുന്നതു പോലെയല്ല. എനിക്കൊരു 25 ലക്ഷം തരണം, 30 ലക്ഷം വേണം എന്നൊക്കെയാണ് പറയുന്നത്. ഇത്ര രൂപ തരണം, ഞാനിത് വാങ്ങിച്ചു കൊണ്ടേ പോകൂ എന്നൊക്കെയാണ് പറയുന്നത്. കിട്ടിയ പണം മുഴുവനും കൊടുത്തു കഴിഞ്ഞാല്‍ നാളെ അവര്‍ തന്നെ വന്നു പറയും ഇവര്‍ പണം മുഴുവനും ധൂര്‍ത്തടിച്ചു കളഞ്ഞുവെന്നും അനൂപ് പറയുന്നു.

ഇപ്പോള്‍ ചേട്ടനു വീട്ടിനകത്തോട്ടു വരാന്‍ പറ്റുന്നില്ല. ആളുകളോട് പറഞ്ഞു മടുത്തു. എല്ലാ ജില്ലകളില്‍ നിന്നും ആളുകള്‍ വരുന്നുണ്ട്. എണ്ണാന്‍ പറ്റുന്നില്ല, അത്രയ്ക്ക് തിരക്കാണ്. രാവിലെ അഞ്ചു മണി തൊട്ട് രാത്രി വരെ തിരക്കാണ്. ദൈവമേ ലോട്ടറി അടിച്ചത് അടിച്ചു, ഇത്രയും ബുദ്ധിമുട്ട് എന്തിന് ഉണ്ടാക്കിയെന്നാണ് ഗര്‍ഭിണി കൂടിയായ അനൂപിന്റെ ഭാര്യ മായ ചോദിക്കുന്നത്.