ന്യൂസ് ഡെസ്ക് മലയാളം യുകെ

ചൈനയ്ക്ക് വേണ്ടി ചാരവൃത്തി നടത്തിയെന്ന് സംശയിക്കുന്ന ഒരു പാർലമെന്ററി ഗവേഷകനെ അറസ്റ്റ് ചെയ്തത് യുകെയുടെ വരാനിരിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉച്ചകോടിയിലേയ്ക്ക് ചൈനയെ ക്ഷണിക്കുന്നത് തടയില്ല എന്ന് പ്രധാന മന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഈ ശരത്കാലത്തിലെ ആദ്യ ലോക ഉച്ചകോടിയിൽ പങ്കെടുക്കുന്നതിൽ നിന്ന് ചൈനയെ നിരോധിക്കണമെന്ന ആവശ്യം ശക്തമായിരുന്നു. എന്നാൽ AI പോലുള്ള വിഷയങ്ങളിൽ യുകെയ്‌ക്ക് വേണ്ടി ചൈനയുമായി ചർച്ചകൾ നടത്തേണ്ടതുണ്ടെന്ന് ഡൗണിംഗ് സ്ട്രീറ്റ് പ്രതികരിച്ചു.

കാലാവസ്ഥാ വ്യതിയാനം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ വിഷയങ്ങളിൽ ചൈനയുമായി യുകെ ചർച്ച നടത്തുന്നത് പരിഗണിച്ചാണ് ഈ നീക്കമെന്ന് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വക്താവ് അറിയിച്ചു. നവംബറിൽ, സാങ്കേതികവിദ്യയുടെ ഉയർച്ചയുടെ അപകടസാധ്യത ചർച്ച ചെയ്യുന്നതിനും ആഗോള സുരക്ഷാ നടപടികളെ അംഗീകരിക്കുന്നതിനുമായി ബ്രിട്ടൻ വിവിധ രാജ്യങ്ങളുമായുള്ള ഒരു പ്രധാന മീറ്റിംഗിന് ആതിഥേയത്വം വഹിക്കും. AI യുടെ ദ്രുതഗതിയിലുള്ള മുന്നേറ്റം നിലവിലെ പ്രവർത്തന രീതികളെയും സുരക്ഷാ സംവിധാനങ്ങളെയും ഇല്ലാതാക്കുമോ എന്ന ആശങ്കയ്ക്ക് പിന്നാലെയാണ് പ്രധാനമന്ത്രി ഉച്ചകോടി പ്രഖ്യാപിച്ചത്.

ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ ചൈനയെ ക്ഷണിക്കണമോ എന്ന ചോദ്യത്തിന് ബിസിനസ് സെക്രട്ടറി കെമി ബാഡെനോക്ക് പ്രധാനമന്ത്രി എടുക്കേണ്ട തീരുമാനമാണതെന്ന് പ്രതികരിക്കുകയാണ് ഉണ്ടായത്. യുകെ തീർച്ചയായും ചൈനയെ ശത്രുവായി വിശേഷിപ്പിക്കേണ്ടതില്ലെന്നും അവർ കൂട്ടി ചേർത്തു