ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : എൻഎച്ച്എസ് ഔദ്യോഗിക മാർഗ്ഗനിർദ്ദേശത്തിൽ നിന്ന് ‘സ്ത്രീ’, ‘സ്ത്രീകൾ’ എന്നീ പദങ്ങൾ ഒഴിവാക്കി. ആർത്തവവിരാമ മാർഗ്ഗനിർദ്ദേശത്തിലാണ് ഏറ്റവും പ്രധാനപ്പെട്ട പദം അപ്രത്യക്ഷമായത്. ഈ നീക്കത്തെ ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദ് അപലപിച്ചു. ആളുകൾക്ക് ഏറ്റവും മികച്ച പരിചരണം നൽകുന്നതിന് കൃത്യമായ ഭാഷയിലുള്ള വിവരങ്ങൾ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ആർത്തവവിരാമത്തെക്കുറിച്ചുള്ള ഔദ്യോഗിക മാർഗനിർദേശം മെയ്‌ 17നാണ് തിരുത്തിയത്. ലിംഗഭേദം ഒഴിവാക്കിയുള്ള ആരോഗ്യ മാർഗനിർദേശങ്ങൾ ആളുകളെ തെറ്റിദ്ധരിപ്പിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടി.

നേരത്തെ, വെബ് പേജിൽ സ്ത്രീകളെ ആറ് തവണ പരാമർശിച്ചിരുന്നു. എന്നാൽ പുതിയ പതിപ്പിൽ ഒരിടത്ത് പോലും സ്ത്രീ എന്ന പദമില്ല. അതും ആർത്തവവിരാമത്തെകുറിച്ചുള്ള ഔദ്യോഗിക മാർഗനിർദേശത്തിൽ. “ഹോർമോണിന്റെ അളവ് കുറയുന്നതിലൂടെ നിങ്ങളുടെ ആർത്തവം നിലയ്ക്കുന്നതിനെയാണ് ആർത്തവവിരാമം എന്ന് പറയുന്നത്” – പുതിയ വെബ് പേജിൽ ഇത്തരം വിവരങ്ങളാണ് ഉൾകൊള്ളിച്ചിരിക്കുന്നത്. എൻഎച്ച്എസിന്റെ ജൻഡർ ന്യൂട്രൽ ഭാഷ ഒട്ടേറെ പേരെ ആശയക്കുഴപ്പത്തിലാക്കുമെന്ന് സാജിദ് ജാവിദ് പറഞ്ഞു.

അണ്ഡാശയ അർബുദത്തെ കുറിച്ചുള്ള വെബ്‌പേജിൽ നിന്നും ‘സ്ത്രീ’ ഒഴിവാക്കപ്പെട്ടു. ഇതിനോട് തനിക്ക് യോജിപ്പില്ലെന്ന് മന്ത്രി ആവർത്തിച്ച് പറഞ്ഞു. ആർത്തവവിരാമം ഒരു സ്വാഭാവിക പ്രതിഭാസമാണ്. നാല്പതുകളുടെ അവസാനത്തിൽ ഓരോ സ്ത്രീയിലും ഇത് സംഭവിക്കുന്നു. ഇത് ജീവശാസ്ത്രപരമായ ഒരു പ്രക്രിയയാണ്. ആർത്തവ വിരാമത്തിൻ്റെ തുടക്കത്തിൽ ചെറിയ അളവിൽ ഈസ്ട്രജനും പ്രോജസ്റ്ററോൺ ഹോർമോണുകളും ശരീരം ഉത്പാദിപ്പിക്കുകയും, ഒടുവിൽ അവയുടെ ഉത്പാദനം നിർത്തുകയും ചെയ്യുന്നു. ഇത്തരം വിവരങ്ങളാണ് വ്യക്തമല്ലാത്ത ഭാഷയിൽ എൻഎച്ച്എസിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രത്യക്ഷപ്പെട്ടത്.