എറണാകുളം വാഴക്കാലയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കന്യാസ്ത്രീയുടെ പോസ്റ്റുമോർട്ടത്തിൽ മുങ്ങി മരണത്തിന്‍റെ സൂചനകൾ. ശരീരത്തിൽ പരുക്കുകളോ, ബലപ്രയോഗത്തിന്‍റെ ലക്ഷണങ്ങളോ ഇല്ല. കേസ് അന്വേഷണം തുടരുകയാണെന്ന് വ്യക്തമാക്കിയ പൊലീസ് ആന്തരികാവയവങ്ങളുടെ രാസപരിശോധന ഫലത്തിനായി കാത്തിരിക്കുകയാണ്.

കഴിഞ്ഞ ദിവസമാണ് വാഴക്കാല സെന്‍റ് തോമസ് കോൺവെന്‍റിലെ സിസ്റ്റർ ജസീനയുടെ മൃതദേഹം കോൺവെന്റിനു സമീപമുള്ള പാറമടയിൽ കണ്ടെത്തിയത്. കളമശ്ശേരി മെഡിക്കൽ ഇൻക്വസ്റ്റിനു ശേഷം വൈകിട്ടടെയാണ് കളമശേരി മെഡിക്കൽ കോളജിൽ പോസ്റ്റ്‌മോർട്ടം പൂർത്തിയായത്. മൃതദേഹത്തിൽ പരിക്കുകളോ, ബല പ്രയോഗത്തിന്‍റെ ലക്ഷണങ്ങളോ ഇല്ല. മുങ്ങിമരണത്തിന്‍റെ സൂചനകളാണ് പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തിയത്. എന്നാൽ ഇത് അന്തിമ റിപ്പോർട്ട് അല്ലെന്നും ആന്തരിക അവയവങ്ങളുടെ രാസപരിശോധ ഫലം വന്ന ശേഷമെ മരണകാരണത്തിൽ വ്യക്തത വരൂയെന്നും പൊലീസ് പറഞ്ഞു

വർഷങ്ങളായി ഉപയോഗശൂന്യമായി കിടക്കുന്ന പാറമട പായൽ നിറഞ്ഞതാണ്. കോൺവെന്‍റിനു പിൻവശത്തെ പൊളിഞ്ഞ മതില് കടന്നാണ് സിസ്റ്റർ ജസീന കുളത്തിലെത്തിയതെന്നാണ് കരുതുന്നു. പോലീസും ഫോറെൻസിക്ക് വിദഗ്ധരും ഇവിടമാകെ പരിശോധന നടത്തി. സിസ്റ്റർ ജസീന വിഷാദരോഗത്തിന് ചികിത്സയിലായിരുന്നുവെന്ന മഠം അധികൃതരുടെ മൊഴിയും പരിശോധിക്കുന്നുണ്ട്.

സിസ്റ്റർ ജസീന ചികിത്സ തേടിയ കൊച്ചിയിലെ ആശുപത്രിയിൽ നിന്ന് പൊലീസ് രേഖകൾ ശേഖരിച്ചു. 2004ൽ മധ്യപ്രദേശിലെ ഉജ്ജൈനിൽ ജോലി ചെയ്യവേ സഹപ്രവർത്തകയുടെ അപകടമരണം നേരിൽ കണ്ടത് മുതൽ മാനസിക പ്രശ്നങ്ങൾ അലട്ടിയിരുന്നുവെന്ന് കോൺവന്റ് അധികാരികൾ പോലീസിനോട് പറഞ്ഞു.സിസ്റ്ററിന്‍റെ ബന്ധുക്കളിൽ നിന്നും മൊഴിയെടുത്തു. കഴിഞ്ഞ ദിവസം ഫോണിൽ സംസാരിച്ചതായിരുന്നു എന്നും പ്രായസങ്ങൾ ഒന്നും പങ്കുവച്ചില്ലന്നും പറഞ്ഞ ബന്ധുക്കൾ ആത്മഹത്യയെന്ന് വിശ്വസിക്കുന്നില്ല. പോസ്റ്റ്‌മോർട്ടത്തിനു ശേഷം കോൺവെന്റിൽ എത്തിച്ച മൃതദേഹത്തിൽ നിരവധി പേരാണ് അന്തിമോപചാരം അർപ്പിച്ചത്. മൃതദേഹം വഴക്കാല സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു