ലണ്ടന്‍: എന്‍എച്ച്എസ് വിന്റര്‍ പ്രതിസന്ധി രൂക്ഷമായതോടെ 999 കോളുകള്‍ സ്വീകരിക്കാന്‍ നഴ്‌സുമാരെയും ജിപിമാരെയും നിയോഗിക്കുന്നു. നോര്‍ത്ത് ഈസ്റ്റിലെ എന്‍എച്ച്എസ് നേതൃത്വമാണ് ഈ നിര്‍ദേശം നല്‍കിയിരിക്കുന്നത്. വീടുകളിലും മറ്റുമുള്ള രോഗികളുടെ കോളുകള്‍ ഇവര്‍ സ്വീകരിക്കാനാണ് നിര്‍ദേശം. ആംബുലന്‍സുകള്‍ എത്താന്‍ വൈകുകയാണെങ്കില്‍ മോര്‍ഫീന്‍ ഉള്‍പ്പെടെയുള്ള പെയിന്‍ കില്ലറുകള്‍ നിര്‍ദേശിക്കാന്‍ കഴിയുമെന്നതിനാലാണ് ഈ പദ്ധതിക്ക് എന്‍എച്ച്എസ് നേതൃത്വം അംഗീകാരം നല്‍കിയിരിക്കുന്നത്.

പ്രായമുള്ളവരെ ലക്ഷ്യമിട്ടാണ് ഈ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. വിന്ററായതോടെ ഒട്ടേറെ കോളുകളാണ് 999ലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. അവക്കിടയില്‍ അസ്ഥികള്‍ക്ക് പൊട്ടല്‍ സംഭവിച്ചതുള്‍പ്പെടെയുള്ള പരിക്കുകളുമായി വിളിക്കുന്ന മുതിര്‍ന്ന പൗരന്‍മാര്‍ക്ക് പരമാവധി ശ്രദ്ധ കൊടുക്കുന്നതിനായാണ് നഴ്‌സുമാര്‍ക്കും ജിപിമാര്‍ക്കും നല്‍കിയിരിക്കുന്ന നിര്‍ദേശം. എന്നാല്‍ ഈ പദ്ധതി രോഗികള്‍ക്ക് ദോഷകരമാകുമെന്നാണ് മുതിര്‍ന്ന ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നത്.

പാരാമെഡിക്കുകള്‍ ചെയ്യുന്നത് പോലെ സാഹചര്യങ്ങള്‍ക്കനുസരിച്ച് നടപടികള്‍ സ്വീകരിക്കാന്‍ എല്ലാ നഴ്‌സുമാര്‍ക്കും കഴിഞ്ഞെന്ന് വരില്ലെന്നാണ് ഒരു വിമര്‍ശനം. മോര്‍ഫീന്‍ പോലെയുള്ള വേദനാ സംഹാരികള്‍ ഫോണിലൂടെ നിര്‍ദേശിക്കാന്‍ കഴിയില്ല. തുടര്‍ച്ചയായുള്ള നിരീക്ഷണവും ഓക്‌സിജന്‍ നല്‍കാനുള്ള സൗകര്യവും ഉണ്ടെങ്കില്‍ മാത്രമേ മോര്‍ഫീന്‍ നല്‍കാവൂ എന്നാണ് ചട്ടം. വീടുകളില്‍ ഈ സൗകര്യങ്ങള്‍ ഉണ്ടാവില്ല എന്നതിനാല്‍ത്തന്നെ ഫോണിലൂടെ മോര്‍ഫീന്‍ പോലെയുള്ള മരുന്നുകള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കുന്നത് സുരക്ഷിതമായിരിക്കില്ല എന്നാണ് വിശദീകരിക്കപ്പെടുന്നത്.