ജൂണ്‍ 18 മുതല്‍ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാര്‍ നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന പണിമുടക്കിന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിക്കുന്നുവെന്ന് ആം ആദ്മി പാര്‍ട്ടി. 2013 ല്‍ സര്‍ക്കാര്‍ നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ട് അനുസരിച്ച് നല്‍കേണ്ട കുറഞ്ഞ കൂലി 80% ആശുപത്രികളും ഇപ്പോഴും നടപ്പിലാക്കിയിട്ടില്ല. ഇത് സര്‍ക്കാറിന്റെ വാഗ്ദാനങ്ങളുടെ പരസ്യമായ ലംഘനമാണ്. മിനിമം കൂലിയും ജോലി സ്ഥിരതയും ഉറപ്പാക്കുന്നതിന് വേണ്ടി അഖിലേന്ത്യാ തലത്തില്‍ സമരം നടത്തുന്ന ഇടത് പക്ഷമാണ് ഇപ്പോള്‍ കേരളം ഭരിക്കുന്നത്. അവര്‍ക്ക് പോലും ഇത് നടപ്പാക്കാന്‍ കഴിയില്ലെങ്കില്‍ പിന്നെ ആര്‍ക്കാണ് ഇത് സാധ്യമാവുകയെന്ന് ആംആദ്മി പാര്‍ട്ടി ചോദിച്ചു.

ഇക്കാര്യത്തില്‍ അസോസിയേഷനെ പിന്താങ്ങുന്ന ശക്തമായ സുപ്രീംകോടതി വിധി ഉണ്ട്. കേന്ദ്ര സര്‍ക്കാറും മിനിമം വേതനം നടപ്പാക്കണം എന്ന് ആവശ്യപ്പെട്ട് കൃത്യമായ ചില നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഇന്ത്യക്ക് ആകെ മാതൃകയായി ദില്ലിയിലെ സര്‍ക്കാര്‍ നഴ്‌സുമാര്‍ അടക്കമുള്ള എല്ലാവര്‍ക്കും മിനിമം വേതനത്തിന് നിയമം പസ്സാക്കിയിട്ടുണ്ട്. സമരം ദുര്‍ബ്ബലപ്പെടുത്തുന്നതിന് വേണ്ടി പല രീതിയില്‍ ഉള്ള തന്ത്രങ്ങള്‍ ആണ് സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകള്‍ സ്വീകരിക്കുന്നത്.

നഴ്‌സുമാരെ സ്ഥിരപ്പെടുത്താതെ മിക്കപ്പോഴും പുതിയ ആളുകളെ എടുത്ത് ട്രെയിനി എന്ന പേരില്‍ നിയമിക്കുകയും അവര്‍ക്ക് എല്ലാ ആനുകൂല്യങ്ങളും നിഷേധിക്കുകയും ചെയ്യുന്നു. സമരത്തെ സഹായിക്കുന്നു എന്നതിനാല്‍ പുരുഷ നഴ്‌സുമാരെ തൊഴിലില്‍ നിന്നും പൂര്‍ണ്ണമായും ഒഴിവാക്കുന്നു. 2010-2011 ല്‍ 2000 ത്തില്‍ അധികം പുരുഷ നഴ്‌സുമാര്‍ കേരളത്തില്‍ ഉണ്ടായിരുന്നു എങ്കില്‍ ഇപ്പോള്‍ കേവലം 50ല്‍ താഴെ മാത്രമാണ് അവരുള്ളത്. വളരെ കുറച്ചു നഴ്‌സുമാരെ മാത്രം സ്റ്റാഫ് നഴ്‌സ് എന്ന പദവിയിലേക്ക് ഉയര്‍ത്തി അവര്‍ക്ക് മാത്രമായി ആനുകൂല്യങ്ങള്‍ പരിമിതപ്പെടുത്തുന്ന രീതിയുമുണ്ട്.

ഇത്തരം അനീതികള്‍ക്കെതിരായി യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ നടത്തുന്ന സമരത്തിന് പിന്തുണ നല്‍കുന്നത് ധാര്‍മ്മികമായി ആം ആദ്മി പാര്‍ട്ടിയുടെ ബാധ്യതയാണ്. വ്യാഴാഴ്ച സര്‍ക്കാറുമായി നടക്കുന്ന ചര്‍ച്ച പരാജയപ്പെട്ടാല്‍ ഈ സമരവുമായി മുമ്പോട്ട് പോകും എന്നാണ് അസോസിയേഷന്‍ പ്രഖ്യാപിച്ചിട്ടുള്ളത്.