നഴ്സിംഗ് വിദ്യാർത്ഥികൾക്ക് ആശ്വസിക്കാം : എൻ‌എച്ച്എസ് കരാറുകൾ അവസാനിക്കുന്നതുവരെ ശമ്പളം ലഭിക്കും

നഴ്സിംഗ് വിദ്യാർത്ഥികൾക്ക് ആശ്വസിക്കാം : എൻ‌എച്ച്എസ് കരാറുകൾ അവസാനിക്കുന്നതുവരെ ശമ്പളം ലഭിക്കും
June 27 16:08 2020 Print This Article

 

ലണ്ടൻ : നഴ്സിംഗ് വിദ്യാർത്ഥികൾക്ക് ഇനി ആശ്വസിക്കാം. നഴ്സിംഗ് വിദ്യാർത്ഥികൾക്ക് അവരുടെ എൻ‌എച്ച്എസ് കരാറുകൾ അവസാനിക്കുന്നതുവരെ ശമ്പളം ലഭിക്കും. കോവിഡ് പ്രതിസന്ധി ഏറിയതോടെ ട്രെയിനിങ് അവസാനിക്കുന്നതിനുമുമ്പ് ആശുപത്രികളിൽ 18,700 ഓളം വിദ്യാർത്ഥികൾ ജോലി ചെയ്യാൻ ആരംഭിച്ചിരുന്നു. പരിശീലനം അവസാനിക്കുന്നതിനു മുമ്പാണ് വിദ്യാർത്ഥികൾ എൻ എച്ച് എസ് ജോലിയിൽ പ്രവേശിച്ചത്. പെയ്ഡ് പ്ലേസ്മെന്റുകൾ നേരത്തെ അവസാനിച്ചതായും അതിനാൽ തന്നെ വിദ്യാർത്ഥികൾക്ക് വരുമാനം ഇല്ലാതായെന്നും ഷാഡോ ഹെൽത്ത് സെക്രട്ടറി ജോനാഥൻ ആഷ്വർത്ത് കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു. ഇത് പല ആശങ്കകൾക്കും കാരണമായി മാറി. എന്നാൽ കരാർ അവസാനിക്കുന്നതുവരെ വിദ്യാർത്ഥികൾക്ക് പൂർണമായി ശമ്പളം ലഭിക്കുമെന്ന് ഇന്നലെ ഹെൽത്ത് എഡ്യൂക്കേഷൻ ഇംഗ്ലണ്ട് (എച്ച്ഇഇ) സ്ഥിരീകരിച്ചു.

വിദ്യാർത്ഥി സ്വമേധയാ അവസാനിപ്പിച്ചില്ലെങ്കിൽ മുഴുവൻ പണവും കൊടുത്തിട്ട് മാത്രമേ കരാർ പൂർത്തിയാക്കൂ എന്നും അധികൃതർ അറിയിച്ചു. നിലവിൽ വിപുലീകൃത പ്ലെയ്‌സ്‌മെന്റുകളിൽ കഠിനമായി പ്രയത്നിക്കുന്ന നഴ്സിംഗ് വിദ്യാർത്ഥികളുടെ കരാർ മാനിക്കപ്പെടുമെന്ന് റോയൽ കോളേജ് ഓഫ് നഴ്‌സിംഗ് സ്റ്റുഡന്റ് കമ്മിറ്റി ചെയർമാൻ ജെസ് സൈൻസ്ബറി പറഞ്ഞു. “ഈ പ്രശ്നത്തെക്കുറിച്ചുള്ള വ്യക്തതയുടെയും വിവരങ്ങളുടെയും അഭാവം ആശയക്കുഴപ്പത്തിലേക്കും ദുരിതത്തിലേക്കും നയിച്ചു. പകർച്ചവ്യാധിക്കെതിരെ കഠിനമായി പോരാടിയ സമയങ്ങളിൽ ഇതുമൂലം അവർക്ക് ആശങ്ക ഉണ്ടായി. ” അവർ അറിയിച്ചു. നിലവിലുള്ള കരാറുകളിൽ എന്തെങ്കിലും മാറ്റം വരുത്തുന്നത് വിദ്യാർത്ഥികൾക്ക് തീരുമാനിക്കാം എന്ന സ്ഥിരീകരണത്തിൽ സന്തോഷമുണ്ടെന്ന് ഇംഗ്ലണ്ടിന്റെ ആർ‌സി‌എൻ ഡയറക്ടർ മൈക്ക് ആഡംസ് വെളിപ്പെടുത്തി.

“തിരഞ്ഞെടുത്ത മിക്ക വിദ്യാർത്ഥികൾക്കും ആറുമാസത്തെ ശമ്പള കരാർ നൽകിയിരുന്നു. എന്നാൽ രണ്ടാഴ്ച മുമ്പ് ചില ട്രസ്റ്റുകൾ ഇവയെക്കുറിച്ച് അറിയിപ്പ് നൽകാൻ തുടങ്ങി. മൂന്ന് മാസത്തിനപ്പുറം വിദ്യാർത്ഥികളെ ആവശ്യമില്ല എന്ന് പറഞ്ഞു.” നഴ്സിംഗ് വിദ്യാർത്ഥികളുടെ മേൽനോട്ടം വഹിക്കുന്ന യോർക്ക് യൂണിവേഴ്‌സിറ്റിയിലെ അസോസിയേറ്റ് പ്രൊഫസറായ ഇയാൻ ഹാമിൽട്ടൺ അറിയിച്ചു. പെയ്ഡ് പ്ലെയ്‌സ്‌മെന്റുകൾ എടുത്ത വിദ്യാർത്ഥികൾക്ക് ഉചിതമായ ഘട്ടത്തിൽ ക്രമീകരണങ്ങൾ അവസാനിപ്പിക്കേണ്ടതുണ്ടെന്ന് എച്ച്ഇഇ ചീഫ് നഴ്‌സ് മാർക്ക് റാഡ്‌ഫോർഡ് വ്യക്തമാക്കി. അതിനാൽ തന്നെ നഴ്സിംഗ് യോഗ്യതകൾ പൂർത്തിയാക്കി അവർക്ക് വേഗത്തിൽ എൻ എച്ച് എസ് ജോലിയിൽ പ്രവേശിക്കാൻ കഴിയും. വിദ്യാർത്ഥികളും പ്ലെയ്‌സ്‌മെന്റ് ദാതാക്കളും സർവ്വകലാശാലകളും തമ്മിലുള്ള കരാറുകളുടെ ഭാഗമായി ഓഗസ്റ്റ് 31 നകം പണമടച്ചുള്ള പ്ലെയ്‌സ്‌മെന്റുകൾ അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ തൊഴിലുടമകളും സർവ്വകലാശാലകളും രണ്ടാം, മൂന്നാം വർഷ വിദ്യാർത്ഥികളുമായി ബന്ധപ്പെടും. ജൂലൈ 31 ന് ശേഷം ആരംഭിക്കുന്ന പുതിയ പ്ലെയ്‌സ്‌മെന്റുകൾക്ക് പണം ലഭ്യമാകുകയില്ല.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles