ബലാത്സംഗ കേസ് പ്രതിയായ ആള്‍ദൈവം നിത്യാനന്ദ കേസില്‍ നിന്ന് രക്ഷപ്പെടാന്‍ ഇന്ത്യ വിട്ടതായി സൂചന. മധ്യ ലാറ്റിനമേരിക്കന്‍ രാജ്യമായ ഇക്വഡോറിന് സമീപമുള്ള ദ്വീപിനെ സ്വന്തം രാജ്യമായി പ്രഖ്യാപിച്ചിരിക്കുകയാണ് നിത്യാനന്ദ. ഈ ദ്വീപ് നിത്യാനന്ദ വാങ്ങിയതായാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ കൈലാസ എന്നാണ് രാജ്യത്തിന് പേരിട്ടിരിക്കുന്നത്. പാസ്‌പോര്‍ട്ട് ഒക്കെയുണ്ട് ഈ രാജ്യത്തിന്. രാജ്യത്തിന്റെ വെബ്‌സൈറ്റും തുടങ്ങിയിരിക്കുന്നു. ലോകത്തെ ഏറ്റവും മഹത്തായ ഹിന്ദുരാജ്യം എന്നാണ് നിത്യാനന്ദ പുതിയ രാജ്യത്തെക്കുറിച്ച് അവകാശപ്പെടുന്നത്. കര്‍ണാടകയിലെ ബലാത്സംഗ കേസില്‍ നിന്ന് രക്ഷപ്പെടാനാണ് മുങ്ങിയത് എന്നാണ് റിപ്പോര്‍ട്ട്.

അതിര്‍ത്തികളില്ലാത്ത രാജ്യമാണ് കൈലാസ എന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വസ്തു അപഹരിക്കപ്പെട്ട, പറിച്ചുമാറ്റപ്പെട്ട ഹിന്ദുക്കള്‍ക്ക് വേണ്ടി സൃഷ്ടിക്കപ്പെട്ടിരിക്കുന്ന ഇടമാണ് കൈലാസ എന്ന് വെബ്‌സൈറ്റില്‍ പറയുന്നു. സ്വന്തം രാജ്യങ്ങളില്‍ ഹിന്ദുവിശ്വാസപ്രകാരം ജീവിക്കാനുള്ള അവകാശം നിഷേധിക്കപ്പെട്ടവര്‍ക്ക് വേണ്ടിയാണ് താനീ രാജ്യം ഉണ്ടാക്കിയിരിക്കുന്നത് എന്ന് നിത്യാനന്ദ അവകാശപ്പെടുന്നു. പാസ്‌പോര്‍ട്ടിന്റെ മാതൃക വെബ്‌സൈറ്റില്‍ കൊടുത്തിട്ടുണ്ട്. ക്ഷേത്ര കേന്ദ്രീകൃതമായ ഒരു ആവാസ വ്യവസ്ഥ, ‘മൂന്നാം കണ്ണിന് പിന്നിലെ സയന്‍സ്’, യോഗ, ധ്യാനം, ഗുരുകുല വിദ്യാഭ്യാസ സമ്പ്രദായം ഇതെല്ലാമാണ് കൈലാസയുടെ പ്രത്യേകതകള്‍. സൗജന്യ ചികിത്സ, സൗജന്യ വിദ്യാഭ്യാസം, സൗജന്യ ഭക്ഷണം തുടങ്ങിയവ കൈലാസ വാഗ്ദാനം ചെയ്യുന്നു. kailas.org എന്നാണ് വെബ് സൈറ്റ് അഡ്രസ്. തന്റെ രാജ്യത്തെ പൗരന്മാരാകാനും രാജ്യം മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള ചിലവുകള്‍ക്ക് പണം സംഭാവന ചെയ്യാനും നിത്യാനന്ദ ആവശ്യപ്പെടുന്നു.

തമിഴ്‌നാട് സ്വദേശിയായ രാജശേഖരന്‍ ആണ് നിത്യാനന്ദ എന്ന് പേരുമായി ആള്‍ദൈവമായി മാറിയത്. 2000ല്‍ ബംഗളൂരുവില്‍ ആശ്രമം തുടങ്ങിയതോടെയാണ് നിത്യാനന്ദ ശ്രദ്ധ നേടിത്തുടങ്ങിയത്. ഓഷോ രജനീഷിന്റെ പ്രഭാഷണങ്ങള്‍ കടമെടുത്തുകൊണ്ടുള്ള സംസാരമായിരുന്നു നിത്യാനന്ദയുടേത്. ഒരു നടിയുമൊത്തുള്ള സ്വകാര്യ വീഡിയോ പ്രചരിച്ചതോടെ നിത്യാനന്ദ വിവാദ കഥാപാത്രമായി. പിന്നീട് ബലാത്സംഗ കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ടു. അഹമ്മദാബാദിന് സമീപമുള്ള ആശ്രമത്തിലെ പെണ്‍കുട്ടികളെ നിത്യാനന്ദ ലൈംഗിക പീഡനത്തിന് ഇരകളാക്കുന്നതായി ആരോപണമുയര്‍ന്നു. അതേസമയം നിത്യാനന്ദ ഇന്ത്യയിലില്ല എന്നാണ് ഗുജറാത്ത് പൊലീസ് കോടതിയെ അറിയിച്ചത്.

2018ല്‍ ജാമ്യത്തിലിറങ്ങിയ ശേഷം വിദേശത്തേയ്ക്ക് കടന്നു എന്നാണ് പൊലീസിന്റെ അനുമാനം. അതേസമയം പാസ്‌പോര്‍ട്ട് ഇല്ലാതെയാണ് നിത്യാനന്ദ ഇന്ത്യ വിട്ടിരിക്കുന്നത് എന്നാണ് സൂചന. 2018 സെപ്റ്റംബറില്‍ നിത്യാനന്ദയുടെ പാസ്‌പോര്‍ട്ടിന്റെ കാലാവധി കഴിഞ്ഞിരുന്നു. പാസ്‌പോര്‍ട്ടില്ലാതെ ഇതെങ്ങനെ സാധിച്ചു എന്ന ചോദ്യമാണ് ഉയരുന്നത്. പുതുക്കാനുള്ള നിത്യാനന്ദയുടെ അപേക്ഷ, ക്രിമിനല്‍ കേസുള്ള പശ്ചാത്തലത്തില്‍ പൊലീസ് തള്ളിയിരുന്നു. എല്ലാത്തരത്തിലുമുള്ള നിയമവിരുദ്ധ പ്രവൃത്തികളുടേയും കേന്ദ്രമാണ് ബംഗളൂരുവിലെ നിത്യാനന്ദയുടെ ആശ്രമമെന്ന് ആരോപിക്കപ്പെടുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി നിത്യാനന്ദയെ ആരും കണ്ടിട്ടില്ല എന്നാണ് ആസ്ഥാന ആശ്രമത്തെ ഒരു ജീവനക്കാരന്‍ പറഞ്ഞ്.