പിങ്കി എസ്

ഓണമെന്ന് കേൾക്കുമ്പോൾ എന്റെ മനസ്സിലേക്ക് ഓടിയെത്തുന്നത് കുട്ടിക്കാലത്ത് ഗ്രാമാന്തരീക്ഷത്തിലുള്ള അമ്മൂമ്മയുടെ വീട്ടിലേക്കുള്ള യാത്രകളും അവിടുത്തെ കളികളും ഓണഓർമ്മകളുമാണ്. തിരുവോണത്തിന് അച്ഛന്റെ വീട്ടിൽ , അച്ഛന്റെ എല്ലാ സഹോദരങ്ങളോടും , അവരുടെ കുട്ടികളോടും അപ്പൂപ്പനോടും അമ്മൂമ്മയോടും കൂടി വിഭവസമൃദ്ധമായ സദ്യ കഴിച്ച ശേഷം അവിട്ടത്തിനു രാവിലെ അമ്മ വീട്ടിലേക്കുള്ള യാത്ര. വഴിക്കണ്ണുമായി പെൺ മക്കളേയും അവരുടെ കൊച്ചു മക്കളേയും കാത്തിരിക്കുന്ന അമ്മൂമ്മ . അവിടെ എത്തിയാലുടനെ ഞങ്ങൾ പിള്ളേർ സെറ്റിന് സദ്യയേക്കാൾ ഉപരി ഓണക്കളികൾ കാണാനും കളിക്കാനുമാണ് ആവേശം.

ഓണക്കാലത്ത് പുലികളി, കുമ്മാട്ടിക്കളി, വടംവലി, തലപ്പന്തുകളി, ഓണത്തല്ല്, ഉറിയടി, കിളിത്തട്ടു കളി, തുമ്പി തുള്ളൽ, കുട്ടിയും കോലും കളി, കരടി കളി സീത കളി എന്നിങ്ങനെ നാടൻ കളികളുടെ ഒരു നീണ്ടനിര തന്നെയുണ്ട്. പലതവണ പറഞ്ഞു കേട്ടിട്ടുള്ള സീതകളി ഈയടുത്ത കാലത്ത് പുനരാവിഷ്ക്കരിച്ചപ്പോൾ കാണാൻ ഭാഗ്യം ലഭിച്ചു. ഓഡിറ്റോറിയത്തിൽ കാണുന്ന സീതകളിയുടെ മനോഹാരിത പതിൻമടങ്ങ് വർദ്ധിതമായിട്ടായിരിക്കണം ഗ്രാമാന്തരീക്ഷങ്ങളിൽ അന്ന് അരങ്ങേറിയിരുന്നത് എന്ന് ഊഹിക്കാവുന്നതേയുള്ളൂ. ഒരു നാടൻ അനുഷ്ഠാന കലയായ സീതകളിയിൽ രാമായണ കഥയിലെ വനയാത്ര മുതൽ സ്വർഗാരോഹണം വരെയുള്ള കഥാഭാഗങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു. ഏറെക്കുറെ അന്യംനിന്നു പോയ സീതകളിയുടെ പ്രചരണത്തിനായി ഇന്ന് കൊല്ലം പെരിനാട് പഞ്ചായത്തിന്റെ നേതൃത്വത്തിൽ വലിയ ശ്രമങ്ങളാണ് നടക്കുന്നത്.

ഓണ ദിനങ്ങളിൽ വെയിലാറിക്കഴിഞ്ഞാൽ , വയലിൽ നിന്ന് വേഷം കെട്ടി വരാറുള്ള കരടി മറ്റൊരു സുഖമുള്ള ഓർമ്മയാണ്. കരടി കളി സംഘത്തിൽ സാധാരണയായി ഒന്നോ രണ്ടോ കരടിയും , ഒരു വേട്ടക്കാരനും പാട്ടു പാടാൻ കുറച്ച് ആളുകളുമാണ് കാണുക. കരടിയായി വേഷമിടുന്ന ആളിന്റെ ശരീരത്ത് വാഴയുടെ കരിയിലയും , ഈർക്കിൽ കളഞ്ഞ ഓലയും വെച്ച് കെട്ടി അലങ്കരിക്കും. മുഖത്ത് ഭാരം കുറഞ്ഞ പാലത്തടി കൊണ്ട് ഉണ്ടാക്കിയ കരടിത്തല ഉറപ്പിക്കും. വേട്ടക്കാരനായി വേഷമിടുന്ന ആളിന് കാലുറ , തൊപ്പി, മരക്കഷണം കൊണ്ട് ഉണ്ടാക്കിയ തോക്ക് അങ്ങനെ സായ്പ്പിനെ അനുസ്മരിപ്പിക്കുന്ന വേഷവിധാനമാണ്. മറ്റു സംഘാoഗങ്ങൾ കൈമണി, ഗഞ്ചിറ തുടങ്ങിയ വാദ്യോപകരണങ്ങളും കൈത്താളവുമായി കരടിപ്പാട്ട് തുടങ്ങുന്നതോടെ കരടി കളി ആരംഭിക്കും.

ഏക താളത്തിലുള്ള കരടിപ്പാട്ടിന്
“താനിന്നെ താനിന്നെ തന്നാന തന
താന്നിനെ താനായി തന്നാന ”
എന്ന വായ്ത്താരിയാണ് അകമ്പടി.
” കാട്ടിൽ കിടന്നൊരു കള്ളക്കരടിയെ
കൂട്ടിലാക്കി ഞങ്ങൾ കൊണ്ടു വന്നേ
ഉണ്ട കിട്ടും പിന്നെ അവലു കിട്ടും
പിന്നെ വെള്ളി പണത്തിന്മേലൊന്ന് കിട്ടും ”
എന്നിങ്ങനെയാണ് കരടിപ്പാട്ട് തുടങ്ങുന്നത്.
നാടിന്റേയും നാട്ടുവഴികളുടെയുമൊക്കെ ചരിത്രം കരടിപ്പാട്ടുകളിൽ നിറയാറുണ്ട്. പാടുന്ന ആളിന്റെ മനോധർമ്മം അനുസരിച്ചുള്ള നർമ്മ ശകലങ്ങളും , ചിലപ്പോഴൊക്കെ പരിഭവങ്ങളും കരടിപ്പാട്ടിനെ കൊഴുപ്പിക്കാറുണ്ട്.
“ഓച്ചിറച്ചെന്നു കിഴക്കോട്ട് നോക്കുമ്പോൾ
മാധവിയെന്നോരു വേലക്കാരി
മൂക്കും തുളച്ചിട്ട് തൊണ്ണാനും കെട്ടീട്ട്
കണ്ടോടീ നാത്തൂനേ മൂക്കിത്തൊണ്ണാൻ ”
ഇതൊരു പ്രദേശികമായ നർമ്മ ചിത്രമാണ്.
വാമൊഴിയായി തലമുറകൾ കൈ മാറി വന്നതാണ് കരടിപ്പാട്ട്. കൊല്ലത്തിന്റെ ഒരു പ്രധാന ഓണക്കളി ആയതു കൊണ്ട് തന്നെ നീണ്ടകര പാലത്തിന്റെ ഉദ്ഭവം, നാട്ടിലെ പഴയ തറവാട്ടിൽ ആന വിരണ്ടത് ,ഉത്സവങ്ങൾ, ചവറയിൽ നിന്ന് ശാസ്താംകോട്ടയിലേക്ക് റോഡ് വന്നത്, ചവറയിലെ തെക്കൻ ഗുരുവായൂർ ക്ഷേത്രം തുടങ്ങിയ പ്രാദേശിക ചരിത്രങ്ങൾ കരടിപ്പാട്ടുകളായി ജനങ്ങളോട് സംവേദിക്കപ്പെട്ടിരുന്നു.
“വൻ പ്രിയമാർന്ന മഹാറാണി
റീജന്റ് തമ്പുരാട്ടിക്കെഴും ധർമ്മ ബുദ്ധി
അൻപോടങ്ങുണ്ടായ മൂലമീപ്പാലവും സംഭവിച്ചെന്ന് പറഞ്ഞു കേൾപ്പൂ. ”
നീണ്ടകര പ്പാലം യാഥാർത്ഥ്യമായതിന് പിന്നിലെ സംഭവം കരടിപ്പാട്ടിൽ ഇങ്ങനെ വിശദീകരിക്കുന്നു.
‘ വെക്കടാ വെടി , വെടി വെക്കടാ ,ലാക്കു നോക്കി വെക്കടാ ” എന്ന് വേട്ടക്കാരനോട് പറയുമ്പോൾ വേട്ടക്കാരനായ സായിപ്പ് ഠോ….. എന്ന ശബ്ദം കേൾപ്പിക്കും. അതോടെ കരടി മറിഞ്ഞു വീഴും. കളി അവസാനിക്കുകയായി. അവിടുന്ന് സംഘാംഗങ്ങൾ അടുത്ത വീട്ടിലേക്ക്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഒരു കാലത്ത് നാട്ടിൻപുറങ്ങളിൽ വ്യാപകമായിരുന്ന കരടി കളിക്ക് മനുഷ്യന്റെ ആധുനിക ജീവിത രീതികൊണ്ടോ വയലേലകളുടെ അഭാവംകൊണ്ടോ പ്രചാരം കുറഞ്ഞു വന്നു. കൊല്ലത്തിന്റെ അല്ലെങ്കിൽ തെക്കൻ കേരളത്തിന്റെ സംഭാവനയായ കരടികളിയേയും കഥകളും ചരിത്രവും മിത്തുമൊക്കെ ഇട കലർന്ന കരടിപ്പാട്ടുകളേയും സംരക്ഷിക്കാൻ ഉള്ള ശ്രമങ്ങളുമായി ഒരു കൂട്ടം ചെറുപ്പക്കാർ ശാസ്താംകോട്ട കേന്ദ്രമാക്കി മുന്നോട്ട് വരുന്നു എന്നുള്ളത് സന്തോഷമുള്ള ഒരറിവാണ്.

മനുഷ്യൻ ജീവിക്കുന്നു എന്ന് പറയുന്നത് സന്തോഷങ്ങൾ അനുഭവിക്കുമ്പോഴാണ് നമ്മുടെ അധ്വാനമടക്കമുള്ള എല്ലാ പ്രവർത്തനങ്ങളും കുറച്ചു നേരമെങ്കിലും സന്തോഷത്തിൽ കഴിയാൻ ഉള്ള ഉപാധികളാണ്. ഓണം പോലെയുള്ള ആഘോഷങ്ങളിൽ മനുഷ്യരൊന്നായി ജൈവികമായ കൂട്ടായ്മ സ്ഥാപിച്ചിരുന്നു. സ്വീകരണ മുറിയിലെ ഡിജിറ്റൽ ചാനലുകളിൽ എത്തുന്ന വിഭവങ്ങൾ മനുഷ്യനെ നൈമിഷികമായ ആഹ്ലാദത്തിൽ എത്തിക്കുമെങ്കിലും വീണ്ടും ഏകാന്തതയുടെ പാളയത്തിൽ തന്നെ തളച്ചിടുന്നു. കൂട്ടായ സാമൂഹിക ജീവിതത്തിന്റെ , സഹകരണത്തിന്റെ , കളികളുടെ സന്തോഷം പങ്കു വെക്കുന്ന ഉത്സവങ്ങൾ ആനന്ദകരമായ ജീവിതം നമുക്ക് പ്രദാനം ചെയ്തിരുന്നു. ആ കാലങ്ങളെ ഗൃഹാതുരത്വത്തോടെ അയവിറക്കുന്നതു പോലും സന്തോഷകരമായ ജീവിതാനുഭവമാണ്.

പിങ്കി എസ്

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ജോലി ചെയ്യുന്നു. ആനുകാലികങ്ങളിൽ ലേഖനങ്ങൾ എഴുതാറുണ്ട്. ബാങ്കിംഗ് ദേശസാൽക്കരണത്തിന്റെ 52-ാം വാർഷികത്തോടനുബന്ധിച്ച് ഊർജ്ജസ്വല ബാങ്കിംഗ്, ഊർജ്ജസ്വല ഭാരതം എന്ന വിഷയത്തെ മുൻനിർത്തി രാജ്യത്തെ പ്രഗൽഭമതികളെ ഉൾക്കൊള്ളിച്ച് AlBEA നടത്തിയ ഒരു മാസം സെമിനാർ പ്രബന്ധങ്ങൾ മലയാളത്തിലേക്ക് തർജ്ജമ ചെയ്ത് പുസ്തകമാക്കിയിട്ടുണ്ട്.