ഒ . സി . രാജു
തൊണ്ണൂറുകളിലെ പുലികളികളുടെ ഒരു ഓർമ്മയാണിത്. അക്കാലം പട്ടണത്തിൽ ഒരു പുലിയും വേട്ടക്കാരനും പരസ്പരധാരണയോടെ ഓണനാളുകളെ ഹരം കൊള്ളിച്ചിരുന്നു. നാട്ടിൽ എവിടെയും പ്രചാരത്തിലുള്ള എല്ലാ പുലികളികളിലും എന്നതുപോലെ തന്നെ ഇവിടെയും തുടക്കം മുതൽ പുലി അതിൻ്റെ വേട്ടക്കാരനു മേൽ ചാടിവീണ് അയാളെ തൻ്റെ ആഹാരമാക്കുമെന്ന ഒരു വ്യാജപ്രതീതി സൃഷ്ടിക്കുകയും എന്നാൽ കളിയുടെ ഒടുവിൽ ആ വന്യമൃഗം വേട്ടക്കാരൻ്റെ വെടിയേറ്റ് ചത്തുവീഴുകയും ചെയ്തിരുന്നു.
എന്തുകൊണ്ടായിരിക്കാം ഈ കഥയിലെ യഥാർത്ഥ ഇരയായ പുലിയ്ക്ക് ഒരിയ്ക്കൽ പോലും അതിൻ്റെ വേട്ടക്കാരന്നെ കീഴ്പ്പെടുത്തുവാൻ കഴിയാതെ പോയത്. എല്ലാ കളിയിലും വേട്ടക്കാരൻ തന്നെ ജയിക്കണം എന്ന കളിനിയമത്തെ മറികടക്കുവാൻ ആർക്കും കഴിയില്ല എന്നാണോ?
ഇരയുടെയും വേട്ടക്കാരന്റെയും പോരാട്ടത്തിന് ആവേശം പകരുവാൻ അവർക്കൊപ്പം എപ്പോഴും ഒരു മേളക്കാരനും ഉണ്ടായിരുന്നു. ചിലപ്പോഴൊക്കെ ആ സംഘത്തിൽ ഒരു സ്ത്രീയേയും കണ്ടിരുന്നു. അത് അവരിൽ ഒരാളുടെ ജീവിത പങ്കാളി ആയിരിക്കാനാണ് സാദ്ധ്യത. ആധുനികരെന്ന് സ്വയം കരുതുന്ന നഗരജീവികളുടെ വേഷഭൂഷാദികളൊന്നുമില്ലാത്ത പട്ടണത്തിൻ്റെ പുറംപോക്കുകളിൽ നിന്നും വരുന്ന, സൈഡ്ലൈൻ ചെയ്യപ്പെട്ട മനുഷ്യരായിരുന്നു അവർ.
ഏതൊന്നിൻ്റെയും ആവാസ വ്യവസ്ഥയിലേക്ക് അതിക്രമിച്ചു കയറി അവിടെയുള്ളതിനെയെല്ലാം കൊന്നൊടുക്കുന്ന അല്ലെങ്കിൽ കൈവശപ്പെടുത്തുന്ന സ്വാർത്ഥമനുഷ്യൻ്റെ കഥ തന്നെയാണല്ലോ ഇതും. ഒരു പക്ഷേ, അത്രയൊന്നും പുറകിലല്ലാത്ത ഒരു ഭൂതകാലത്ത്, ഈ നഗരവും കാടായിരുന്ന കാലത്ത് ഇവിടെ അധിവസിച്ചിരുന്നവരെ ഇല്ലാതാക്കിയതിൻ്റെ കഥ കൂടിയാകാം നഗരത്തിൻ്റെ മറവുകളിലും വിടവുകളിലുമൊക്കെയായി അവശേഷിച്ചവർ വിളിച്ചു പറയുവാൻ ശ്രമിച്ചിരുന്നത്.
ഓണക്കാലത്ത് മിക്കവാറും ഒരാഴ്ച്ചയോളം ഈ സംഘത്തെ നഗരത്തിൽ കാണാറുണ്ടായിരുന്നു. പുലികളിയെന്ന് പൊതുവെ പറയുന്നുണ്ടെങ്കിലും കടുവകളി എന്നായിരുന്നു പ്രാദേശികമായി ഈ കലാരൂപം അറിയപ്പെട്ടിരുന്നത്. രൂപവും കടുവയുടേതു തന്നെ. കടുവയുടെ വേഷം കെട്ടിയിരുന്നയാൾ മേലാസകലം ഇനാമൽ പെയിൻ്റിൽ മഞ്ഞയിൽ കറുത്ത വര വരച്ച് നീളമുള്ള വാലും മുഖംമൂടിയുമായി ഒറ്റനോട്ടത്തിൽ തന്നെ ഒരു കടുവയുടെ സാദൃശ്യം ഉണ്ടാക്കി എടുത്തിരുന്നു. വേട്ടക്കാരന് മുട്ടിനു മുകളിൽ നില്ക്കുന്ന മുഷിഞ്ഞ പാൻ്റും ഷർട്ടും വേഷം. തലയിൽ ഒരു ശിക്കാരി തൊപ്പിയും കൈയ്യിൽ നാടൻ തോക്കും ഉണ്ടായിരുന്നു. അയാൾ കറുത്ത പെയിൻ്റുകൊണ്ട് ശരീരം മറച്ചിരുന്നു.
മണിക്കൂറുകൾ എടുത്ത് തയാറാക്കിയിരുന്ന പുലി വേഷത്തിൽ നിന്നു പുറത്തു വരുന്നതിനും അത്ര തന്നെ സമയം ആവശ്യമുണ്ടായിരുന്നു. കട്ടികൂടിയ പെയിൻ്റ് ഒരിക്കലും അനായസമായി കഴുകി കളയുവാനാകുമായിരുന്നില്ല. പുലികളിയുടെ അവസാന ദിനം മാത്രമായിരുന്നു അവർ വേഷം അഴിച്ചിരുന്നതെന്ന് പറഞ്ഞുകേട്ടിട്ടുണ്ട്.
പകൽ നേരങ്ങളിൽ കൊന്നും ചത്തും വേഷം കെട്ടിയാടിയ പുലിയും വേട്ടക്കാരനും കളിക്ക് ശേഷം രാത്രിയിൽ ഒരേ വീട്ടിലായിരുന്നു അന്തിയുറങ്ങിയിരുന്നത്. യഥാർത്ഥ ജീവിതത്തിൽ വേട്ടക്കാരൻ അച്ഛനും പുലി അയാളുടെ മകനുമായിരുന്നുവത്രെ.
ഒരു ഓണക്കാലത്ത് അച്ഛനും മകനും നഗരത്തെരുവുകളിലൂടെ പുലികളി നടത്തി മുന്നേറുകയായിരുന്നു. ഓരോ വ്യാപാര സ്ഥാപനങ്ങളുടെ മുമ്പിലും അവർ കളിക്കുകയും അവിടെ നിന്നും കിട്ടുന്ന നാണയ തുട്ടുകൾ വാങ്ങി അടുത്ത സ്ഥലത്തേയ്ക്ക് പോവുകയും ചെയ്തു കൊണ്ടിരുന്നു. പുലികളി കാണുവാൻ അത്യാവശ്യം നല്ല ആൾക്കൂട്ടം ഉണ്ടായിരുന്നു. തെരുവിലെ ഒരു കടയുടെ മുമ്പിൽ പതിവിലും കൂടുതൽ ആളുകളുണ്ടായിരുന്നു. അവരുടെ പ്രോത്സാഹനത്തിനു മുമ്പിൽ പുലിയും വേട്ടക്കാരനും കൂടുതൽ ആവേശഭരിതരായി. അവർ യഥാർത്ഥ ഇരയും വേട്ടക്കാരനുമായി മാറി. അതിനൊത്ത് ജനങ്ങളുടെ ആർപ്പുവിളികൾ ഉച്ചത്തിലായി. വായുവിലേയ്ക്ക് ഉയർന്നു ചാടിയ പുലി വട്ടം കറങ്ങി മെയിൻ റോഡിലേയ്ക്ക് അമർന്നിരുന്നു, വേട്ടക്കാരന് മേൽ ചാടി വീഴുവാൻ. വേട്ടക്കാരനാകട്ടെ പുലിയുടെ തിരുനെറ്റിക്കു നേരെ ഉന്നം പിടിച്ച് കാഞ്ചിയിൽ വിരൽ കൊടുത്തു നിന്നു. ചെറിയ ഒരു ഇറക്കവും വളവുമുള്ള റോഡിലായിരുന്നു പുലി പതുങ്ങിയത്. പെട്ടെന്ന് ഒരു ടൂറിസ്റ്റ് ബസ്സ് പാഞ്ഞുവന്നു. അതിൻ്റെ ചക്രങ്ങൾ പുലിയുടെ മേലെ കയറി ഇറങ്ങി. ബസ്സ് കടന്നുപോയപ്പോൾ മഞ്ഞയിൽ ചുവപ്പ് പടർന്ന് പുലി വഴിയിൽ ചതഞ്ഞരഞ്ഞു കിടന്നു.
നഗരത്തിലെ അവസാന പുലിയായിരുന്നു അതെന്ന് ഇപ്പോൾ തോന്നുന്നു. എനിക്ക് ഏറെക്കുറെ സുപരിചിതമായ ഈ നഗരത്തിൽ പിന്നീടൊരിക്കലും ഒരു പുലിയെയും കാണാൻ പറ്റിയിട്ടില്ല. പുലിവേഷം കെട്ടിയ മനുഷ്യരും അവർ അന്തിയുറങ്ങിയിരുന്ന ഇടങ്ങളും ഇപ്പോൾ ഇവിടെ ഇല്ല. അത്തരം സ്ഥലങ്ങളൊക്കെ പുതിയ കാലത്തിൻ്റെ ഫ്ലൈഓവറുകളും ഫ്ലാറ്റുകളും ബൈപാസുകളുമൊക്കെയായി മാറ്റപ്പെട്ടിരിക്കുന്നു.
എന്നെ സംബന്ധിച്ചിടത്തോളം ഈ മനുഷ്യരെ കുറിച്ചുള്ള ഓർമ്മയുടെ പേരു കൂടിയാണ് ഓണം.
ഒ.സി. രാജു : കോട്ടയം ജില്ലയില്‍ മണിമലയില്‍ 1972 ഏപ്രില്‍ 18-ന് ജനനം. പത്രപ്രവര്‍ത്തനം, കാര്‍ട്ടൂണ്‍, ബാലസാഹിത്യം, തിരക്കഥ തുടങ്ങിയ വിവിധ മേഖലകളില്‍ ഇടപെട്ടു. രാഷ്ട്രദീപിക ദിനപ്പത്രത്തില്‍ ദീര്‍ഘകാലം ആര്‍ട്ടിസ്റ്റായും കോളമിസ്റ്റായും ടോംസ് കോമിക്‌സില്‍ കാര്‍ട്ടൂണിസ്റ്റും കാലിഗ്രഫി ആര്‍ട്ടിസ്റ്റുമായും പ്രവര്‍ത്തിച്ചു. കാടുകപ്പ്, കുട്ടുവിന്റെ വികൃതികള്‍ എന്നീ ബാലനോവലുകള്‍ കുട്ടികളുടെ ദീപികയിലും മുത്തശ്ശിയിലുമായി പ്രസിദ്ധീകരിച്ചു. നിരവധി ടെലിവിഷന്‍ പരമ്പരകള്‍ക്ക് തിരക്കഥകള്‍ തയാറാക്കിയിട്ടുണ്ട്. പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ട ആദ്യ നോവല്‍ – ഷാജി പറഞ്ഞ കഥ. കൂടാതെ കഥ 2022 എന്ന പേരില്‍ രണ്ട് ഭാഗങ്ങളായി പുറത്തിക്കിയ സമാഹാരങ്ങളുടെ എഡിറ്റര്‍ കൂടിയാണ്. ഇപ്പോള്‍ നാട്ടകത്ത് താമസം. ഭാര്യ ശോഭന, മകള്‍ ചാരുത.
വിലാസം:
ഒട്ടയ്ക്കല്‍ വീട്, പള്ളം പി.ഒ., പന്നിമറ്റം, കോട്ടയം- 686007
ഇ- മെയില്‍:
[email protected]














Leave a Reply