ബിനോയ് എം. ജെ.
സമൃദ്ധിയുടെയും, ഐശ്വര്യത്തിന്റെയും, സദ്ഭരണത്തിന്റെയും സ്മരണ ഉണർത്തിക്കൊണ്ട് വീണ്ടും ഒരു തിരുവോണം കൂടി. സമകാലീന സമൂഹവും ഭരണവ്യവസ്ഥിയും അത്ര നല്ലതല്ലാത്തതുകൊണ്ടാവാം ഇത്തരം ഒരു സ്വപ്നത്തെ നാം താലോലിച്ചുകൊണ്ടിരിക്കുന്നത്. സമൂഹം മാറും, ഭരണ സംവിധാനങ്ങൾ മാറും, മൂല്യങ്ങൾ ക്ഷയിക്കും. അധ:പതനത്തിന്റെ നീണ്ട നാളുകൾക്ക് ശേഷം പുരോഗതിയുടെ കാലം ആരംഭിക്കും. അതിനു ശേഷം വീണ്ടും അധ:പതനം. വീണ്ടും പുരോഗതി. ഇതാണ് ലോകത്തിന്റെ ഗതി. “നൂറാണ്ട് കാട്, നൂറാണ്ട് നാട് ” എന്നൊരു ചൊല്ലുതന്നെയുണ്ട്. സമൂഹം അതിദ്രുതം പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും ഇനിയൊരധ:പതനം സംഭവിക്കുകയില്ലെന്നും നാം ദൃഢമായി വിശ്വസിക്കുന്നത്, നാം പുരോഗതിയുടെ കാലത്ത് ജീവിക്കുന്നത് കൊണ്ടാണ്. മനുഷ്യൻ സുന്ദരസങ്കൽപങ്ങൾ മെനയുന്ന കാലം. അനന്തമായ സ്വാതന്ത്ര്യവും അനന്തമായ അച്ചടക്കവും മറ്റും നാം സ്വപ്നം കണ്ടു തുടങ്ങിയിരിക്കുന്നു. ഏതാനും നൂറ്റാണ്ടുകൾക്ക് മുമ്പ് ആരംഭിച്ച വൈജ്ഞാനിക വിപ്ലവം വരും നൂറാണ്ടുകളിൽ കൂടുതൽ ശക്തമായി തന്നെ തുടരുമെന്ന് ഉറപ്പ്. സാമ്പത്തിക പുരോഗതി അതിന്റെ പാരമ്യത്തിൽ എത്തുകയും ഇനി കൂടുതൽ പുരോഗതി സാധ്യമല്ലെന്ന് വരികയും ചെയ്യുമ്പോൾ മനുഷ്യൻ ഉള്ളിലേക്ക് ശ്രദ്ധ തിരിക്കുകയും ആദ്ധ്യാത്മികതയുടെ ഉണർവ്വ് ആരംഭിക്കുകയും ചെയ്യും. ഇപ്രകാരം നൂറ്റാണ്ടുകളിലൂടെയും സഹസ്രാബ്ദങ്ങളിലൂടെയും നീളുന്ന പുരോഗതി.
ആദ്ധ്യാത്മിക പ്രതിഭകളുടെയും യോഗീവര്യന്മാരുടെയും ഒരു കാലം ഉണ്ടായിരുന്നു. അന്ന് യൂറോപ്പിലും അമേരിക്കയിലും മറ്റും മനുഷ്യവാസം പോലും ഉണ്ടായിരുന്നില്ല. സഹസ്രാബ്ദങ്ങൾ പുറകോട്ട് പോകുമ്പോൾ ആർഷഭാരത സംസ്കാരം അതിന്റെ സകല പ്രൗഡിയിലും വിരാജിച്ചിരുന്ന കാലം. ആദ്ധ്യാത്മിക തത്വങ്ങളും പ്രപഞ്ചരഹസ്യങ്ങളും മെനയപ്പെട്ട കാലം. അന്ന് മനുഷ്യൻ മരണത്തെ പോലും ജയിച്ചിരുന്നു. സകല ജീവിതക്ലേശങ്ങളിൽ നിന്നും മോചനം നേടുകയും അനന്ത വിജ്ഞാനം ആർജ്ജിച്ചെടുക്കുകയും ചെയ്തവർ അന്ന് സുലഭമായിരുന്നു. രാജാക്കന്മാർ പോലും ൠഷിവര്യന്മരുടെ മുൻപിൽ താണുവണങ്ങിയിരുന്നു. അന്നവർ വികസിപ്പിച്ചെടുത്ത സനാതന തത്വങ്ങൾ ആധുനിക ശാസ്ത്രകാരന്മാർക്കും ,മന:ശ്ശാസ്ത്രജ്ഞന്മാർക്കും, തത്വചിന്തകന്മാർക്കും ഇന്നും ദുർഗ്രാഹ്യമായി അവശേഷിക്കുന്നു. സഹസ്രാബ്ദങ്ങൾ പലത് കഴിഞ്ഞപ്പോൾ അതൊക്കെ ക്ഷയിച്ചു. വിജ്ഞാനമെല്ലാം തിരോഭവിച്ചു. ആദ്ധ്യാത്മികതയുടെ പ്രഭാവം മങ്ങിപ്പോയി. തമസ്സ് ലോകത്തെ വിഴുങ്ങി. നോക്കൂ.. ‘നൂറാണ്ട് നാട്, നൂറാണ്ട് കാട്.’
കാലക്രമേണ വീണ്ടും പുരോഗതി ആരംഭിച്ചു. അതങ്ങനെയേ വരൂ. ഇത്തവണ ശാസ്ത്രം അതിന്റെ കരുത്ത് തെളിയിച്ചു. യുക്തി ചിന്തയും കണ്ടുപിടുത്തങ്ങളും ലോകത്തിന് ഒരു പുത്തൻ ഉണർവ്വ് നൽകി. വീണ്ടും പ്രതീക്ഷയുടെ ഒരു കാലം കൂടി. ആലസ്യത്തിലും, തമസ്സിലും, നിദ്രയിലുമാണ്ടിരുന്ന മാനവരാശിയെ ഒരു കുളിർകാറ്റുപോലെ അത് തട്ടുണർത്തുന്നു. മാനവരാശി ഒരിക്കൽ കൂടി ഉണരുകയാണ്. ഇരുണ്ട മദ്ധ്യയുഗത്തിൽ നിന്നും നാമെത്രയോ മുന്നോട്ട് പോയിരിക്കുന്നു! അതങ്ങനെയേ വരൂ. ഭാവാത്മകമായ ഓരോ ചിന്തയും ഒരു നൂറ് ഭാവാത്മക ചിന്തകളെ ജനിപ്പിക്കുന്നു. ഓരോ സത്പ്രവൃത്തിയും നൂറ് നൂറ് പുതിയ സത്പ്രവൃത്തികൾക്ക് ജന്മം കൊടുക്കുന്നു. ഒരു പ്രശ്നം പരിഹരിക്കുമ്പോൾ ഒരായിരം പ്രശ്നങ്ങൾ താനെ പരിഹരിക്കപ്പെടുന്നു. തിന്മയുടെ കാര്യവും ഇങ്ങനെ തന്നെ. ഓരോ ദുഷ്പ്രവൃത്തിയും കൂടുതൽ ദുഷ്പ്രവൃത്തികളെ ജനിപ്പിക്കുന്നു. അടിക്കടി; നിന്ദക്ക് നിന്ദ – ഇതാണ് ലോകത്തിന്റെ പ്രകൃതം. നിങ്ങളെ ഒരാൾ പ്രഹരിക്കുകയോ നിന്ദിക്കുകയോ ചെയ്താൽ നിങ്ങൾ പ്രതിക്രിയ ചെയ്യാതെയിരിക്കുമോ? അതിനാൽ പുരോഗതി വേണമെങ്കിൽ ഭാവാത്മകതയിലും ,നന്മയിലും ശരിയായ ജ്ഞാനത്തിലും വളരേണ്ടിയിരിക്കുന്നു. അവ പതിന്മടങ്ങായി പെരുകിക്കൊണ്ടേയിരിക്കും.
അധോഗതി ആരംഭിച്ചു കഴിഞ്ഞാൽ അതിന് തടയിടുക സാധ്യമല്ല. നാമൊരിക്കലും മദ്ധ്യയുഗത്തിലേക്ക് മടങ്ങി പോയിക്കൂടാ. പിന്നീട് തിരിച്ച് വരിക വളരെ ബുദ്ധിമുട്ടായിരിക്കും. ഇപ്പോൾ മണിപ്പൂരിൽ കലാപം നടന്നുകൊണ്ടിരിക്കുന്നു. അവിടെ സംഭവിക്കുന്ന ഹീനമായ പ്രവൃത്തികൾ മദ്ധ്യയുഗത്തെപോലും ലജ്ജിപ്പിക്കുന്നവയാണ്. അവിടെ സംഭവിച്ചതും സംഭവിക്കുന്നതുമായ ദുഷ്കർമ്മങ്ങൾ തിരിച്ചെടുക്കുവാൻ ആർക്കും കഴിയുകയില്ല. അവ മനുഷ്യമനസ്സുകളിൽ സൃഷ്ടിക്കുന്ന നിഷേധാത്മകമായ വികാരവിചാരങ്ങളെ ഇല്ലാതാക്കുവാൻ ആർക്കും കഴിയുകയില്ല. അവ അവിടെയവിടെയായി തങ്ങിനിന്ന് കൂടുതൽ കൂടുതൽ തിന്മയെ ജനിപ്പിക്കുന്നു. നമുക്ക് പറ്റുന്ന ഓരോ പിഴവും ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നു.
സൗഭാഗ്യത്തിന്റെ ഗതകാല സ്മരണകളുമായി വരുന്ന ഓണം ഒരു നല്ല നാളെയെ സ്വപ്നം കാണുന്ന നമുക്ക് പ്രചോദനമായി ഭവിക്കട്ടെ. ലോകത്തിൽ ഒരിക്കൽ സംഭവിച്ചവ വീണ്ടും ആവർത്തിക്കപ്പെടുന്നു. ഒരിക്കൽ ഒരു നല്ല കാലം ഉണ്ടായിരുന്നുവെങ്കിൽ അത് വീണ്ടും സംഭവിക്കുക തന്നെ ചെയ്യും. ഒരിക്കൽ ആവിർഭവിച്ച ആശയങ്ങൾ പുതിയ രൂപഭാവങ്ങളിലൂടെ പുനരാവിഷ്കരിക്കപ്പെടും. അദ്വൈതവും മായാവാദവും മറ്റും ശാസ്ത്ര തത്വങ്ങളായി രൂപാന്തരപ്പെടും. ഭാരതം അതിന്റെ നഷ്ടപ്പെട്ട പ്രൗഡി വീണ്ടെടുക്കുകയും ചെയ്യും. ഏവർക്കും ഓണാശംസകൾ
ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.
ഫോൺ നമ്പർ: 917034106120
Leave a Reply