ശബ്ന രവി

തെല്ലും നിനയ്ക്കാതെയാകൊടുങ്കാറ്റിലൊരു
പടുവിത്തന്നുള്ളിൽ വന്നു വീണു
പൊള്ളുന്ന ചൂടിലാ ഊഷര ഭൂമിയിൽ
മുളപൊട്ടി ഇലനീട്ടി മെല്ലെ മെല്ലെ.

ചില്ലകൾ വളർന്നു പൂമരമായ് മാറി
ചോലക്കുളിരിലന്നുള്ളം തണുത്തു
എങ്ങും വാസനപ്പൂമണം പരന്നു
തേനൂറും കനികൾ കുലകളിലാടി.

പിന്നെയും പടർന്നുപന്തലിച്ചൊടുവിലൊരു
വടവൃക്ഷമായ് മാറി വേരുകളാഴ്ന്നുപോയ്
ഹൃത്തിൽ നിണത്തിൽ പ്രാണനിൽപ്പോലും
പ്രണയവടവൃക്ഷത്തിൻ വേരുകളാഴ്ന്നു.

പിന്നെയാ വടവൃക്ഷം രാക്ഷസരൂപിയായ്
വരിഞ്ഞുമുറുക്കുന്നു ദംഷ്ട്രങ്ങളാഴ്ത്തുന്നു
ജീവശ്വാസത്തിനായ് കേണു പിടയുന്നു
ഒടുവിലൊരുചിതയിൽ എരിഞ്ഞടങ്ങുന്നു.

ശബ്ന രവി

എറണാകുളത്ത് റവന്യൂ വകുപ്പിൽ ഉദ്യോഗസ്ഥയാണ്. കേരള സർവകലാശാലയിൽ ഡെപ്യൂട്ടി രജിസ്ട്രാറായിരുന്ന ശ്രീ.ടി.ആർ. രാമദാസിന്റെ മകളും സൗദി അറേബ്യയിൽ എസ് ജി എസ് ഗ്ലോബൽ കമ്പനി മാനേജർ ഡോ. രവിയുടെ ഭാര്യയുമാണ്. പതിനൊന്നാം ക്ലാസ് വിദ്യാർഥിയായ ഋഷികേശ് മകനാണ് .

വായന ,സംഗീതം, സിനിമ എന്നിവ ഇഷ്ടപ്പെടുന്നു. കവിതകളും ലേഖനങ്ങളും എഴുതാറുണ്ട് .ഓൺലൈൻ പോർട്ടലുകളിൽ പല കവിതകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇമെയിൽ വിലാസം : Shabna [email protected]