രേഷ്മ ജേക്കബ്
അധികം പഴക്കം ഇല്ലാത്ത ഇരുനില വീടിന്റെ നീണ്ട ഇടനാഴിയിലൂടെ വേഗത്തിൽ നടന്നു വരുന്ന ആഢ്യത്വം തുളുമ്പുന്ന സ്ത്രീ, പറമ്പ് വൃത്തിയാക്കാൻ നിന്ന കുമാരനും വേണുവിനും നിർദ്ദേശങ്ങൾ നൽകി കൊണ്ട് അടുക്കളയിലേക്ക് നടന്നു. പ്രായം അധികമില്ലാത്തതു കൊണ്ടും ആഹാരക്രമത്തിലെ നിഷ് കർഷ കൊണ്ടും അലച്ചിലുകൾ താരതമ്യേന കുറവായതിനാലും പറയത്തക്ക ആരോഗ്യ പ്രശ്നങ്ങളൊന്നും തന്നെയില്ല. പറഞ്ഞേൽപ്പിച്ച ജോലികൾ പ്രഭ ചെയ്തു തീർത്തോ എന്ന് അറിയുകയാണ് ഉദ്ദേശ്യം.
അടുക്കളയിൽ മൂടിവെച്ചിരിക്കുന്ന ഓരോ പാത്രങ്ങളും അവർ തുറന്നു നോക്കി. തേങ്ങ ചിരകിയത് മേശപ്പുറത്ത് ഇരിപ്പുണ്ട്. ചേന, മുരിങ്ങക്കോൽ, കാരറ്റ് തുടങ്ങിയവ പാത്രത്തിൽ മുറിച്ച് വെച്ചിട്ടുണ്ട്. അരി അടുപ്പത്ത് കിടന്നു വേവുന്നു. അടുക്കളയിൽ നിന്ന് പുറത്തേയ്ക്ക് നടന്നാൽ പ്രഭ തുണി അലക്കി വിരിച്ചിടുന്നത് കാണാം. വളരെ വെപ്രാളപ്പെട്ട് പ്രഭ ജോലി ചെയ്തു കൊണ്ടിരുന്നു.
“പ്രഭേ…” എന്ന നീട്ടിയുള്ള വിളി കേട്ടതും പ്രഭയുടെ കൈയിൽ നിന്നും തുണി വഴുതി മണ്ണിലേക്ക് വീണു. “പ്രഭേ, തുണി വിരിച്ച് കഴിഞ്ഞില്ലേ നീയേ? വേഗം അത് തീർത്തിട്ട് വന്ന് അടപ്രഥമൻ ഉണ്ടാക്കാൻ പാല് പിഴിഞ്ഞ് വെക്ക്. അരിഞ്ഞു വെച്ചിരിക്കുന്ന പച്ചക്കറികൾ കഴുകി അടുപ്പത്ത് വേവാൻ വെക്ക്. തേങ്ങ ചിരകി വെച്ചേക്കുന്നത് കല്ലിൽ വെച്ച് ചതച്ച് എടുക്ക് . പച്ചക്കറി വേവുമ്പോൾ അതും ചേർത്ത് എണ്ണ ഒഴിച്ച് വാങ്ങി വെച്ചേക്ക്. ഞാൻ ഒന്ന് നടു നിവർത്തട്ട്. വല്ലാത്ത ക്ഷീണം”. ഒറ്റ ശ്വാസത്തിൽ അത്രയും പറഞ്ഞ് അവർ തിരിച്ചു നടന്നു. പ്രത്യേക അവസരങ്ങളിൽ മാത്രം വിശേഷപ്പെട്ട വിഭവങ്ങൾ ഉണ്ടാക്കുന്നതിനെ അവർ അത്ര കണ്ട് അനുകൂലിച്ചിരുന്നില്ല. ദിവസവും എന്തെങ്കിലും മധുരപലഹാരങ്ങൾ വേണം എന്ന നിർബന്ധം വെച്ച് പുലർത്തിയിരുന്നു.
പ്രഭ നിലത്ത് വീണ തുണി വെള്ളത്തിൽ മുക്കി വിരിച്ചിട്ടിട്ട് അടുക്കളയിൽ എത്തി വേഗം തന്നെ ജോലികളിലേക്ക് കടന്നു. കോളിങ് ബെല്ല് മുഴങ്ങുന്നതിന്റെയും അതിനു ശേഷം മുൻവാതിൽ തുറക്കപ്പെടുന്നതിന്റെയുമായ ശബ്ദങ്ങൾ പ്രഭ അടുക്കളയിൽ നിന്ന് തന്നെ കേട്ടിരുന്നു. വടക്കേത്തലക്കലിലെ ശാന്തയെ ഉമ്മറത്ത് ആനയിച്ച് ഇരുത്തുന്നതിനു മുൻപ് തന്നെ തേക്കേത്തൊടിയിലെ രമയുടെ മകളുടെ വിവാഹ തലേന്നുള്ള ഒളിച്ചോട്ടത്തെ പറ്റിയുള്ള ചർച്ച ആരംഭിച്ചു. ചുറ്റുവട്ടങ്ങളിലുള്ള ജനന-മരണങ്ങളുടെ നിരക്ക് നിജപ്പെടുത്തിയ ശേഷം കുട്ടികൾ ഇല്ലാത്ത ദമ്പതികളുടെ കണക്കെടുപ്പിലേക്കും ഗൈനക്കോളജിസ്റ്റുമാരുടെ പേരുവിവരങ്ങൾ പകർന്നു നൽകുന്നതിലേക്കും കടന്നു.
വിഷയങ്ങളുടെ ഒഴുക്ക് തടസ്സങ്ങൾ ഇല്ലാതെ ഒഴുകുന്ന അരുവി പോലെ ആയാസരഹിതമായിരുന്നു. രണ്ടു പേരുടെയും ചർച്ചകൾക്ക് വിഷയമാകാനുള്ള ഭാഗ്യം സ്വന്തകുടുംബക്കാർക്കും സിദ്ധിച്ചു. അത് പ്രഭയുടെ കർണ്ണപുടങ്ങളിൽ പതിക്കുകയും ചെയ്തു. സംസാരിക്കുന്ന ശബ്ദത്തിന്റെ ഉയർച്ച താഴ്ചകളിൽ നിന്നും വിഷയത്തിന്റെ സ്വഭാവം ഗ്രഹിക്കാമായിരുന്നു. ” മരുമോൾ വണ്ണം വെച്ചത് കണ്ടില്ലായിരുന്നോ നീ? ശ്രദ്ധിക്കണ്ടേ. വണ്ണം കൂടിയാൽ കുട്ടികൾ ഉണ്ടാവില്ലാത്രെ! കായ്ക്കാത്ത മരം വെട്ടുന്നതാണ് പതിവ്. അല്ലാ, എന്തിയെ നിന്റെ മരുമോൾ?” രമയുടെ ചോദ്യശരങ്ങൾക്കും അഭിപ്രായപ്രകടനങ്ങൾക്കുമൊടുവിൽ ഒരു ദീർഘനിശ്വാസത്തിനു ശേഷം അവർ അടുക്കളപ്പുറത്തേക്കു നീട്ടി വിളിച്ചു, “പ്രഭേ!”
രേഷ്മ ജേക്കബ്
എം ജി സർവ്വകലാശാലയിൽ നിന്നും ആംഗലേയ സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടി. ഹ്രസ്വ കാലത്തെ അദ്ധ്യാപനവൃത്തിയ്ക്ക് ശേഷം ഇപ്പോൾ കേരള സർവ്വകലാശാലയിൽ ഗവേഷക വിദ്യാർഥിനി.
Leave a Reply