ഡോ.ഉഷാറാണി.പി.

“ഒരത്തപ്പൂക്കളമിടാനുള്ള പൂക്കൾ കവിളത്തുണ്ടായിരുന്നല്ലോ!” എന്ന് വാട്സ് ആപ്പ് വഴി അദ്ദേഹത്തിൻ്റെ സന്ദേശം ലഭിച്ചപ്പോൾ “പ്രണയംകൊണ്ടായിരിക്കും ” എന്നൊരു കുസൃതിനിറഞ്ഞ മറുപടി കൊടുത്താലോ എന്നാദ്യം കരുതി. എങ്കിലും മൊബൈൽ ഫോൺ ഇമോജികളിലൊന്നിലൊതുക്കി.
കാരൂരിൻ്റെ ‘മരപ്പാവകളി’ലെ നായികയുടെ സംസാരമാണ് അപ്പോൾ ഓർമ്മവന്നത്.
ഉള്ളിലാകെ വീണ്ടുമൊരു പൊന്നോണം പൊട്ടിവിടർന്നു.
ഒന്നരവർഷത്തോളം നീണ്ട വാട്സ് ആപ്പ് ബന്ധത്തിൻ്റെ സാക്ഷാത്കാരമുഹൂർത്തമായിരുന്നു ഇന്നു നടന്നത്; അപ്രതീക്ഷിതമായി.
ഒരു യാത്രാമദ്ധ്യേ പെട്ടെന്നു സന്ദേശങ്ങളിലൂടെ തീരുമാനിച്ചതിൻപ്രകാരം കെ.എസ്.ആർ.ടി.സി.ബസ്സ്റ്റാൻഡിലെ തിരക്കിനിടയിൽവച്ചൊരു കൂടിക്കാഴ്ച. പത്തുപതിനഞ്ചു മിനിട്ടുകൾമാത്രം.
കവിയായ അദ്ദേഹത്തിന് അവിടെയടുത്തൊരു സാഹിത്യസമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കാനുള്ളതുകൊണ്ടും എനിക്കു യാത്രതുടർന്ന് ലക്ഷ്യസ്ഥാനത്തിലെത്തേണ്ടതുകൊണ്ടും.
പ്രായവും പക്വതയുമുള്ള ഞങ്ങളുടെ മനസ്സിൽ അന്യോന്യംതോന്നിയിരുന്ന അടുപ്പത്തിനെ പ്രണയമെന്നു വകഭേദംചെയ്താലതിൽ തെറ്റില്ല. അല്ലെങ്കിലും പൂവുപോലുള്ള ഈ ഓമനക്കൗതുകത്തിന് എന്താണു തെറ്റ്?
ഇന്നു കാണാൻ സാധിച്ചത് എൻ്റെ നിർബ്ബന്ധപ്രകാരമാണ്.
ഞാനപ്പോൾ ബസിലിരുന്ന് അതുവഴി കടന്നുപോവുകയാണെന്നു പകൽകഴിഞ്ഞനേരം സാധാരണപോലെ സന്ദേശമയച്ചിരുന്നു. ആ ഭാഗത്തുനടക്കുന്ന കവിയരങ്ങിൻ്റെ കാര്യം അദ്ദേഹവും പങ്കുവച്ചു.അതിൻ്റെ സമയവുമായി സമയവായപ്പെടുത്താൻ കഴിയുമോയെന്നു സംശയമുള്ളതുകൊണ്ട് അദ്ദേഹം ഒഴികഴിവുകൾ പറഞ്ഞു.
അപരിചിതത്വത്തിൻ്റെ മഞ്ഞുരുകി സ്നേഹത്തിൻ്റെയും സൗഹൃദത്തിൻ്റെയും വെയിലും തണലും ഒരുപോലെകൊള്ളാൻ തുടങ്ങിയതുമുതലുള്ള എൻ്റെ പരിഭവവും പിണക്കവും ഇവിടെയും തുടർന്നു.
എന്നെക്കാണാൻ വരാൻ വിമുഖതകാണിക്കുന്നത് ഇഷ്ടക്കുറവുകൊണ്ടാണെന്ന് ഞാൻ വൃഥാ പറഞ്ഞു.
മുമ്പൊരിക്കൽ എൻ്റെ നഗരത്തിൽ ഒരാവശ്യാർത്ഥം വന്നു തങ്ങുമ്പോൾ കാണാനാകുമോയെന്നു ഞാൻ ചോദിച്ചതിന് അവിടുത്തെ ഗണപതി ഭഗവാൻ അനുവദിക്കാത്തതിനാൽ പറ്റില്ലയെന്നു പറഞ്ഞതോർമ്മിപ്പിച്ച് ഇക്കുറി ഞാൻ ശരിക്കും വഴക്കടിച്ചു.
പ്രസിദ്ധമായ ഗണപതിക്ഷേത്രം സ്ഥിതിചെയ്യുന്ന സ്ഥലവാസിയായതിനാൽ സ്വാഭാവികമായും വിഘ്നേശ്വരഭക്തനായ അദ്ദേഹത്തോട് ആ ഗണപതിയും സമ്മതിക്കുന്നില്ലേയെന്നു ഞാൻ ചൊടിച്ചു.
അപ്പോഴും അക്ഷോഭ്യനായിരുന്ന അദ്ദേഹമപ്പോൾ അന്ന് തനിക്കുള്ള മറ്റു കർത്തവ്യങ്ങളെക്കുറിച്ചെനിക്കെഴുതി.
എങ്കിൽ അതൊക്കെച്ചെന്നു നിറവേറ്റിക്കൊള്ളാനും ഞാനാരെയും പിടിച്ചുവച്ചിട്ടില്ലയെന്നും മറുപടി കൊടുത്തു. എന്നാൽ അദ്ദേഹത്തെ ഞാൻ പിടിച്ചുവച്ചിരിക്കുകയാണല്ലോയെന്നയർത്ഥത്തിൽ ‘ തന്നെ’ എന്നാണെനിക്കു മറുകുറിപ്പുവന്നത്.
ഉരുളയ്ക്കുപ്പേരിപോലെ എപ്പോഴും മറുപടി തരുന്ന കാര്യത്തിൽ അഗ്രഗണ്യനാണെന്നത് എനിക്ക് പരിചിതമല്ലാത്തതല്ല. മിക്കകവിതകളിലും കാണുന്ന നാടൻശീലുകൾകൊണ്ടുള്ള കൂട്ടിക്കെട്ടൽപോലെ ഉത്തരംനൽകുന്നതിലുള്ള വികടസരസ്വതിയും എനിക്കു പലപ്പോഴും കീറാമുട്ടിയായിരുന്നു.
സൗഹാർദ്ദത്തിൻ്റെ മേൽപ്പുതപ്പ് മെല്ലെ മെല്ലെ നീക്കി മധുരമുള്ള ആഴങ്ങളിലേക്കിറങ്ങിത്തുടങ്ങിയപ്പോൾ എനിക്കേറെയിഷ്ടമുണ്ടായതും ഈ സംസാരരീതിയോടുതന്നെയായിരുന്നു. ഉത്തരംമുട്ടിയും ചിലപ്പോളതിൻ്റെ സുഖത്തിൽ ഉത്തരം കൊടുക്കാതിരിക്കുകയും ഞാൻ ചെയ്തുപോന്നിരുന്നത് അദ്ദേഹത്തോടു പറഞ്ഞിരുന്നു.
ഇന്ന്, ഈ രണ്ടക്ഷരത്തിലെ ആർദ്രതയും ആത്മാർത്ഥതയും എന്നെ പൊട്ടിച്ചിരിപ്പിച്ചു. ഞാൻ ബന്ധനവിമുക്തനാക്കുന്നുവെന്നും ഇഷ്ടംപോലെ വിഹരിച്ചുകൊള്ളാനും പറഞ്ഞു.
എന്നിട്ടും ഓണത്തിൻ്റെ അലകളിനിയുമടങ്ങിയിട്ടില്ലാത്ത പശ്ചാത്തലത്തിൽ ഉച്ചയ്ക്കു ഞങ്ങൾ കണ്ടുമുട്ടി. ജൂബ്ബയും മുണ്ടും ധരിച്ച് ചന്ദനക്കുറിയുമണിഞ്ഞ് ഒരു മാതൃകാ കവിയുടെ രൂപത്തിൽ എൻ്റെ മുന്നിലെത്തി. ഷർട്ടും മുണ്ടും ധരിച്ചു കാണുന്നതാണ് എനിക്കിഷ്ടമെന്ന് ഫോട്ടോകൾ കാണുമ്പോൾ ഞാൻ പറഞ്ഞിരുന്നു.
എൻ്റെ ഓണത്തിൻ്റെ സൗന്ദര്യത്തിനു മാറ്റുകൂടിയതായി എനിക്കു തോന്നി.മനസ്സിൽനിറഞ്ഞ ലജ്ജയും സന്തോഷവും മുഖത്തു പ്രതിഫലിക്കുന്നുണ്ടെന്ന് ഞാനറിഞ്ഞു.ഹൃദയംനിറഞ്ഞിരുന്നതിനാൽ വാക്കുകൾ പുറത്തുവരാൻ മടിച്ചു.
എത്രയോ തവണ പിണങ്ങുകയും ഇണങ്ങുകയും ചെയ്തു. പരുഷവാക്കുകളോതി. അന്തർഗതങ്ങൾ കവിതകളിലൂടെ കൈമാറി.
ഒരു സോഷ്യൽമീഡിയാ ബന്ധം എന്നതിലുപരി പരിചയമാർന്ന് സ്നേഹസാന്ത്വനങ്ങൾ പങ്കുവച്ചു.ആശയസംഘട്ടനങ്ങളും അരങ്ങേറി.
ഇന്ന് പരിഭ്രമത്തോടെ മുൻപിൽ നിൽക്കുന്ന എന്നെനോക്കിയദ്ദേഹം നിറചിരി പൊഴിച്ചു.
കാതങ്ങളകലെയായിരുന്ന ഞങ്ങൾ അടുത്തടുത്തു നിന്നു. ഞങ്ങൾക്കിരുവശത്തുകൂടെ അപരിചിതർ ശബ്ദിച്ചും അല്ലാതെയും പൊയ്ക്കൊണ്ടിരുന്നു.അവർ ബസ് സ്റ്റാൻഡിലെ സ്റ്റാളുകളിൽനിന്ന് ശീതളപാനീയങ്ങളും മധുരമുള്ളതും എണ്ണയിൽ പൊരിച്ചതുമായ പലഹാരങ്ങളും വാങ്ങി രുചിച്ചു.കണ്ടുമറന്ന ഏതോ ചലച്ചിത്രത്തിലെ രംഗം ആവർത്തിക്കപ്പെടുന്നതായി എനിക്കു തോന്നി.ഞാനതാസ്വദിച്ചു.
എനിക്കു പോകാനുള്ള ബസ്സിൽക്കയറുമ്പോൾ അദ്ദേഹത്തിനു കൈകൊടുത്തു പിരിഞ്ഞതും ബൈക്കിനടുത്തുപോയിനിന്ന് അകന്നുപോകുന്ന ബസ്സിലിരുന്ന് തിരിഞ്ഞുനോക്കിയ എനിക്കുനേരെ കൈവീശിയതും ക്രമേണയൊരു നൊമ്പരമായി എന്നിലിറങ്ങി.ഞാൻ പ്രിയപ്പെട്ടയൊന്നിൽനിന്ന് അടർത്തിമാറ്റപ്പെട്ടതുമാതിരി. ഓണം ഓർമ്മകൾക്കുകൂടിയുള്ളതാണല്ലോ.

ഡോ.ഉഷാറാണി .പി

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

തിരുവനന്തപുരം ജില്ലയിൽ മണക്കാടിനടുത്ത് 1975 ൽ ജനനം. കെ.ജി.പ്രഭാകരനാചാരിയും കെ.പത്മവുമാണ് മാതാപിതാക്കൾ. ഗവ.സ്കൂൾ മണക്കാട്, ആൾ സെയിൻ്റ്സ് കോളേജ് തിരുവനന്തപുരം, ഗവ.യൂണിവേഴ്സ് റ്റി കോളേജ് തിരുവനന്തപുരം, ശങ്കരാചാര്യ സംസ്കൃത യൂണിവേഴ്സിറ്റി തിരുവനന്തപുരം കേന്ദ്രം എന്നിവിടങ്ങളിൽ നിന്ന് വിദ്യാഭ്യാസം കഴിഞ്ഞ് കേരള യൂണിവേഴ്‌സിറ്റിയിൽ നിന്നും മലയാള സാഹിത്യത്തിൽ ഡോക്ടറേറ്റു നേടി. സ്വകാര്യ മേഖലയിലെ വിദ്യാലയങ്ങളിലെ അദ്ധ്യാപികയായിരുന്നു. ഇപ്പോൾ ആറ്റുകാൽ ചിന്മയ വിദ്യാലയത്തിൽ. ആനുകാലികങ്ങളിൽ സാഹിത്യരചനകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ‘ആത്മ നിവേദനം’ എന്ന കവിതാ സമാഹാരവും പ്രസിദ്ധീകരിച്ചു.

വിലാസം: പ്രഭാതം, ടി.ആർ.ഏ-39, താവലോട് നഗർ, മുട്ടത്തറ, തിരുവനന്തപുരം – 8.
ഫോൺ – 9746201959