അഖിൽ പുതുശ്ശേരി
ചിങ്ങമിങ്ങെത്തി തുമ്പപൂവേ
പൂക്കാൻ വൈകുന്നതെന്തേ നീ
അത്തം നാൾ മുതൽ അത്തമൊരുക്കിടാൻ
സൂര്യനുമുന്നേ ഉണർന്നിടേണം
ആർപ്പോ ഇർപ്പോ എന്നോതിയോതി
മാവേലി തമ്പ്രാനെ വരവേറ്റിടേണം
ചെത്തി ചേമന്തി മന്ദാരം മുക്കുറ്റി
കൊമ്പത്തുനിന്നൊരു ചെമ്പകപ്പൂവും
ഒത്തങ്ങിരുന്നെന്റെ മുറ്റത്തു നാണത്താൽ
തുമ്പപ്പൂപ്പെണ്ണിന്റെ ചേലുകണ്ട്
ഓണത്തപ്പനെ ചേലോടൊരുക്കി
കത്തിച്ചുവെച്ചൊരു നെയ്യ് വിളക്കും
താമര പെണ്ണവൾ മധ്യത്തിൽ നിന്നതാ
സൂര്യനെനോക്കി പുഞ്ചിരിച്ചു
ആകാശ സീമയിൽ ആർപ്പും വിളിയുമായ്
കോടിയുടുത്തു കുംങ്കുമം തൊട്ടു
പായസം വെയ്ക്കേണം പപ്പടം കാച്ചണം
ഊഞ്ഞാലിൽ ചേലോടൊന്നാടീടണം
വള്ളംകളിയും വടംവലിച്ചാണുങ്ങൾ,
കസവുമുണ്ടണിഞ്ഞാടി പെൺകിടാക്കൾ
കുഞ്ഞോമനകൾ മത്സരിച്ചങ്ങനെ
മാവേലിമന്നനെ വരവേറ്റിടുന്നു
പൂക്കാൻ വൈകുന്നതെന്തേ പൂക്കളേ
ചിങ്ങപ്പുലരി ചിരിതൂകി നിൽക്കേ.
അഖിൽ പുതുശ്ശേരി
1995 ഏപ്രിൽ 15-ന് ആലപ്പുഴ ജില്ലയിൽ ചെട്ടികുളങ്ങരയിൽ പുതുശ്ശേരിയെന്ന ഗ്രാമത്തിൽ ജനിച്ചു .
അച്ഛൻ മുരളീധരൻ നായർ ,അമ്മ കൃഷ്ണകുമാരി . ബാല്യകാലം മുതൽ കവിത എഴുതിത്തുടങ്ങി ,നാല് കാവ്യസമാഹാരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്
. 2010-ൽ isro യിൽ പ്രബന്ധം അവതരിപ്പിക്കാൻ വിദ്യാലയത്തെ പ്രതിനിധീകരിച്ചു .മാതൃഭൂമി, കലാകൗമുദി, എഴുത്തോല, മലയാള മനോരമ, കവിമൊഴി, മാധ്യമം, കേസരി, സമകാലിക മലയാളം ,പച്ചമലയാളം, ദേശാഭിമാനി, ചന്ദ്രിക, കലാപൂർണ്ണ, തുടങ്ങിയ സമകാലികങ്ങളിൽ കവിത പ്രസിദ്ധീകരിച്ചു
ഓൾ ഇന്ത്യ റേഡിയോയിൽ കവിത അവതരിപ്പിച്ചിട്ടുണ്ട്.
നിലവിൽ സംസ്ഥാന ആസൂത്രണ ബോർഡിൽ ജോലി ചെയ്യുന്നു.
പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ:
നിഴൽക്കുപ്പായം
മാമ്പൂവ്
സ്വപ്നംകൊണ്ടെഴുതിയ ഒസ്യത്ത്
അൻഡു
പുരസ്‌കാരങ്ങൾ
—————–
എഴുത്തച്ഛൻ ഫെൽലോഷിപ്
ആശാൻ സ്മാരക പുരസ്‌കാരം
എം എൻ കുമാരൻ സ്മാരക പുരസ്‌കാരം
റോട്ടറി ക്ലബ് സാഹിത്യ പുരസ്‌കാരം
ടാഗോർ സ്മാരക പുരസ്‌കാരം
ലെനിൻ ഇറാനി സ്മാരക പുരസ്‌കാരം
യാനം സാഹിത്യ പുരസ്‌കാരം
Leave a Reply