സിസ്റ്റർ ഉഷാ ജോർജ്
അമ്മേ കർമ്മലറാണീ മാതേ
ഭാരതസഭയുടെ അപ്പസ്തോലികേ
ക്രൈസ്തവരുടെ മാർഗ്ഗദീപമേ
കൊല്ലം രൂപതയുടെ മധ്യസ്ഥേ
അമ്മേ കർമ്മല റാണി പ്രണാമം!!
ഇന്നിതാ നൂറ്റാണ്ടുകളുടെ ചൈതന്യത്താൽ സേവനമികവുമായി തലയുയർത്തിനില്ക്കുന്നു
ഞങ്ങളുടെ രൂപത കൊല്ലം രൂപത
കൃതജ്ഞതയാൽ ഞങ്ങൾ നമിക്കുന്നു നിന്നെ!!
ശ്രേഷ്ഠന്മാരാം നല്ലിടയന്മാരേയും
വൈദിക ശ്രേഷ്ഠരേയും സന്ന്യസ്തരേയും
സഭയ്ക്കായി ജന്മം നൽകിയ അമ്മേ
നന്ദിയർപ്പിക്കുന്നു കൃതജ്ഞതയാൽ!
ക്രിസ്തീയ ചൈതന്യം പകർന്നു നൽകിയ
കാരുണ്യമോർത്തു സ്തുതിക്കുന്നു നിന്നെ!
പാരമ്പര്യത്തിന്റെ എഴുന്നുറാം നിറവിൽ
നിറകതിരോടെ നില്ക്കും കൊല്ലം രൂപത
നിൻ കരുതലിൽ അഭിമാനത്തോടെ നില്പൂ
അമ്മേ കർമ്മലറാണീ എന്നും കൂട്ടായിരിക്കണേ!
നിൻ സ്നേഹ തലോടലിൻ നിറവിൽ
ഞങ്ങളുടെ മനവും നിറയട്ടെ നന്മയാൽ!
സിസ്റ്റർ ഉഷാ ജോർജ്
കൊല്ലം ജില്ലയിലെ കൊടുവിളയിൽ കെ. പി. ജോർജിന്റെയും മേഴ്‌സി ജോർജിന്റെയും മകളായി ജനിച്ച സിസ്റ്റർ ഉഷാ ജോർജ്, കൊടുവിള ഉപഹാരമാതാ നഴ്‌സറി സ്കൂൾ, സെന്റ് ഫ്രാൻസിസ് സേവ്യർ യു.പി. സ്കൂൾ, സി.വി. കുഞ്ഞുരാമൻ മെമ്മോറിയൽ ഹൈസ്കൂൾ ഈസ്റ്റ് കല്ലട എന്നിവിടങ്ങളിൽ വിദ്യാഭ്യാസം നേടി; പ്രീഡിഗ്രിക്കുശേഷം ഹിന്ദി ഭാഷയിൽ സാഹിത്യാചാര്യയും 2005-ൽ റോമിലെ ഗ്രിഗോറിയൻ സർവകലാശാലയിൽ നിന്ന് മതശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും നേടി. പതിനാറാം വയസ്സുമുതൽ എഴുത്താരംഭിച്ച സിസ്റ്റർ ഉഷാ ജോർജ് മലയാളം, ഇംഗ്ലീഷ്, ഇറ്റാലിയൻ ഭാഷകളിൽ കഥ, കവിത, നോവൽ, ലേഖനം, ആസ്വാദനക്കുറിപ്പ്, അനുഭവക്കുറിപ്പ് തുടങ്ങിയ വിഭാഗങ്ങളിൽ രചനകൾ നടത്തിയിട്ടുണ്ട്. ‘സോളോ അമോറിസ്’ (2024), ‘യമുനയുടെ തീരത്ത്’ (2025), ‘ആത്മാവിലെ മുദ്രകൾ’ (2025) എന്നീ മലയാള കൃതികളും ‘വോച്ചെ ദെൽ മോദോ’ (ലോകത്തിന്റെ ശബ്ദങ്ങൾ) എന്ന ഇറ്റാലിയൻ കവിതാസമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ‘സോളോ അമോറിസ്’ കഥാസമാഹാരത്തെക്കുറിച്ചുള്ള നിരൂപണവും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ഇംഗ്ലീഷിൽ എഴുതിയ 115 കവിതകളുടെ സമാഹാരം പ്രസിദ്ധീകരണത്തിനൊരുങ്ങുകയാണ്. 2025-ലെ കൊട്ടാരക്കര കലാസാഹിത്യ സംഘത്തിന്റെ സാഹിത്യ പുരസ്കാരവും ഗുരുസാഹിത്യ സംഘടനയുടെ വനിതാരത്ന അവാർഡും ഉൾപ്പെടെ വിവിധ അംഗീകാരങ്ങൾ നേടിയിട്ടുള്ള സിസ്റ്റർ ഉഷാ ജോർജ്, വേൾഡ് സ്പിരിച്വൽ ഹ്യൂമാനിറ്റി പീസ് ആൻഡ് ലിറ്റററി അസോസിയേഷൻ അംഗവുമാണ്; ഇമെയിൽ: [email protected]











Leave a Reply