ശ്രീനാഥ് സദാനന്ദൻ

കാണാതായ ഒരു പുസ്തകം സ്റ്റാഫ് റൂമിൽ അന്വേഷിക്കുന്നതിനിടെയാണ് കഴിഞ്ഞ വർഷത്തെ കുട്ടികൾ തിരിച്ചു വാങ്ങാത്ത അസൈൻമെന്റ് പേപ്പറുകൾ ശ്രദ്ധയിൽപ്പെട്ടത്, അതിൽ ഏറ്റവും മുകളിൽ ഇരുന്ന അസൈന്മെന്റിലെ പേര് സുറുമി നസീം. ആ പേര് കണ്ടപ്പോൾ ഉള്ളിൽ ഒരു ഞെട്ടൽ.. കാരണം സുറുമി ഇന്നില്ല. അവൾ ഇന്ന് ഓർമ്മ മാത്രമാണ്.

വെറുമൊരു താളിൽ കുറിക്കുന്ന ഓർമ്മക്കുറിപ്പിന് അപ്പുറം , പലരുടെയും പിടിവാശിക്ക് മുൻപിൽ നിസഹായനായി നിൽക്കേണ്ടി അനുഭവമാണ് പങ്കുവയ്ക്കാനുള്ളത്. ഇന്നോ നാളെയോ അടച്ചു പൂട്ടിയേക്കാവുന്ന ഒരു പാരലൽ കോളേജിലെ അദ്ധ്യാപകനാണ് ഞാൻ. എന്റെ കോളേജിൽ, പ്ലസ് ടു രണ്ടാം വർഷമാണ് സുറുമി വന്നുചേർന്നത്, ഹ്യൂമാനിറ്റീസ് വിദ്യാർത്ഥിനി. ഒന്നാം വർഷം പഠിച്ചത് ആലപ്പുഴയിലാണ്. അസാമാന്യ ബുദ്ധിസാമർത്ഥ്യം ഉള്ള കുട്ടി, പുസ്തകങ്ങൾ പലതും വാങ്ങിച്ചിട്ടില്ലെങ്കിലും, അധ്യാപകർ പറയുന്ന കാര്യങ്ങൾ ഒരു തവണ കേട്ടാൽ ഓർത്തുവയ്ക്കാൻ കഴിയും വിധം അവൾ സമർത്ഥയായിരുന്നു. മിടുക്കി എന്ന വിശേഷണം ഏതാനും ദിവസങ്ങൾ കൊണ്ട് അവൾ നേടിയെടുത്തു. എല്ലാ അധ്യാപകർക്കും അവളെ കുറിച്ച് നല്ല അഭിപ്രായം.

പെട്ടെന്നൊരു ദിവസം കാര്യങ്ങളെല്ലാം മാറിമറിഞ്ഞു, സുറുമിയുടെ ഉമ്മ കോളേജിൽ വന്ന് ടീച്ചേഴ്സിനെ കണ്ടു. അവൾക്ക് അവരുടെ നാട്ടിൽ ഉള്ള ഒരു പയ്യനുമായി പ്രേമം ഉണ്ട് എന്നും അവനെ ഒഴിവാക്കാൻ വേണ്ടിയാണ് ആലപ്പുഴയിൽ നിന്നും അവർ കോട്ടയത്തേക്ക് മാറി താമസിച്ചത് എന്നും അവർ പറഞ്ഞു. പക്ഷേ അവൻ ഇവിടെയും എത്തി. അവളെന്തെങ്കിലും എടുത്തുചാട്ടം കാട്ടിയേക്കും എന്ന ഭയമായിരുന്നു ആ സ്ത്രീയ്ക്ക്. ആ പയ്യന് പതിനേഴു വയസ്സ്..സുറുമിക്ക് പതിനെട്ടും. മാത്രമല്ല, അവൻ മറ്റൊരു സമുദായത്തിൽ നിന്നുള്ള പയ്യനുമാണ് . പലവിധത്തിലും ഈ ബന്ധം ഇല്ലാതാക്കാൻ അവർ ശ്രമിച്ചു, അനുനയം, ഭീഷണി എല്ലാം പ്രയോഗിച്ചു. പക്ഷേ ആ ബന്ധം ഇപ്പോഴും തുടരുന്നു എന്ന് ഉമ്മ പറഞ്ഞു. കോളേജിൽ നിന്ന് തിരിച്ചു പോകുമ്പോൾ അവൾ അവനെ കാണുന്നുണ്ട്, കഴിഞ്ഞ ദിവസം രണ്ടു മണിക്ക് ക്ലാസ് കഴിഞ്ഞശേഷം അഞ്ചുമണിക്കാണ് അവൾ വീട്ടിലെത്തിയത് എന്നും ഉമ്മ കൂട്ടിച്ചേർത്തു. കോളേജിന് പുറത്ത് കുട്ടികൾ എന്താണ് ചെയ്യുന്നത് എന്ന് തിരക്കാൻ ഞങ്ങൾക്ക് സാധിക്കില്ല എന്ന് പറഞ്ഞ് പ്രിൻസിപ്പൽ കൈയ്യൊഴിഞ്ഞു.

വിദ്യാർത്ഥികൾ കുറവായതു കൊണ്ടും അവരെയൊക്കെ വ്യക്തിപരമായി കൂടുതൽ അടുത്തറിയുന്നതു കൊണ്ടും ടീച്ചേഴ്സ് അവരുടെ കാര്യങ്ങളിൽ കൂടുതൽ ഇടപെട്ടിരുന്നു. അതുകൊണ്ടുതന്നെ അടുത്തദിവസം മുതൽ ടീച്ചേഴ്സിന്റെ മനോഭാവം പൂർണമായി മാറി. എന്തോ വലിയ പാപം ചെയ്തവൾ എന്ന രീതിയിൽ അവളെക്കുറിച്ച് സ്റ്റാഫ് റൂമിൽ സംസാരിക്കാൻ തുടങ്ങി. എല്ലാവർക്കും പ്രിയങ്കരനായ പ്യൂൺ അവളെ കുറിച്ച് അശ്ലീല തമാശകൾ പറഞ്ഞു ടീച്ചേഴ്സിനെ ചിരിപ്പിക്കാൻ തുടങ്ങി. എനിക്ക് മാത്രം ഇതിൽ ഒന്നും രസം കണ്ടെത്താനോ അവളെ വെറുക്കാനോ തോന്നിയില്ല. ഞാൻ സോഷ്യോളജി ആണ് പഠിപ്പിക്കുന്നത്. ഒരു നല്ല വിദ്യാർത്ഥി എന്ന നിലയിൽ അവൾ ഞാൻ പഠിപ്പിക്കുന്നത് പഠിക്കുന്നുണ്ട്, ചെയ്യേണ്ട കാര്യങ്ങൾ ചെയ്തു കൊണ്ടു വരുന്നുണ്ട്. ഞാൻ അത് മാത്രം ശ്രദ്ധിച്ചു. അതുകൊണ്ട് അവൾ പിന്നീട് എന്നോട് മാത്രം അല്പം കൂടുതൽ അടുപ്പം കാണിച്ചു. പെൻ കളക്ഷൻ അവളുടെ ഹോബിയാണെന്നും, സാർ എഴുതിത്തീർത്ത പേനകൾ തരണമെന്നും അവൾ എന്നോട് പറഞ്ഞു. അവൾ എന്നോട് കൂടുതൽ താല്പര്യം കാണിക്കുന്നു എന്ന പേരിൽ വഷളൻ തമാശകൾ സ്റ്റാഫ് റൂമിൽ ഉയർന്നപ്പോൾ ടീച്ചേഴ്സിനോട് ഞാൻ കലഹിച്ചു.

ഇടയ്ക്ക് വീണ്ടും അവളുടെ ഉമ്മ വന്നു, അവൾ വീട്ടിൽ വഴക്ക് ആണത്രേ, ഉമ്മ വളരെ രഹസ്യമായി അവളെ പിന്തുടരുന്നുണ്ട്. അവൾക്ക് അത് മനസ്സിലായി, അതിന്റെ പേരിൽ ഉമ്മയോടും ബാപ്പയോടും അവൾ മിണ്ടാതിരിക്കുകയാണ്. ഞാൻ പറയുന്നത് പൂർണമായും ഉൾക്കൊള്ളാൻ കഴിയുന്ന രേവതി ടീച്ചറോട് ഞാൻ സംസാരിച്ചു, ടീച്ചർ അവളോട് സംസാരിച്ചു കൊള്ളാം എന്ന് എനിക്ക് ഉറപ്പുനൽകി.

അടുത്ത ദിവസം രാവിലെ സുറുമി വന്നത് ക്ലാസ് തുടങ്ങി പത്തു മിനിറ്റ് കഴിഞ്ഞപ്പോഴാണ്, ഇക്കാര്യം അറിഞ്ഞ പ്രിൻസിപ്പാൾ ക്ലാസിൽ വന്ന് അവളോട് ദേഷ്യപ്പെട്ടു. ഒരു മണിക്കൂർ മുമ്പ് അവൾ ക്ലാസ്സിൽ വന്നിട്ട് പോയതാണ് എന്ന് കോളേജിലെ ഒരു സ്റ്റാഫ് അവിടെ ആരോടോ പറഞ്ഞതാണ് ഇതിനു കാരണം. ഞാൻ മറ്റു കുട്ടികളോട് കാര്യം ചോദിച്ചു, ആ സമയത്ത് അവൾ വന്നിട്ടില്ലായിരുന്നു എന്ന് ആ കുട്ടികൾ പറഞ്ഞു. വഴിപ്പണി നടക്കുന്നത് കാരണം ബസ്സ്‌ ലേറ്റ് ആകും എന്ന് അവളും അതേ റൂട്ടിൽ വരുന്ന മറ്റു കുട്ടികളും പറഞ്ഞിരുന്ന കാര്യം ടീച്ചേഴ്സ് സൗകര്യപൂർവം മറന്നു കളഞ്ഞു. പ്രിൻസിപ്പാൾ അവളെ ചോദ്യം ചെയ്തപ്പോൾ, ഞാൻ അവൾക്കു വേണ്ടി ശബ്ദിച്ചു, അവളെ പറഞ്ഞു വീട്ടിൽ വിടാൻ തുടങ്ങിയപ്പോൾ, താമസിച്ചു വരുന്ന എല്ലാ കുട്ടികൾക്കും ഈ നിയമം ബാധകമല്ലേ എന്ന് ഞാൻ ചോദിച്ചു, പക്ഷേ പ്രിൻസിപ്പാളിന്റെ ശബ്ദം ജയിച്ചു. അവളെ അന്ന് വീട്ടിൽ പറഞ്ഞുവിട്ടു.

അടുത്ത ദിവസം അവളുടെ ഉമ്മ കോളേജിൽ എത്തി, അവരുടെ മകൾ കോളേജിന് ചീത്തപ്പേര് വരുത്തും ഇനിയും ഇവിടെ തുടരാൻ അനുവദിക്കില്ല എന്ന് പ്രിൻസിപ്പാൾ ഉമ്മയോട് പറഞ്ഞു. ഉമ്മാ കൂടുതലൊന്നും പറഞ്ഞില്ല. അവർ സ്റ്റാഫ് റൂമിൽ വന്നു. സോഷ്യോളജി സാറിന്റെ പുസ്തകം വാങ്ങിക്കണം എന്ന് സുറുമി ഓർമിപ്പിച്ച കാര്യം എന്നോട് പറഞ്ഞു. പുസ്തകം വാങ്ങിച്ചില്ലെങ്കിലും അവൾ പരീക്ഷയിൽ ജയിക്കും എന്ന് എനിക്ക് ഉറപ്പായിരുന്നു. നിസ്സഹായയായ ഉമ്മ നിറകണ്ണുകളോടെ ഇറങ്ങിപ്പോയി. അവളെ തിരുത്താം എന്ന് രേവതി ടീച്ചറിന് ഉറപ്പുണ്ടായിരുന്നു. ഇനി അതിന് സാധിക്കില്ലല്ലോ.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കഴിഞ്ഞ മാർച്ച് മാസം പന്ത്രണ്ടാം തീയതി വൈകുന്നേരം നാലുമണി ആയപ്പോൾ, ടീച്ചേഴ്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിലേക്ക് ഒരു ടീച്ചർ മെസ്സേജ് അയച്ചു. നമ്മുടെ കോളേജിൽ പഠിക്കുന്ന സുറുമി എന്ന കുട്ടി മരിച്ചു എന്ന് ഒരു വാർത്ത കേട്ടു, അത് ശരിയാണോ എന്ന്. ഞാനൊന്ന് ഞെട്ടി. അധികം വൈകാതെ തന്നെ മറ്റ് കുട്ടികളിൽ നിന്ന് ആ വാർത്ത സത്യമാണെന്ന് അറിഞ്ഞു. കുറച്ചുദിവസം മുമ്പ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയതാണ്. ഏതാനും ദിവസം ആശുപത്രിയിൽ കിടന്നു. അന്നാണ് മരണം സംഭവിച്ചത്. എനിക്ക് വല്ലാത്ത ഒരു കുറ്റബോധം തോന്നി. അവളെ തിരുത്താമായിരുന്നു. പക്ഷേ പലരുടെയും തിടുക്കം..
തെറ്റായ തീരുമാനം..
സുറുമി യാത്രയായി.

പരസ്യങ്ങളെ കുറിച്ചുള്ള ആ അസൈൻമെന്റ് ഞാൻ കൈയിലെടുത്തു. ഡിഗ്രിക്കാലത്തെ ചങ്ങാതിമാരുടെ കുറിപ്പ് ഉള്ള ഡയറിയിൽ ദേവിക എന്ന കുട്ടി ആശംസ എഴുതിയ പേജിൽ അത് ഞാൻ വെച്ചു. ദേവികയും ഇന്നില്ല. എന്റെ അനിയത്തി കുട്ടിയെ പോലെയായിരുന്നു അവൾ. എന്റെ ജൂനിയർ. അപ്രതീക്ഷിതമായിരുന്നു അവളുടെയും വേർപാട്. ഓട്ടോറിക്ഷ ഓടിക്കാൻ പഠിക്കുമ്പോൾ അപകടം സംഭവിച്ച് മരിക്കുകയായിരുന്നു.

ഡയറി മടക്കി വച്ച ശേഷം ഞാൻ ഒരു ദീർഘനിശ്വാസം എടുത്തു. പലതും ബാക്കിവെച്ച് മടങ്ങിയ രണ്ടുപേരുടെ ഓർമ്മകൾ..ഞാനാ ഡയറി ഷെൽഫിലേക്ക് തിരികെവെച്ചു. കാണാതായ പുസ്തകം വീണ്ടും തിരയാൻ ആരംഭിച്ചു.

ശ്രീനാഥ് സദാനന്ദൻ:- എം ജി യൂണിവേഴ്‌സിറ്റിയിലെ സ്കൂൾ ഓഫ് ലെറ്റേഴ്സിൽ നിന്നും മലയാളത്തിൽ MA, M Phil ബിരുദങ്ങൾ നേടി. കോട്ടയം കോ -ഓപ്പറേറ്റീവ് കോളേജിലെ മലയാളം അധ്യാപകനാണ്. സീരിയൽ, സിനിമ മൊഴിമാറ്റ രംഗത്ത് സജീവമാണ്. ഇപ്പോൾ ഗ്രന്ഥപ്പുര വെബ്സൈറ്റിന്റെ ഡിജിറ്റൈസേഷന്റെ ഭാഗമായി പ്രവർത്തിക്കുന്നു.