ഓണ്‍ലൈൻ തട്ടിപ്പ് കേസിൽ പ്രതിയായ നൈജീരിയൻ യുവതിയെ ബംഗളുരൂവിൽ നിന്നു മലപ്പുറം പോലീസ് അറസ്റ്റ് ചെയ്തു. ബെല്ലോ പമിലെറിൻ ഡെബോറ (23)യാണ് പിടിയിലായത്. മലപ്പുറം പോലീസിൽ ലഭിച്ച പരാതിയെ തുടർന്നാണ് അറസ്റ്റ്. മലപ്പുറം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്ത് മഞ്ചേരി ജയിലിലേക്കയച്ചു.
കഴിഞ്ഞ ജനുവരിയിൽ ഓണ്‍ലൈൻ വെബ്സൈറ്റ് മുഖേന നടന്ന ഇടപാടിൽ പരാതിക്കാരന്റെ പണം പ്രതി തട്ടിയെടുത്തെന്നാണ് കേസ്. പരസ്യ വെബ്സൈറ്റിൽ തന്റെ ഇലക്ട്രോണിക് ഉപകരണം വിൽക്കാൻ പരസ്യം ചെയ്ത പരാതിക്കാരനെ അമേരിക്കയിൽ നിന്നെന്ന മട്ടിൽ ഓണ്‍ലൈനിൽ ബന്ധപ്പെട്ടാണു യുവതി പണം തട്ടിയത്. ഇലക്ട്രോണിക്സ് ഉപകരണം തന്റെ വിലാസത്തിൽ അയച്ചുകൊടുത്താൽ പണം അക്കൗണ്ടിലേക്കു ട്രാൻസ്ഫർ ചെയ്യാമെന്നു വിശ്വസിപ്പിക്കുകയായിരുന്നു. ഉപകരണം അയച്ചുകൊടുത്തെങ്കിലും പണം നൽകിയില്ല. പിന്നീട് പണം ട്രാൻസ്ഫർ ചെയ്യുന്നതിന് ഇന്റർനാഷണൽ ട്രാൻസ്ഫർ ചാർജ് എന്ന പേരിൽ ഒരു ലക്ഷത്തോളം രൂപ കൈക്കലാക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു.
പുതിയ തരത്തിലുള്ള ഓണ്‍ലൈൻ തട്ടിപ്പാണ് യുവതി ഉൾപ്പെട്ട സംഘം നടത്തുന്നതെന്നു പോലീസ് കണ്ടെത്തി. വിവിധ ഓണ്‍ലൈൻ പരസ്യ വെബ്സൈറ്റുകൾ നിരന്തരം നിരീക്ഷിക്കുന്ന പ്രതികൾ വിവിധ സാധനങ്ങൾ വാങ്ങാനെന്ന മട്ടിൽ വ്യാജമായി തയാറാക്കിയ നമ്പറുകൾ മുഖേന വാട്ട്സാപ്പ് മുതലായ മെസേജിംഗ് ആപ്ലിക്കേഷൻ ഉപയോഗിച്ച് ആളുകളെ ബന്ധപ്പെടുകയാണ് ആദ്യം ചെയ്യുന്നത്. പിന്നീട്, ഇവർ നൽകുന്ന വിലാസത്തിലേക്ക് സാധനം അയച്ചു കൊടുക്കാൻ പറയുകയും കൊറിയർ ചെയ്ത ശേഷം പണം അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യാമെന്നു തെറ്റിദ്ധരിപ്പിക്കുകയുംചെയ്യും.
ഇതു വിശ്വസിച്ചു വിൽക്കേണ്ട സാധനം അയച്ചു കൊടുക്കുന്ന ആളുകളോട് വില്പനയ്ക്കുശേഷം പണം ഉടമയ്ക്ക് എത്തിക്കുന്നതിനുള്ള വിവിധ ചാർജുകളെന്ന പേരിൽ പണം ആവശ്യപ്പെട്ടാണ് തട്ടിപ്പ് നടത്തുന്നത്. അമേരിക്ക, യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലേതെന്നു തോന്നുന്ന ഫോണ്‍ നമ്പരുകളാണ് പ്രതികൾ തട്ടിപ്പിന് ഉപയോഗിക്കുന്നത്. ബംഗളൂരു കേന്ദ്രീകരിച്ചാണ് തട്ടിപ്പുകൾ കൂടുതലും നടക്കുന്നത്.
മലപ്പുറം ജില്ലാ പോലീസ് മേധാവി ദേബേഷ് കുമാർ ബെഹ്റയുടെ നിർദേശ പ്രകാരം മലപ്പുറം എസ്ഐ ബി.എസ്. ബിനുവിന്റെ നേതൃത്വത്തിൽ, എസ്ഐ ടി. അബ്ദുൾ റഷീദ്, സ്പെഷൽ സ്ക്വാഡ് അംഗങ്ങളായ സ്രാമ്പിക്കൽ മുഹമ്മദ് ഷാക്കിർ, എൻ.എം. അബ്ദുള്ള ബാബു, വനിതാ സിപിഒമാരായ ശാലിനി, ശ്യാമ എന്നിവരടങ്ങിയ സംഘമാണ് ബംഗളൂരൂവിൽ നിന്നു പ്രതിയെ അറസ്റ്റ് ചെയ്തത്.
Leave a Reply