തിങ്കളാഴ്ച കാലാവധി അവസാനിക്കുന്ന ഓർഡിനൻസുകളിൽ കണ്ണടച്ച് ഒപ്പിടില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഓർഡിനൻസിലെ വിവരങ്ങൾ പരിശോധിക്കാൻ സമയം വേണമെന്നും ആരിഫ് മുഹമ്മദ് ഖാൻ ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു.
ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായുള്ള യോഗത്തിൽ പങ്കെടുക്കാൻ വേണ്ടിയാണ് ഡൽഹിയിലെത്തിയത്. എന്നാൽ എത്തിയതിന്റെ പിറ്റേദിവസം പതിമൂന്ന്, പതിനാല് ഫയലുകളാണ് ലഭിച്ചത്. നാല് ദിവസം കൊണ്ട് എങ്ങനെയാണ് ഇത്രയും ഫയലുകൾ പഠിക്കാതെ ഒപ്പിടാൻ സാധിക്കുക. ഫയലിലുള്ളത് എന്താണെന്ന് എനിക്കറിയണം, ഗവർണർ പറഞ്ഞു.
സഭാ സമ്മേളനങ്ങൾ നടന്നിട്ടും ഓർഡിനൻസുകൾ നിയമമാക്കിയില്ല. ഓർഡിനൻസ് ഭരണം നല്ലതിനല്ലെന്നും പിന്നെന്തിനാണ് നിയമസഭയെന്നും ഗവർണർ ചോദിച്ചു.
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മനസ്സുമാറ്റിയില്ലെങ്കിൽ ലോകായുക്ത ഭേദഗതി അടക്കമുള്ള 11 ഓർഡിനൻസുകളാണ് തിങ്കളാഴ്ച അസാധുവാകുക. ആറുനിയമങ്ങൾ ഭേദഗതിക്കു മുമ്പുള്ള സ്ഥിതിയിലേക്ക് പുനഃസ്ഥാപിക്കപ്പെടുന്ന അസാധാരണമായ സ്ഥിതിയാണ് ഇതുമൂലം ഉണ്ടാകുക.
സർവകലാശാലാ ചാൻസലർ പദവിയിൽ ഗവർണറുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന ഓർഡിനൻസ് സർക്കാർ കൊണ്ടുവരാൻ ഒരുങ്ങിയതാണ് ഗവർണറെ പ്രകോപിപ്പിച്ചതെന്നാണ് സൂചന. എന്നാൽ, അക്കാര്യം ഗവർണറോ രാജ്ഭവനോ പറയുന്നില്ല. പകരം, നിയമസഭയിൽ ബില്ലുകൊണ്ടുവരാതെ ഓർഡിനൻസുകൾ നിരന്തരം പുതുക്കി ഇറക്കുന്നതിനോടുള്ള വിയോജിപ്പാണ് പറഞ്ഞിട്ടുള്ളത്. സർവകലാശാല ഓർഡിനൻസിന്റെ കാര്യം സർക്കാരും ഔദ്യോഗികമായി പറഞ്ഞിട്ടില്ല. അതിനാൽ, ഗവർണറെ അനുനയിപ്പിക്കാൻ നേരിട്ടോ ഉദ്യോഗസ്ഥർ മുഖേനയോ ചർച്ചവേണ്ടിവരും. ഗവർണർ ഡൽഹിയിലാണ്. 11-നാണ് തിരിച്ചുവരിക. ഓർഡിനൻസിൽ ഒപ്പിടാൻ ഡിജിറ്റൽ സംവിധാനത്തിലൂടെ കഴിയും. അതിന് തിങ്കളാഴ്ച പകൽ ഒത്തുതീർപ്പുകളുണ്ടാകണം. എന്നാൽ ഇതിന് തയ്യാറല്ലെന്നും ഫയലുകൾ പഠിക്കാൻ സമയം വേണമെന്നുമാണ് ഇപ്പോൾ ഗവർണർ വ്യക്തമാക്കുന്നത്.
സർവകലാശാലാ കാര്യങ്ങളിൽ ഗവർണറും സർക്കാരും പലകുറി ഏറ്റുമുട്ടിയിരുന്നു. ഇതിനെ മറികടക്കാൻ വി.സി. നിയമനത്തിൽ ചാൻസലർ എന്ന നിലയിൽ ഗവർണർക്കുള്ള അധികാരം വെട്ടിക്കുറയ്ക്കാൻ സർക്കാർ ഓർഡിനൻസ് കൊണ്ടുവരുന്നുണ്ട്. ഈ നീക്കമാണ് ഗവർണറെ പ്രകോപിപ്പിച്ചത്. കേരള സർവകലാശാലാ വി.സി. നിയമനത്തിന് സർക്കാരിനെ മറികടന്ന് ഗവർണർ കമ്മിറ്റിയെ നിയോഗിച്ചിട്ടുമുണ്ട്. ജനുവരിയിൽ നയപ്രഖ്യാപനപ്രസംഗം അംഗീകരിക്കാതെ തലേന്ന് രാത്രിവരെ സർക്കാരിനെ മുൾമുനയിൽ നിർത്തിയതിന് സമാനമായ സാഹചര്യമാണ് ഇപ്പോള്‍ ഉണ്ടാവുന്നത്.
Leave a Reply