കര്‍ഷക സമരത്തില്‍ വിവാദ ട്വീറ്റില്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ക്ക് പിന്തുണയുമായി മലയാളി താരം എസ് ശ്രീശാന്തും.

സച്ചിന്‍ പാജി ഒരു വികാരമാണ്, എന്നെപ്പോലുള്ള നിരവധി പേര്‍ രാജ്യത്തിനായി കളിക്കാന്‍ ആഗ്രഹിച്ചതിന്റെ കാരണം സച്ചിനാണ്, ഒരു വാക്കിനും എന്റെ സ്നേഹം പ്രകടിപ്പിക്കാന്‍ കഴിയില്ല, ഇന്ത്യയില്‍ ജനിച്ചതിന് നന്ദി, അദ്ദേഹം എല്ലായ്പ്പോഴും ഇന്ത്യയുടെ അഭിമാനമായിരിക്കും എന്നായിരുന്നു ശ്രീശാന്തിന്റെ വാക്കുകള്‍. വിഷയത്തില്‍ സച്ചിന് പിന്തുണയുമായി #IstandwithSachin, #NationWithSachin എന്ന ഹാഷ്ടാഗ് ട്വിറ്ററില്‍ സജീവമാണ്. ഈ ഹാഷ്ടാഗ് പങ്കുവെച്ചായിരുന്നു ശ്രീശാന്ത് സച്ചിന് പിന്തുണ പ്രഖ്യാപിച്ചത്.

രാജ്യത്തെ കര്‍ഷക പ്രക്ഷോഭത്തിന് ആഗോള തലത്തില്‍ ലഭിക്കുന്ന പിന്തുണയെ എതിര്‍ത്ത് അഭിപ്രായ പ്രകടനം നടത്തിയ സച്ചിനെതിരെ സോഷ്യല്‍ മീഡിയയില്‍ വന്‍ വിമര്‍ശനമാണ് ഉയര്‍ന്നത്. രാജ്യത്തിന് പുറത്തുള്ളവര്‍ കര്‍ഷക പ്രക്ഷോഭത്തെപ്പറ്റി അഭിപ്രായം പറയുന്നതില്‍ എതിര്‍പ്പ് അറിയിച്ചുകൊണ്ടായിരുന്നു സച്ചിന്റെ ട്വീറ്റ്.

‘ഇന്ത്യയുടെ പരമാധികാരത്തില്‍ വിട്ടുവീഴ്ച ചെയ്യരുത്. പുറത്തുനിന്നുള്ളവര്‍ക്ക് കാഴ്ചക്കാരായി നില്‍ക്കാം, പക്ഷേ ഇന്ത്യയുടെ കാര്യത്തില്‍ ഇടപെടരുത്. ഇന്ത്യക്കാര്‍ക്ക് ഇന്ത്യയെ അറിയാം. ഇന്ത്യയ്ക്ക് വേണ്ടി തീരുമാനങ്ങളെടുക്കാനും. ഒരു രാജ്യം എന്ന നിലയില്‍ നമുക്ക് ഐക്യത്തോടെ നില്‍ക്കാമെന്നായിരുന്നു സച്ചിന്റെ ട്വീറ്റ്.

പോപ് താരം റിഹാനയാണ് ആദ്യം കര്‍ഷകര്‍ക്ക് പിന്തുണയുമായി എത്തിയത്. റിഹാനയുടെ ട്വീറ്റാണ് കര്‍ഷക പ്രക്ഷോഭത്തെ മറ്റൊരു തലത്തിലേക്ക് എത്തിച്ചതും. സച്ചിനടക്കമുള്ള ഇന്ത്യന്‍ സെലിബ്രിറ്റികള്‍ വിഷയത്തില്‍ ഇടപെട്ടത് റിഹാനയുടെ ട്വീറ്റിന് പിന്നാലെയായിരുന്നു.

7 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ക്രിക്കറ്റിലേക്കു തിരിച്ചെത്തിയ ശ്രീശാന്ത്, ഐപിഎല്‍ താരലേലത്തിനായി റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 75 ലക്ഷം രൂപയാണ് അടിസ്ഥാന വില.
കഴിഞ്ഞദിവസം സന്തോഷ് പണ്ഡിറ്റും സച്ചിന് പിന്തുണപ്രഖ്യാപിച്ചിരുന്നു.