ഡോ. ഐഷ വി

കപ്പലിൽ വന്ന സാധനങ്ങൾ രാജ്യാന്തര നിയമമനുസരിച്ച് കപ്പലിൽ നിന്നും കരയിലിറക്കുന്നതിനായി കരയിൽ നിന്നും രണ്ട് നോട്ടിക്കൽ മൈൽ ദൂരത്തു വച്ചു തന്നെ കപ്പൽ എല്ലാ സാമഗ്രികളോടും കൂടി സാധനങ്ങൾ ഇറക്കേണ്ട രാജ്യത്തെ കപ്പിത്താന്മാർക്ക് കൈമാറിയതോടെ ആ കപ്പലിലെ കപ്പിത്താന്മാരും ജീവനക്കാരും രണ്ടോ മൂന്നോ ദിവസത്തേയ്ക്ക് സ്വതന്ത്രരാകാറുണ്ട്. ചിലർ കര കാണാനും സാധനങ്ങൾ വാങ്ങാനും മറ്റുവിനോദങ്ങൾക്കുമായി സമയം മാറ്റി വയ്ക്കാറുണ്ട്. ലോജിസ്റ്റിക്കിലെ ശ്രീ ജോയി ജോൺ തന്റെ ഷിഫ്റ്റ് കഴിഞ്ഞ് താമസ സ്ഥലത്തേയ്ക്ക് പോകാനൊരുങ്ങുകയായിരുന്നു. ചരക്ക് കപ്പലിൽ വന്ന നാവികർക്ക് ചില സഹായങ്ങൾ ആവശ്യമുണ്ടെന്ന് അപ്പോഴാണ് സുഹൃത്ത് ജോയി ജോണിനെ അറിയിച്ചത്. കുടുംബം നാട്ടിലായതിനാൽ തിരക്കിട്ട് താമസ സ്ഥലത്തേയ്ക്ക് പോയിട്ട് പ്രത്യകിച്ച് കാര്യമൊന്നുമില്ല. എന്നാൽ പിന്നെ ഈ നാവികർക്കൊപ്പം കുറേ സമയം ചിലവാക്കാമെന്ന് ജോയി ജോൺ തീരുമാനിച്ചു.

ജോയി ഒന്നു ഫ്രഷായി വന്നപ്പോഴേക്കും പ്ലാസ്റ്റിക് കുട്ടകൾ നിറച്ച് സാമാന്യം വലിയ മീനും കൊഞ്ചുമായി നാവിക സംഘം തയ്യാർ. ഇത്രയും മത്സ്യങ്ങൾ ഇവർക്ക് കടലിൽ വച്ച് പാചകം ചെയ്ത് ഭക്ഷിക്കാനായിരിക്കുമെന്ന് ജോയി ഊഹിച്ചു. ആഥിതേയ രാജ്യത്തിന്റെ കപ്പലിൽ അവർ ഉൾക്കടലിലേയ്ക്ക് ഒരു യാത്ര പോയി. ഇവരുടെ പക്കൽ മത്സ്യബന്ധനത്തിനുള്ള സാമഗ്രികളും ഉണ്ടായിരുന്നു. കരയിൽ നിന്നും രണ്ട് മൂന്ന് കിലോമീറ്റർ ദൂരത്തിലെത്തിയപ്പോൾ നാവികർ കൂടെ കൊണ്ടു വന്ന ഉണങ്ങിയ പഴങ്ങളും മറ്റും ഭക്ഷിച്ച ശേഷം എല്ലാവരും ഒന്നു ഉഷാറായി. കരയിൽ രാജാക്കന്മാർ വനാന്തരങ്ങളിൽ നായാട്ടിന് പോകുന്ന പ്രതീതിയാണ് ജോയിക്ക് ഈ യാത്രയെ പറ്റി തോന്നിയത്. വനത്തിനും നിഗൂഢതകളുണ്ട്. കടലിനും. വനത്തിന് വന്യതയുണ്ട്. കടലിന് അതിന്റേതായ ഘോരതയും ശാന്തതയും ആ യാത്രയിൽ അവർക്ക് അനുഭവപ്പെട്ടിരുന്നു.

എല്ലാവരും ഉഷാറായപ്പോൾ നാവികരിൽ ചിലർ നേരത്തേ കരുതിയിരുന്ന നല്ല മുഴുത്ത ചെമ്മീനുകളെ കടലിൽ എറിയാൻ തുടങ്ങി. ഇത്രയും കഷ്ടപ്പെട്ട് പിടിച്ച് കരയിലെത്തിച്ച ചെമ്മീനുകളെ എത്ര നിസ്സാരമായാണ് ഇവർ കടലിൽ എറിഞ്ഞു കളയുന്നതെന്ന് ജോയി ചിന്തിച്ചു. ഒരു ഘട്ടത്തിൽ തന്റെ സന്ദേഹം പങ്കു വച്ച ജോയിയോട് അവരിൽ ഒരാൾ പറഞ്ഞു. നിങ്ങളുടെ മതം അനുശാസിക്കുന്നില്ലേ ചെതുമ്പലും ചിറകുമുള്ള കടൽ ജീവികളെയാണ് ഭക്ഷിക്കേണ്ടതെന്ന് . അതുപോലെ ഞങ്ങളുടെ മതവും അനുശാസിക്കുന്നുണ്ട് ഇത്തരം ജീവികളെ ഭക്ഷിക്കരുതെന്ന്. ജോയിക്ക് ആ വാക്കുകൾ ഒരു ഓർമ്മപെടുത്തൽ ആയിരുന്നു. ഒപ്പം തിരിച്ചറിവും. ചെമ്മീനുകൾ കപ്പലിന് സമീപമെത്തിയ കടൽ ജീവികൾക്ക് ഭക്ഷണമായി തീർന്നു കഴിഞ്ഞപ്പോൾ കപ്പലിൽ കരുതിയിരുന്ന മറ്റു മത്സ്യങ്ങളുടെ ഊഴമായി. നാവികരിൽ ഒരാൾ ആ വലിയ മത്സ്യങ്ങളെ വെട്ടി നുറുക്കി കടലിലേയ്ക്ക് എറിഞ്ഞു കൊണ്ടിരുന്നു. അതിലേയ്ക്ക് ആകൃഷ്ടരായി എത്തിയ ചില വലിയ മീനുകളെ മറ്റൊരു നാവികൻ ചെറിയൊരു വലയിട്ട് പിടിച്ച് കപ്പലിലാക്കി. പഴയവയെ കളഞ്ഞിട്ട് പുതിയ മത്സ്യത്തെ ഭക്ഷിക്കാനായിരിക്കും ഒരുക്കമെന്ന് ജോയി ചിന്തിച്ചു. എന്നാൽ അപ്പോഴും തെറ്റി. ജോയിയെ അമ്പരപ്പിച്ചു കൊണ്ട് നാവികർ അവയെയും വെട്ടി നുറുക്കി കടലിൽ എറിഞ്ഞു. അപ്പോൾ കപ്പലിന് ചുറ്റും ജലത്തിൽ ചുവപ്പ് നിറം പടരാൻ തുടങ്ങിയിരുന്നു.

കപ്പലിൽ നിന്നും ഏകദേശം മൂന്ന് കിലോമീറ്റർ അകലെ ഒരു തിരയിളക്കം. ദൂരദർശിനിയിലൂടെ നോക്കിയ കപ്പിത്താൻ അതൊരു വമ്പൻ സ്രാവാണെന്ന് ഉറപ്പിച്ചു. മൂന്ന് കിലോമീറ്റർ അകലെ വച്ചു തന്നെ ചോരയുടെ മണം തിരിച്ചറിയാനുള്ള ഇവരുടെ കഴിവ് അപാരം തന്നെ. പിന്നെ വൈകിയില്ല. ആ തിരയിളക്കും കപ്പിലിനടുത്തേയ്ക്ക് പാഞ്ഞടുത്തു. കിട്ടിയ അവസരത്തിൽ ഒരു വടത്തിലൂടെ കപ്പലിന്റെ വശത്തിലൂടെ പുറത്തേയ്ക്കിറങ്ങയ നാവികൻ പാഞ്ഞടുത്ത സ്രാവിന്റെ ദേഹത്തേയ്ക്ക് നല്ല മൂർച്ചയ്യുള്ള കണ്ടി കൊണ്ട് ഒരൊറ്റ വെട്ട്. മനുഷ്യന്റേതു പോലെ ഒരു നിലവിളി കേട്ട് പുറത്തേക്ക് നോക്കിയ ജോയി കാണുന്നത് കടലിലെ ശോണിമയാണ്. കൂടെ സ്രാവിന്റെ ദീനരോദനവും നിമിഷങ്ങൾ കൊണ്ട് അകലേയ്ക്ക് നീങ്ങിയ സ്രാവ് കലി പൂണ്ട് കപ്പലിനടുത്തേയ്ക്ക് പാഞ്ഞടുത്തു. അണയാൻ പോകുന്ന ദീപം ആളിക്കത്തും പോലെ. അപ്പോഴേയ്ക്കും നാവികർ തയ്യാറായിരുന്നു. അവരിട്ട വൻ വലയിൽ സ്രാവ് കുടുങ്ങിയിരുന്നു. രക്ഷപെടാനുള്ള അവസാനശ്രമമെന്നോണം അത് വലയോട് കൂടി കപ്പലിനെ വലം വയ്ക്കാൻ തുടങ്ങി. അവസാന നിമിഷംവരേയും പോരാടി നിൽക്കുക എന്നത് വിജയിക്കാൻ അതി തീവ്രമായി ആഗ്രഹിക്കുന്ന ഏതൊരാളുടേയും ശ്രമമാണ്. സ്രാവിനെ വലിച്ചെടുക്കാൻ നാവികർ നന്നേ പാടുപ്പെട്ടു. ഏകദേശം ഒരു മണിക്കൂറിൽ അധികമെടുത്തു ആ സ്രാവിനെ പിടിച്ച് കപ്പലിൽ ഇടാൻ. സ്രാവ് കപ്പലിനകത്തായി കഴിഞ്ഞപ്പോൾ കപ്പിത്താന്മാരും കൂട്ടരും കൂടി സ്രാവിന്റെ ചിറകുകൾ വാലുകൾ എന്നിവ മാത്രം അരിഞ്ഞെടുത്തു. പിന്നീട് സ്രാവിനെ പിടിച്ചതിനെക്കാൾ കഷ്ടപ്പെട്ട് അവർ അതിനെ കടലിലേയ്ക്ക് തള്ളി.

കുറച്ചു കഴിഞ്ഞപ്പോൾ ജീവനറ്റ സ്രാവിന്റെ ശരീരത്തെ ചെറു മീനുകൾ ആഹരിയ്ക്കാൻ തുടങ്ങി. നിയതിയുടെ നിയമം അങ്ങിനെയാണ്. ഒന്ന് ചീഞ്ഞ് മറ്റൊന്നിന് വളമാകുന്നു. ഇവിടെ കുഞ്ഞു മീനുകളെ ഭക്ഷിച്ച് സ്ഥൂലശരീരിയായ വമ്പൻ സ്രാവിനെ ചെറു മീനുകൾ ആഹരിയ്ക്കുന്നു. കുറച്ചുനേരം ഇതൊക്കെ നോക്കി നിന്ന ജോയിക്ക് ഒരു സംശയം ഇത്രയും കഷ്ടപ്പെട്ട് പിടിച്ചെടുത്ത സ്രാവിന്റെ മാംസളമായ യാതൊരു ഭാഗവും ഉപയോഗിക്കാതെ അതിന്റെ ഒട്ടും മാംസളമല്ലാ വാലും ചിറകും ഭദ്രമായി പൊതിഞ്ഞ് ഫ്രീസറിൽ വച്ചതെന്തേ? സംശയ നിവാരണത്തിന് ജോയി കപ്പിത്താനെ തന്നെ സമീപിച്ചു. അദ്ദേഹം പറഞ്ഞു ഇതിന്റെ ചിറകിനും വാലിനും വല്യ വിലയാണ്. അമേരിക്കയിൽ ഹൃദയം തുറന്ന് ശസ്ത്രക്രിയ നടത്തുമ്പോൾ ഉള്ളിൽ അലിഞ്ഞ് ചേർന്ന് ശരീരത്തിന്റെ ഭാഗമാകാൻ കഴിയുന്ന നൂലുണ്ടാക്കാൻ പറ്റിയതാണ് സ്രാവിന്റെ ഈ ഭാഗങ്ങളെന്ന്.

കപ്പൽ തിരിച്ച്‌ കരയോടടുക്കുമ്പോൾ കുഞ്ഞ് മീനുകൾക്ക് ആഹാരമുകുന്ന വമ്പൻ സ്രാവിനെ കുറിച്ചായിരുന്നു ജോയിക്ക് ചിന്ത

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

(ഇത് ഞങ്ങളുടെ കോളേജിലെ പിറ്റി എ പ്രസിഡന്റ് ശ്രീ ജോയി ജോൺ പറഞ്ഞു തന്ന സംഭവ കഥയാണ്.)

      

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.