2018 ആഗസ്റ്റിലെ ചില ദിനരാത്രങ്ങൾ ഓർക്കുന്നുവോ? ഓരോ പ്രൊഫൈലും ഒരു ഹെൽപ് ലൈൻ ആയി ജീവിച്ച ദിവസങ്ങൾ. നമ്മുടെ കേരളത്തിനെ ആകെമൊത്തം ഒന്ന് കഴുകിയെടുത്ത പ്രളയദിനങ്ങൾ. അന്ന് കൂടെക്കൂടിയ കുറേപ്പേരുണ്ട്, വെള്ളമിറങ്ങിക്കഴിഞ്ഞപ്പോഴും അവർ അവിടെത്തന്നെ നിൽക്കുകയായിരുന്നു – എന്തിനാണ് ഇനിയും ഞങ്ങളെ ഈ വെള്ളത്തിൽ നിർത്തിയിരിക്കുന്നത് എന്നവർ ചോദിക്കുന്നുമുണ്ട്! 2018 ലെ വെള്ളപൊക്കത്തിലെ വെള്ളം താഴ്ന്നു കഴിഞ്ഞപ്പോൾ ആണ് പലർക്കും തിരികെപ്പോകാൻ കിടപ്പാടം പോലും ഇല്ലായെന്ന അവസ്ഥ അറിയുന്നത്. വെള്ളത്തിനൊപ്പം ഒലിച്ചുപോയത് അവരുടെ സ്വപ്നങ്ങളും പ്രതീക്ഷകളും മണ്ണും കൂട്ടിവെച്ച പൊന്നുമൊക്കെയായിരുന്നു. നിയമത്തിന്റെ നൂലാമാലകളിൽ കുരുങ്ങി ദുരിതാശ്വാസപദ്ധതികളുടെ ഫലങ്ങൾ ഒന്നും കിട്ടാതെ പോയേക്കാമായിരുന്നവർ.

രമ്യ, ജീന, ജോജി, ആർഷ – ഇവർ നാല് കമ്പ്യുട്ടർ എൻജിനീയർമാർ , അമേരിക്കയിലും കാനഡയിലുമായിരുന്ന് പ്രളയകാലത്തെ കേരളത്തിൻ്റെ കണ്ണീരിലൂടെ കടന്നു പോയവരായിരുന്നു അവരും. ഇവർ രാഷ്ട്രീയവും, മതവും ഒന്നും കൂട്ടിക്കുഴക്കാതെ സഹജീവികൾക്ക് താങ്ങാവാനുള്ള ആഗ്രഹത്തോടെ ‘kerala ReLife – കേരള റീലൈഫ് എന്നൊരു പലതുള്ളി പെരുവെള്ളം പദ്ധതി ആലോചിച്ചത് ആ പ്രളയപെരുമഴക്കാലത്താണ് . ഇടുക്കി പ്രദേശത്തുള്ള എല്ലാം നഷ്ടപ്പെട്ട ചില ജീവിതങ്ങളെക്കുറിച്ചു കേട്ടപ്പോൾ അവരെ എങ്ങനേയും സഹായിക്കണം എന്ന് ഇവർ ആലോചിച്ചു തുടങ്ങി.

അങ്ങനെ നടത്തിയ അന്വേഷണങ്ങളുടെ ഭാഗമായി പരിചയപ്പെട്ട ഒരാൾ ആണ് ഫാദർ ജിജോ കുര്യൻ. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പല ദുരിതാശ്വാസ പ്രവർത്തനങ്ങളും നടന്നിരുന്നതിനാൽ വെള്ളപ്പൊക്ക സമയത്ത് ഇടുക്കി മേഖലയിലെ ഏറ്റവും കൂടുതൽ ആശയവിനിമയങ്ങൾ നടന്നത് അദ്ദേഹവുമായിട്ടായിരുന്നു. അദ്ദേഹത്തിന്റെ ആഗ്രഹം ആയിരുന്നു പാവങ്ങൾക്കായി ഒരു മോഡൽ കമ്മ്യൂണിറ്റി രൂപീകരിക്കുക എന്നത്. അങ്ങനെ Kerala Relife ടീമിലെ നാല് പേരും അദ്ദേഹത്തിനോട് യോജിച്ചു പ്രവർത്തിക്കാൻ തീരുമാനിക്കുകയായിരുന്നു.

അങ്ങനെ പുനർജനി രൂപം കൊണ്ടു. ഇടുക്കിയിലെ ഉരുൾപൊട്ടലിൽ ഭൂമിയും, വീടും നഷ്ടപ്പെട്ട പട്ടയരഹിതരായ കുടുംബങ്ങൾക്ക് വീട് വെച്ചുകൊടുക്കുകയും അതിൽ ഉൾപ്പെട്ട 7 കുടുംബങ്ങളെയും ചേർത്തു , ഫാദർ ജിജോ കുര്യൻ പേട്രൺ ആയി ഒരു സൊസൈറ്റി രൂപീകരിക്കുകയും ആയിരുന്നു പുനർജ്ജനിയുടെ ആശയം. അദ്ദേഹമാണ് ഏറ്റവും അനുയോജ്യരായ 7 കുടുംബങ്ങളെ ഈ പദ്ധതിക്ക് വേണ്ടി കണ്ടെത്തിയതും.

നന്മ എന്നത് ലോകത്തിലെല്ലായിടത്തും ഒരുപോലെ വ്യാപിച്ചുകിടക്കുന്ന ഒന്നാണ് – കൊടുക്കുംതോറും വർദ്ധിക്കുന്ന ഒന്ന്! അതിന് വലിയ ഉദാഹരങ്ങളാണ് ഈ കുടുംബാംങ്ങളെക്കുറിച്ചു കേട്ടതിനെത്തുടർന്നു വീടുകൾ വെയ്ക്കാനുള്ള സ്ഥലം ഇഷ്ടദാനമായി നൽകിയ കോട്ടയം സ്വദേശികൾ, ഒരു ലാഭേച്ഛയും കൂടാതെ ഇതിന്റെ മുഴുവൻ നിർമാണ പ്രവർത്തനങ്ങൾക്കും നേതൃത്വം വഹിച്ച ടോമിച്ചൻ തോമസ് , ബാങ്കിങ് നു വേണ്ട സഹായങ്ങൾ ചെയ്തു തന്ന സജിമോൻ ജോസഫ്, കുടുംബങ്ങളെ തിരഞ്ഞെടുക്കാൻ സഹായിച്ച ബിനോയ് അഗസ്റ്റിൻ, പുനർജനിക്ക് ആവശ്യമായ എല്ലാ സഹായത്തിനും ക്ഷമയോടെ ഒപ്പം നിന്ന മിത്രാനികേതനിലെ ജോസഫ് മൈക്കൽ , എപ്പോളും അത്യാവശ്യങ്ങൾ അറിഞ്ഞു സഹായങ്ങൾ എത്തിച്ച KCF ലെ റാണി സുനിൽ, ഓഫീസ് ഒഴിവുസമയങ്ങളിൽ പുനർജനിക്കുവേണ്ടി സഹപ്രവർത്തകരെ ബോധവൽക്കരിച്ച സ്കിപ്റ്റനിലെ സോജൻ മാത്യു, കൂട്ടുകാരുടെ സമ്പാദ്യങ്ങൾ കൂട്ടി വച്ച് ഇസ്രായേൽ നിന്ന് അയച്ചു തന്ന സിലൂ അങ്ങനെ ഒരുപാടു പേർ.

ആദ്യകടമ്പയായ ഭൂമി ലഭിച്ചതോടെ എങ്ങനെയും ലക്ഷ്യത്തിലേക്കുള്ള പണം സമ്പാദിക്കാനായുള്ള മാർഗമാണ് തിരഞ്ഞു. ഓരോ വീടിനും 7 മുതൽ 8.5 ലക്ഷം വരെയാണ് കണക്കായിരുന്നത്. വെറുതെ ഒരു വീടെന്നതിനേക്കാൾ ഒരു മോഡൽ കമ്മ്യുണിറ്റി നിർമിച്ചു നൽകുക എന്നതായിരുന്നു ആശയം. വീടുകളിലെ അംഗങ്ങളുടെ എണ്ണത്തിന് അനുസരിച്ച് നിർമ്മാണത്തിന്റെ ചെലവിലും വ്യത്യാസം ഉണ്ടായിരുന്നു. വിദേശങ്ങളിലുള്ള പല മലയാളി സംഘടനകളുടെയും വ്യക്തികളുടെയും സഹായത്തോടെ ഈ ലക്‌ഷ്യം സാധിക്കാൻ കഴിഞ്ഞേക്കും എന്ന തോന്നലിൽ നിരന്തരമായി എല്ലാ അസോസിയേഷനുകളുമായും ഈ ആശയത്തിനെക്കുറിച്ചു സംസാരിച്ചുകൊണ്ടേയിരുന്നു.

ആദ്യത്തെ പ്രതികരണം എത്തിയത് സ്വിറ്റ്സർലൻഡിൽ നിന്നും ആയിരുന്നു. 14 മലയാളി കുടുംബങ്ങൾ ചേർന്ന് രൂപീകരിച്ചു പ്രവർത്തിക്കുന്ന “ലൈറ്റ് ഇൻ ലൈഫ്” എന്ന സംഘടനയുടെ, മുഖ്യ പങ്കാളിത്തത്തോടെയുള്ള ഇടപെടൽ തികച്ചും ആവേശം പകരുന്നതായിരുന്നു. 7 കുടുംബങ്ങൾക്കും ആയി രൂപീകരിച്ച അക്കൗണ്ടുകളിലേക്ക് LIGHT IN LIFE (Switzerland) നിക്ഷേപിച്ച ഒരു നിശ്ചിത തുക എത്തിയതോടെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുകയായിരുന്നു. പിന്നീട് ഇവരോടൊപ്പം MANOFA (Florida), DELMA (DELAWARE), NEMA (NEW ENGLAND), WISMA (WISCONSIN) , KAC (CHICAGO) , KCF(UK) ആപ്പിളിന്റെ ചാരിറ്റി വിങ് ആയ ഗ്ലോബൽ ഗിവിങ് എന്നിവർ കൂടിച്ചേർന്നു. കൂടാതെ, ജോജിയും രമ്യയും പഠിച്ച NSS കോളേജ് ഓഫ് എഞ്ചിനീറിങ്ങിലെ പൂർവ വിദ്യാർത്ഥികളിൽ നിന്ന് അർജുൻ ശങ്കറിന്റെയും രാകേഷ് ഉണ്ണികൃഷ്‍ണന്റെയും നേതൃത്വത്തിൽ ഏകദേശം ഒരു വീടിനുള്ള പണം സമാഹരിക്കാനായി. എന്നിട്ടും വീണ്ടും ലക്ഷ്യത്തിലേക്കെത്താൻ പണമിട ദൂരങ്ങൾ ഒരുപാടുണ്ടായിരുന്നു.

പിന്നീട് 2019 ലെ മഴക്കാലക്കെടുതികളിലേക്ക് കേരളം വീണപ്പോൾ എല്ലാവരും കഷ്ടത്തിലായി, റീലൈഫും! പക്ഷേ വേണ്ടെന്നു വെയ്ക്കാൻ കഴിയുന്ന സാഹചര്യത്തിലായിരുന്നില്ല , കാരണം അപ്പോഴും ആ കുടുബങ്ങൾക്ക് പോകാൻ വീടുകൾ ഉണ്ടായിരുന്നില്ല. അസോസിയേഷനുകളിൽ നിന്നുള്ള സഹായങ്ങൾക്കുളള പരിമിതികൾ കാരണം വ്യക്തിപരമായി ആർക്കെങ്കിലും ഇതിലേക്ക് കൂടാൻ കഴിയുമോ എന്നുള്ള ചിന്തയാണ് “ഒരു സ്ക്വയർഫീറ്റ്” ആശയത്തിലേക്ക് എത്തിച്ചത്. ഒരാൾക്ക് ഒരു സ്ക്വയർഫീറ്റ് ഈ വീടുകൾക്ക് വേണ്ടി സ്പോൺസർ ചെയ്യാം. അതിനു ലഭിച്ച നല്ല സ്വീകരണവും മറ്റു ചിലയിടങ്ങളിൽ നിന്നും പേര് വെളിപെടുത്താൻ ആഗ്രഹിക്കാതെ കിട്ടിയ സഹായവും കൂടിയായപ്പോൾ പദ്ധതി വിജയകരമായി പൂർത്തിയായി.

ഏഴര ലക്ഷം മുതൽ എട്ടര ലക്ഷം വരെയാണ് ഓരോ വീടിന്റെയും പണിതീരാനെടുത്തത്. നല്ലവരായ മനുഷ്യരുടെ കൂട്ടായ്മകളിലൂടെ ഈ പുണ്യത്തിലേക്ക് എത്തിയത് 57 ലക്ഷം രൂപയാണ്. ലോകം മുഴുവൻ പരന്ന് കിടക്കുന്ന ഈ നന്മയുടെ ഗ്ലോബൽ പ്രതിനിധികളാണ് ഇതിലെ ഓരോ സ്‌ക്വയർ ഫീറ്റിന് വേണ്ടി സഹായിച്ചവരും!

ഒന്നര വർഷത്തോളം നീണ്ട ഈ പ്രോജക്ട് ഫലപ്രാപ്തിയിലേക്ക് എത്തുകയാണ്. വീടുകളുടെ ഡിസൈൻ RGB ഗ്രൂപ്പ് ആണ് ചെയ്തിരിക്കുന്നത്. നിർമാണം പൂർണമായും നിർവഹിച്ചിരിക്കുന്നത് ശ്രീ. ടോമിച്ചൻ തോമസിന്റെ നേതൃത്വത്തിൽ ഉള്ള ടീം ആണ്. എല്ലാ കെട്ടിടങ്ങളുടെയും നിർമാണം കഴിഞ്ഞു , തങ്ങളിലേക്ക് സ്വപ്നങ്ങളുമായി കടന്നെത്തുന്ന ആ വീട്ടുകാരെ കാത്തിരിപ്പാണ് ഈ ഓരോ കെട്ടിടവും, അവരുടെ സ്വന്തം ‘വീടുകളാകാൻ’!