ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : സൗത്ത് ലണ്ടനിലെ സട്ടണിലെ വീട്ടിലുണ്ടായ തീപിടുത്തത്തിൽ നാല് കുട്ടികൾ മരിച്ചു. ഇന്നലെ രാത്രി ഏഴിനാണ് നാടിനെ നടുക്കിയ അപകടം ഉണ്ടായത്. മരിച്ച നാല് പേരും ബന്ധുക്കളാണെന്ന് കരുതുന്നതായി മെട്രോപൊളിറ്റൻ പോലീസ് പറഞ്ഞു. അവരുടെ ബന്ധുക്കളെ വിവരമറിയിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. എട്ട് അഗ്നിരക്ഷാ സേനാ വാഹനങ്ങളും അറുപതോളം അഗ്നിശമന സേനാംഗങ്ങളും സംഭവസ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. തീപിടുത്തത്തിന് കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.

കുട്ടികളെ രക്ഷിച്ച് ഉടനടി സിപിആർ നൽകി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ലണ്ടനിലെ എയർ ആംബുലൻസ്, കെന്റ് സറേ സസെക്‌സ് എയർ ആംബുലൻസ് എന്നിവിടങ്ങളിൽ നിന്നുള്ള ആംബുലൻസ് ജീവനക്കാർ, പാരാമെഡിക്കുകൾ, ട്രോമ ടീമുകൾ തുടങ്ങിവർ സംഭവസ്ഥലത്തെത്തി. തീപിടിത്തത്തിന്റെ കാരണം അജ്ഞാതമാണെന്നും അന്വേഷണം നടത്തുമെന്നും സൂപ്രണ്ട് റോബ് ഷെപ്പേർഡ് പറഞ്ഞു. നാല് കുട്ടികളുടെ മരണത്തിനിടയാക്കിയ തീപിടുത്തം ദുഃഖകരമാണെന്ന് ലണ്ടൻ ഫയർ കമ്മീഷണർ ആൻഡി റോ പറഞ്ഞു.