ഹീറോ പേനയും ഇന്ദിര ചേച്ചിയുടെ ഫീസും : ഓർമ്മചെപ്പു തുറന്നപ്പോൾ . ഡോ.ഐഷ . വി. എഴുതുന്ന ഓർമ്മക്കുറിപ്പുകൾ – അധ്യായം 49

ഹീറോ പേനയും ഇന്ദിര ചേച്ചിയുടെ ഫീസും : ഓർമ്മചെപ്പു തുറന്നപ്പോൾ . ഡോ.ഐഷ . വി. എഴുതുന്ന ഓർമ്മക്കുറിപ്പുകൾ – അധ്യായം 49
January 10 02:54 2021 Print This Article

ഡോ. ഐഷ വി

അക്കാലത്ത് ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്നവരുടെ മക്കളുടെ കൈയിൽ ഫില്ലറുള്ള ഹീറോ പേനയും പാർക്കർ പേനയും ഒക്കെയായിരുന്നു. മറ്റു കുട്ടികളുടെ കൈകളിൽ സാധാരണ കാണുന്ന മഷി നിറയ്ക്കുന്ന പേനയുമായിരുന്നു. ഫില്ലറുള്ള പേനയുടെ അടിഭാഗം തുറന്ന് നിബ്ബ്‌ മഷിയിൽ മുക്കി ഫില്ലർ ഞെക്കിയാൽ മതി മഷി പേനയിൽ കയറി ക്കൊള്ളും. സാധാരണ പേനയിൽ മഷി നിറയ്ക്കണമെങ്കിൽ ക്യാപ് തുറന്ന ശേഷം നിബ്ബുള്ള ഭാഗം തുറന്ന് മാറ്റി അടിഭാഗത്തുള്ള മഷി നിറയ്ക്കുന്ന ഭാഗത്ത് മഷിക്കുപ്പിയിൽ നിന്നും മഷി പകർന്ന് നിറയ്ക്കണം. ഈ പരിപാടി സ്കൂൾ കൂട്ടികളുടെ കൈളിൽ മഷി പറ്റിപ്പിടിച്ച് വൃത്തികേടാകാൻ ഇടയാക്കിയിരുന്നു. എനിക്ക് ഇങ്ങനെയുള്ള സാധാരണ കാണുന്ന മഷി നിറയ്ക്കുന്ന പേനയായിരുന്നു അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഉണ്ടായിരുന്നത്. എന്റെ പേനയിൽ ഞാൻ ക്യാമൽ മഷി നിറച്ച് കഴിയുമ്പോൾ അത് തൂവി എന്റെ കൈകളിൽ പറ്റി പിടിച്ചിരുന്നു. സോപ്പിട്ട് കൈ കഴുകിയാലും രണ്ടു മൂന്ന് ദിവസം കഴിഞ്ഞേ ഈ മഷി പൂർണ്ണമായും അപ്രത്യക്ഷമായിരുന്നുള്ളൂ. ഇങ്ങനെ നീല നിറമുള്ള മഷിയാണ് കൈയ്യിൽ പറ്റുന്നതെങ്കിൽ പിന്നീട് മഞ്ഞൾ കൈയ്യിൽ പറ്റുമ്പോൾ നീലയും മഞ്ഞയും ചേർന്ന് കൈകളിൽ പച്ചനിറം കാണാൻ കഴിഞ്ഞിരുന്നു. ഈ നിരീക്ഷണത്തിന്റെ പിൻബലത്തിൽ അഞ്ചാം ക്ലാസ് കഴിഞ്ഞ വെക്കേഷൻ സമയത്ത് ഞാൻ മഞ്ഞളും നീല മഷിയും കൂട്ടി കലർത്തി പച്ച നിറമുള്ള മഷി നിർമ്മിച്ചിരുന്നു. അതിനാൽത്തന്നെ വർണ്ണരാജികളുടെ സംഗമത്തിൽ നീലയും മഞ്ഞയും ചേർന്നാൽ പച്ച നിറം ലഭിക്കുമെന്നത് എനിക്ക് മന:പാഠമായിരുന്നു.

കുപ്പിയിൽ നിന്ന് മഷി പേനയിലേയ്ക്ക് പകരുമ്പോൾ നഷ്ടപ്പെടുന്നതിനാലും ഇത്തരം പരീക്ഷണങ്ങൾ നടത്തിയിരുന്നതിനാലും അക്കാലത്ത് എന്റെ മഷിക്കുപ്പി വേഗം കാലിയായിരുന്നു. മഷി കൈയ്യിൽ പറ്റുന്നത് ഒഴിവാക്കാൻ ബാൾ പോയിന്റ് പേന വാങ്ങിത്തരാൻ അച്ഛനോട് പറഞ്ഞിട്ടുണ്ടെങ്കിലും കൈയ്യക്ഷരം മോശമാകുമെന്ന് പറഞ്ഞ് അച്ഛൻ ഞങ്ങൾക്ക് അത് വാങ്ങിത്തന്നിരുന്നില്ല. കൂടാതെ കൈയ്യക്ഷരം നന്നാകാനായി ഇരട്ട വരയൻ ബുക്കിലും നാലു വരയൻ ബുക്കിലും ഞങ്ങൾ അച്ഛനെ കാണിക്കാനായി സ്കൂളിലേയ്ക്ക് എഴുതുന്നത് കൂടാതെ മലയാളവും ഇംഗ്ലീഷും പാഠമെഴുതാനായി അച്ഛൻ ബുക്കുകൾ വാങ്ങിത്തന്നിരുന്നു. അച്ഛൻ ജോലി സ്ഥലത്തുനിന്നും അവധിക്ക് വരുന്ന സമയത്ത് ഇതെല്ലാം എഴുതി കാണിക്കണമായിരുന്നു.

മഷി പേന കൊണ്ടെഴുതിയാലുള്ള മറ്റൊരു ദോഷം നോട്ടുബുക്കിൽ വെള്ളം വീണാൽ വേഗം മഷിപടർന്ന് അക്ഷരങ്ങൾ വികൃതമാകുമെന്നതായിരുന്നു. ഞങ്ങളുടെ ക്ലാസ്സിലെ ഒരു കുട്ടിയുടെ അച്ഛൻ അക്കാലത്ത് ഗൾഫിലായിരുന്നതിനാൽ ആ കുട്ടിയുടെ കൈയ്യിലുണ്ടായിരുന്നത് ഫില്ലറുള്ള സ്വർണ്ണ നിറത്തിൽ ക്യാപുള്ള ഹീറോ പേനയായിരുന്നു.

ഒരു ദിവസം ക്ലാസ്സിൽ ടീച്ചർ പറഞ്ഞു തന്ന നോട്ട് എഴുതിയെടുത്തു കൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് ആ കുട്ടി അവളുടെ പേന എന്റെ നോട്ട് ബുക്കിലേയ്ക്ക് ഇട്ട ശേഷം എന്റെ പേന പിടിച്ചു വാങ്ങി നോട്ടെഴുതാൻ തുടങ്ങി. ഞാൻ ഹീറോ പേന എന്റെ കൈയ്യിൽ കിട്ടിയതിൽ ഒരു നിമിഷം സന്തോഷിച്ചു. ആ സന്തോഷം ഒരു നിമിഷമേ നിന്നുള്ളു. ഞാൻ ആ പേനയെടുത്ത് തുറക്കാൻ ശ്രമിച്ചു. തുറന്നപ്പോൾ പേനയുടെ അടിഭാഗം എന്റെ വലതു കൈയ്യിലും ക്യാപിൽ കുടുങ്ങിയ നിലയിൽ നിബ്ബും ഫില്ലറുമുള്ള ഭാഗം ഇടതു കൈയ്യിലുമായി. ഞനെത്ര ശ്രമിച്ചിട്ടും അത് ഊരി വന്നില്ല. ആ കുട്ടിയാണെങ്കിൽ എന്റെ പേന കൊണ്ട് ഇതൊന്നും അറിഞ്ഞില്ലെന്ന മട്ടിൽ സുഖമായി എഴുതുന്നു. നോട്ട് വേഗം പൂർത്തിയാക്കാനായി എനിക്ക് എന്റെ പെൻസിൽ എടുത്ത് എഴുതേണ്ടി വന്നു. പ്രശ്നങ്ങൾ അവിടം കൊണ്ടും തീർന്നില്ല. ആ പീരീഡ് കഴിഞ്ഞ് ടീച്ചർ പോയിക്കഴിഞ്ഞപ്പോൾ ഞാൻ ആ കുട്ടിയുടെ പേന ചീത്തയാക്കി എന്നാരോപിച്ച് ആ കുട്ടി എന്നെ വഴക്ക് പറയാൻ തുടങ്ങി. ആ കുട്ടിക്ക് ഞാൻ പകരം പേന വാങ്ങിക്കൊടുക്കണം എന്നതായിരുന്നു ആവശ്യം. മറ്റുള്ളവരുടെ സൗജന്യങ്ങൾ നമ്മൾ സ്വീകരിച്ചാൽ അതിന്റെ പിന്നിൽ എന്തെങ്കിലും ഗുലുമാലുകൂടി ഉണ്ടാകുമെന്ന പാഠം ഞാൻ ജീവിതത്തിൽ ആദ്യമായി പഠിയ്ക്കുകയായിരുന്നു(Nothing is free in life). ആരുടെ പക്കൽ നിന്നും ഒന്നും വാങ്ങി കഴിക്കരുതെന്നും ആരുടെയും സാധനങ്ങൾ വാങ്ങരുതെന്നും അച്ചനമ്മമാർ കുട്ടിക്കാലത്തു തന്നെ നിഷ്കർഷിച്ചിരുന്നതിനാൽ ഈ പേനക്കാര്യം അമ്മയോട് പറയാൻ എനിക്ക് പേടിയായിരുന്നു.

ആ കുട്ടി ദിവസവും ചീത്തയായ പേനക്ക് പകരം പുതിയ പേന വാങ്ങിക്കൊടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടിരുന്നു. എനിക്കത് സാധിച്ചില്ല. പേന വാങ്ങാൻ കാശ് ശേഖരിക്കാനായി വവ്വാലാടി കിട്ടിയ കശുവണ്ടി ശേഖരിച്ച് ക്ലാസ്സിലെ മറ്റൊരു കുട്ടിയെ വിൽക്കാൻ ഏൽപ്പിച്ചെങ്കിലും ആ കുട്ടിയും കാശ് തന്നില്ല. അങ്ങനെ പേന പ്രശ്നം പരിഹരിക്കാനാകാതെ അഞ്ചാം ക്ലാസ്സിലെ വെക്കേഷനും കടന്ന് ആറാം ക്ലാസ്സിലേയ്ക്കെത്തി. പിന്നെ ഓണം വെക്കേഷനായി.

ഞങ്ങളുടെ നാട്ടിൽ നല്ല ട്യൂഷൻ സെന്റർ ഒന്നും ഇല്ലാതിരുന്നതിനാൽ നാലാം ക്ലാസ്സിലേയും അഞ്ചാം ക്ലാസ്സിലേയും വെക്കേഷന് അമ്മ എന്നെ കല്ലുവാതുക്കലിൽ അയച്ചിരുന്നു. ഓണവധിക്ക് മുമ്പാണ് സൗമിനി ഞങ്ങൾക്ക് മുമ്പേ നടന്നു പോയ ചേച്ചിയെ ചൂണ്ടികാണിച്ചിട്ട് എന്നോട് പറഞ്ഞത് : അത് ഇന്ദിര ചേച്ചിയാണ്. പഠിക്കാൻ നല്ല മിടുമിടുക്കിയാണ്. അപ്പോൾ ഞാൻ ചേച്ചിയുടെ വീട് എവിടെയാണെന്ന് ചോദിച്ചു മനസ്സിലാക്കി. വീട്ടിൽ ചെന്ന് ഇങ്ങനെ ഒരു ചേച്ചിയുള്ള വിവരം അമ്മയോട് പറഞ്ഞു. അമ്മ ഇന്ദിര ചേച്ചിയോട് അവധി ദിവസങ്ങളിൽ എന്നെ പഠിപ്പിക്കാമോ എന്ന് ചോദിച്ചു. ഓണം വെക്കേഷന് 10 ദിവസം പഠിപ്പിക്കാമെന്നും മറ്റുള്ള സമയം തിരക്കായിരിക്കുമെന്നും പറഞ്ഞു. അങ്ങനെ ഞാൻ ഓണം വെക്കേഷന് ഇന്ദിര ചേച്ചിയുടെ വീട്ടിൽ ട്യൂഷന് പോയി. ചേച്ചി നന്നായി പഠിപ്പിക്കുമായിരുന്നു. അവസാന ദിവസം അമ്മ പത്തു ദിവസത്തെ ഫീസായ10 രൂപ(1977- ൽ) എന്റെ കൈയ്യിൽ തന്നയച്ചു. ഞാനത് ചേച്ചിയുടെ കൈയ്യിൽ കൊടുത്തു. ചേച്ചി പഠിപ്പിക്കുന്നതിനിടയിൽ ഈ 10 രൂപ എന്റെ “അഭിനവ ഗണിത” പുസ്തകത്തിൽ വച്ചതും എടുക്കാൻ മറന്നതും ഞാനറിഞ്ഞിരുന്നില്ല.

ഓണം വെക്കേഷൻ കഴിഞ്ഞ് സ്കൂളിലെത്തിയപ്പോൾ ഹീറോ പേനയുടെ ഉടമസ്ഥ എന്റെ അഭിനവ ഗണിതം എടുത്തു നോക്കിയിരുന്നു. ആ കുട്ടി പത്തു രൂപ എടുത്തു കൊണ്ടുപോയി പേനയും വാങ്ങി കുട്ടികൾക്ക് മിഠായിയും വാങ്ങിക്കൊടുത്ത് ബാക്കി 5 രൂപ എന്റെ കൈയ്യിൽ കൊണ്ടു തന്നപ്പോഴാണ് എന്റെ പുസ്തകത്തിനകത്ത് പത്തു രൂപയുണ്ടായിരുന്ന വിവരം ഞാൻ അറിയുന്നത്. ബാക്കി വന്ന അഞ്ച് രൂപ ഞാൻ വീട്ടിലെത്തിയപ്പോൾ അമ്മയെ ഏൽപ്പിച്ചു. പീന്നീടെപ്പോഴോ ഇന്ദിര ചേച്ചി അമ്മയെ കണ്ടപ്പോൾ ₹10/- പുസ്തകത്തിനകത്ത് വച്ച് തിരികെ എടുക്കാൻ മറന്നു പോയ വിവരം പറഞ്ഞു. അപ്പോഴാണ് ഈ കാശ് എന്റെ പുസ്തകത്തിനകത്ത് വന്ന വഴി എനിക്ക് മനസ്സിലായത്. കുട്ടികൾ അപ്പപ്പോൾ അവരെ അലട്ടുന്ന കാര്യം മതാപിതാക്കളോട് തുറന്ന് പറയുകയാണെങ്കിൽ ഇത്തരം പ്രശ്നങ്ങൾ വേഗം പരിഹരിക്കാൻ കഴിയും.

ഇന്ദിര ചേച്ചിയ്ക്ക് ഡിഗ്രി കഴിഞ്ഞയുടനെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ എംബിബിഎസിന് അഡ്മിഷൻ ലഭിച്ചു. ഞങ്ങളുടെ ഗ്രാമത്തിൽ നിന്നും എംബിബിഎസ്സിന് അഡ്മിഷൻ ലഭിച്ച ആദ്യ വനിതയായിരുന്നു ഇന്ദിര ചേച്ചി. (ആദ്യ എംബിബിഎസ് നേടിയ പുരുഷൻ രവീന്ദ്രൻ ഡോക്ടറായിരുന്നു.) ചേച്ചി പിന്നീട് എംഡിയും ചെയ്തു. ഇപ്പോൾ ഗവ. സർവ്വീസിൽ നിന്നും റിട്ടയർ ചെയ്തു. ഇന്ദിര ചേച്ചിക്ക് അഡ്മിഷൻ കിട്ടുന്ന സമയത്ത് കേരള മെഡിക്കൽ എൻട്രൻസ് തുടങ്ങിയിരുന്നില്ല. പഠിച്ച് നല്ല മാർക്ക് നേടിയാൽ മാത്രമേ അഡ്മിഷൻ കിട്ടുമായിരുന്നുള്ളൂ. ഇക്കാലത്തെപ്പോലെ എൻട്രൻസ് കോച്ചിംഗിന് കാശ് വാരിയെറിഞ്ഞ് പോകാൻ തക്ക സാമ്പത്തിക സ്ഥിതി ചേച്ചിയുടെ കുടുംബത്തിന് അന്നുണ്ടായിരുന്നില്ല എന്നറിയുമ്പോഴാണ് ചേച്ചിയുടെ വിജയത്തിന് തിളക്കമേറുന്നത്.

 

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles