ഡോ. ഐഷ വി

അമ്മിണി പശു പ്രായപൂർത്തിയായപ്പോൾ കൃത്യസമയത്തു തന്നെ പുത്തൻ കുളത്തുള്ള സർക്കാർ വക മൃഗാശുപത്രിയിൽ കൊണ്ടുപോയി യഥാസമയം കൃത്രിമ ബീജ സങ്കലനം നടത്തി വന്നു. അമ്മിണി പശുവിന് ഒരു പുത്രി ജനിച്ചപ്പോൾ മാത്രം വീട്ടിൽ വളർത്താനായി നിർത്തി. അവളുടെ പുത്രന്മാരെയെല്ലാം കറവ വറ്റുന്നതോടുകൂടി വിൽക്കുകയായിരുന്നു പതിവ്. കോഴി, പശു, താറാവ് എന്നിവയ്ക്ക് കുഞ്ഞുങ്ങൾ ഉണ്ടാകുമ്പോൾ പെൺകുഞ്ഞുങ്ങൾ ആകാനാണ് മനുഷ്യൻ ആഗ്രഹിക്കുക എന്നാൽ മനുഷ്യന്റെ കാര്യമാകുമ്പോൾ നേരെ തിരിച്ചും. ഒരു പക്ഷേ അക്കാലത്ത് കൊടുക്കേണ്ടിയിരുന്ന
സ്ത്രീധനമാകാം ജനങ്ങളെ ഇങ്ങനെ ചിന്തിപ്പിക്കാൻ കാരണം. അങ്ങനെ അമ്മിണിയുടെ മൂന്നാൺ മക്കളേയും വിറ്റിട്ട് അശ്വതിയെ മാത്രം നിലനിർത്തി. പശുവിന്റെ പ്രസവമെടുക്കുന്ന ജോലി അച്ഛനും അമ്മയും കൂടി ചെയ്തു. പശുവിനെ കറക്കാൻ വരുന്നയാൾ വെളുപ്പാൻ കാലത്തും ഉച്ചയ്ക്ക് ശേഷവും പരുവിനെ കറന്നു. ആദ്യ കാലത്ത് വീട്ടാവശ്യം കഴിഞ്ഞ് മിച്ചമുള്ള പാൽ അയൽപക്കക്കാർ വീട്ടിലെത്തി വാങ്ങുകയായിരുന്നു പതിവ്. അങ്ങനെ ഒത്തിരി നാൾ കഴിഞ്ഞാണ് കേരളത്തിൽ മിൽമ(1980 -ൽ) ആരംഭിക്കുന്നത്. അങ്ങനെ ശ്രീ വർഗ്ഗീസ് കുര്യൻ ആനന്ദിൽ തുടങ്ങി വച്ച ധവള വിപ്ലവത്തിന്റെ അലയൊലികൾ കേരളത്തിലും എത്തി.

അച്ഛന്റെ അമ്മാവന്റെ മകൻ രഘുമാമനായിരുന്നു ചിറക്കരയിൽ ക്ഷീരകർഷരുടെ സഹകരണ സംഘം ആരംഭിക്കുന്നതിൽ മുൻ കൈ എടുത്തത്. രഘുമാമനും കുന്നു വിളയിലെ പ്രസാദും കൂടി ക്ഷീര കർഷകരുടെ വീടുകൾ കയറി ഇറങ്ങി സഹകരണ സംഘത്തിലേയ്ക്ക് ആളെ ചേർത്തു. കൊച്ചു സോമന്റെ കടയിൽ സഹകരണ സംഘത്തിന്റെ ആദ്യ ഓഫീസ് പ്രവർത്തനം ആരംഭിച്ചു. തിരഞ്ഞെടുക്കപ്പെട്ട ഏതാനും കർഷകർക്ക് ഗുജറാത്തിലെ ആനന്ദിൽ പരിശീലനം ലഭിച്ചു. രഘുമാമനും അവിടെ പോയിരുന്നു. പോയി വന്നപ്പോൾ വിവരങ്ങൾ ഞങ്ങളുമായി പങ്കു വച്ചു. അതിലൊന്ന് ധവള വിപ്ലവത്തിന്റെ ആരംഭത്തോടു കൂടി ആനന്ദിൽ ധാരാളം പേർ പശുവിനെ വളർത്താൻ തുടങ്ങി എന്നതായിരുന്നു. കൊച്ചു വീടുകളിൽ തൊഴുത്തുപണിയാൻ കാശില്ലെങ്കിൽ അവിടത്തെ ആളുകൾ വീടിന്റെ ഒരു ഭിത്തിയോട് ചേർന്ന് താത്കാലിക ഷെഡുണ്ടാക്കി കന്നുകാലികളെ പരിപാലിച്ചു പോന്നു. കേരളത്തിൽ മിൽമ വന്നതോടു കൂടി വൈവിധ്യമാർന്ന പാലുൽപന്നങ്ങൾ നിർമ്മിക്കാൻ കഴിഞ്ഞു. പാൽ കൊടുക്കാൻ സൊസൈറ്റിയുള്ളത് കൊണ്ട് പലരും ഒന്നിലധികം പരുക്കളെ ഒരേ സമയം വളർത്താൻ ധൈര്യം കാട്ടി. ഞങ്ങളുടെ വീട്ടിൽ നിന്നും സൊസൈറ്റിയിലേയ്ക്ക് പാൽ എത്തിയ്ക്കുന്ന ചുമതല അമ്മയ്ക്കായിരുന്നു. പാൽ വണ്ടി വരുന്നതിന് മുമ്പ് പാൽ അവിടെയെത്തിയ്ക്കുക എന്നത് അമ്മയെ സംബന്ധിച്ചിടത്തോളം ശ്രമകരമായിരുന്നു. കാലക്രമേണ ധാരാളം സൊസൈറ്റികൾ രൂപപ്പെട്ടു. നേരിട്ടും അല്ലാതെയുമുള്ള ധാരാളം തൊഴിലവസരങ്ങൾ ഇതിലൂടെയുണ്ടായി.

കല്യാണം അടിയന്തിരം തുടങ്ങി വിപുലമായ ആവശ്യങ്ങൾക്ക് പാൽ സൊസൈറ്റി വരുന്നതിന് മുമ്പ് ചിറക്കര നാട്ടിൽ ഒരു സ്രോതസ്സിൽ നിന്നും വലിയ അളവിൽ പാൽ ലഭ്യമായിരുന്നില്ല. മയ്യനാട് പ്രദേശത്ത് ഫാമുള്ള ഒരാളുടെ പക്കൽ നിന്നും ആവശ്യമായ പാൽ തലേന്നേ തന്നെ ഒരാൾ അവിടെയെത്തി നാട്ടിൽ എത്തിയ്ക്കുകയായിരുന്നു പതിവ്. പാൽ സൊസൈറ്റി വന്നതോടു കൂടി നാട് മാറി എന്ന് തന്നെ പറയാം. ബികോം കഴിഞ്ഞ പലർക്കും പല സൊസൈറ്റികളിൽ സെക്രട്ടറിയായി ജോലി ലഭിച്ചു.

ഞങ്ങളുടെ വീട്ടിൽ അമ്മിണിയുടെ മകൾ അശ്വതിയും പല തവണ പ്രസവിച്ചു. ചക്കി മാത്രമായിരുന്നു അവളുടെ മകൾ . ഓരോ പശു കുട്ടിയ്ക്കും പേരിടുകയും അത് നീട്ടി വിളിയ്ക്കുകയും ചെയ്യുക ഞങ്ങളുടെ പതിവായിരുന്നു. മറുവിളി കേൾക്കുക അവരുടെ പതിവും അങ്ങനെ അശ്വതിയുടെ മകൾ ചക്കിയേയും ഞങ്ങൾ വളർത്തി. ഇടക്കാലത്ത് ചക്കിയ്ക്ക് കറവയില്ലാതെ നിന്നപ്പോൾ ഞങ്ങൾക്ക് ശുദ്ധമായ പാൽ തന്ന് വളർത്തണമെന്ന് അമ്മയ്ക്ക് ആഗ്രഹം തോന്നി. ഒരു ചെറിയ സ്റ്റീൽ ചരുവം നിറയെ പാൽ കുടിയ്ക്കുക എന്റെയും അനുജന്റെയും പതിവായിരുന്നു. അനുജത്തി അങ്ങനെ പാൽ കുടിച്ചിരുന്നില്ല. ഞങ്ങളുടെ പതിവ് തെറ്റാതിരിയ്ക്കാൻ അമ്മ കറവയുള്ള പശുവിനെ വാങ്ങാൻ അന്വേഷണം ആരംഭിച്ചു. അങ്ങനെ ഞാനും അമ്മയും കൂടി ഒരു ദിവസം പാണിയിലെ വനജാക്ഷി അപ്പച്ചിയുടെ വീട്ടിൽ പോയി തിരികെ വന്ന വഴി തങ്കപ്പൻ എന്ന ഒരു പരിചയക്കാരനെ കാണുകയുണ്ടായി. അമ്മ അദ്ദേഹത്തോട് കാര്യം പറഞ്ഞു. അദ്ദേഹം ഉടനെ തന്നെ ഞങ്ങളെ അവിടെ അടുത്തുള്ള ഒരു വീട്ടിലേയ്ക്ക് കൂട്ടി കൊണ്ടുപോയി . അപ്പോൾ തന്നെ പശുവിന്റെ വിലയുറപ്പിച്ചു. പിറ്റേന്ന് ശ്രീ തങ്കപ്പൻ പശുവിനെ വീട്ടിലെത്തിച്ചു. അമ്മ ഒരു വള പരവൂർ എസ് എൻ വി ബാങ്കിൽ പണയം വച്ച് പശുവിന്റെ വില നൽകി. ഈ പശുവിന് ഞങ്ങൾ മുത്തുവെന്ന് പേരിട്ടു. മുത്തുവിന്റെ മകൻ കുട്ടൻ. മുത്തുവിന് എന്നോടെന്നും ശത്രുതയായിരുന്നു. അതിനൊരു കാരണമുണ്ട്. ഞാൻ ചെടികൾക്ക് ഹോസിട്ട് വെള്ളമടിച്ചപ്പോൾ അവളുടെ മകന്റെ ദേഹത്ത് വീണു. പിന്നീട് ഞാൻ അടുത്തു ചെന്നാൽ അവൾ എന്നെ കുത്താനായി ഓടിയ്ക്കുമായിരുന്നു. ഞാൻ അവളെ അനുനയിപ്പിയ്ക്കാൻ ശ്രമിച്ചെങ്കിലും ഒരിക്കലും വിജയിച്ചില്ല.

പലപ്പോഴും കെട്ടഴിഞ്ഞ് പോയി എനിയ്ക്കിട്ട് പണി തന്നിരുന്നത് ചക്കിയായിരുന്നു. ചക്കിയുടെ പിറകേ വീട്ടിൽ നിന്ന വേഷത്തിൽ വളരെ ദൂരം എനിക്ക് ഓടേണ്ടി വന്നിട്ടുണ്ട്. ചിലപ്പോൾ ചിറക്കരത്താഴം ജങ്ഷൻ വരെയാകും ആ ഓട്ടം. ഞങ്ങളുടെ വീട്ടിലെ പശുപരിപാലനം അമ്മയ്ക്ക് ഹെർണിയയുടെ ശസ്ത്രക്രിയ കഴിയുന്നതുവരെ തുടർന്നു.

ആയിത്തി തൊള്ളായിരത്തി എൺപതുകളുടെ പകുതിയിൽ കേരളത്തിലെ ക്ഷീര കർഷകശ്രീ അവാർഡ് ലഭിച്ചത് തൈയ്യിലെ സോമൻ വല്യച്ഛനായിരുന്നു. ഗോബർ ഗ്യാസ് പാചകത്തിനും വിളക്ക് കത്തിയ്ക്കാനും ഉപയോഗിച്ചിരുന്നു. അവിടത്തെ ഡയറി ഫാമിന്റെ പേരാണ് ഗോകുലം ഡയറി ഫാം. ഇപ്പോഴും ഞങ്ങളുടെ നാട്ടിലെ ഗോ പരിപാലനം വർദ്ധിച്ചു കൊണ്ടിരിക്കുന്നു. അതിലൊന്നാണ് ആധുനിക സാങ്കേതിക വിദ്യയോടു കൂടി പ്രവർത്തിയ്ക്കുന്ന പ്രശസ്തമായ ജെ കെ ഡയറി ഫാം. മൂന്നൂറോളം പശുക്കളെ പരിപാലിക്കുന്നുണ്ടിവിടെ.

(തുടരും.)

 

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.