പോക്സോ കേസിൽ 35 ദിവസത്തെ ജയിൽ വാസത്തിനു ശേഷം, ഡിഎൻഎ ഫലം നെഗറ്റീവായതിനാൽ മോചിതനായ തിരൂരങ്ങാടി തെന്നല സ്വദേശി 18കാരൻ ശ്രീനാഥും കുടുംബവും നീതിനിഷേധം ആരോപിച്ച് കോടതിയെ സമീപിക്കാനൊരുങ്ങുന്നു. ചോദ്യം ചെയ്യലിനിടെ പൊലീസ് മർദിച്ചെന്നും കുറ്റം സമ്മതിക്കണമെന്നു നിർബന്ധിച്ചെന്നും ശ്രീനാഥ് പറയുന്നു.

ചെയ്യാത്ത തെറ്റിനു മൂന്നു ജയിലുകൾ കയറി. അതും പതിനെട്ടാം വയസ്സിൽ. വിലങ്ങണിയിച്ചാണ് പുലർച്ചെ പെൺകുട്ടിയുടെ വീട്ടിലേക്കു കൊണ്ടുപോയത്. അവിടെവച്ചു പൊലീസ് കരണത്തടിച്ചു. നീ പൊട്ടനാണോ എന്നു ചോദിച്ചായിരുന്നു അടി. പൊലീസുകാരുടെ അടി കാരണം ചെവിക്കു കേൾവിശേഷി കുറഞ്ഞു.’– ശ്രീനാഥ് പറഞ്ഞു.

പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഗർഭിണിയായ കേസിലാണ് പ്ലസ്ടു വിദ്യാർഥിയായ ശ്രീനാഥിനെ പോക്സോ ചുമത്തി അറസ്റ്റ് ചെയ്തത്. ഡിഎൻഎ പരിശോധനാ ഫലം നെഗറ്റീവായതോടെ മഞ്ചേരി പ്രത്യേക പോക്സോ കോടതി ശ്രീനാഥിനെ സ്വന്തം ജാമ്യത്തിൽ വിട്ടയയ്ക്കുകയായിരുന്നു.

പരാതിയുമായി ഉന്നത പൊലീസ് ഉദ്യോഗസ്ഥരേയും കോടതിയേയും സമീപിക്കാൻ ഒരുങ്ങുകയാണ് ശ്രീനാഥും കുടുംബവും. വരും ദിവസങ്ങളിൽ കോടതി കേസുമായി ബന്ധപ്പെട്ട തുടർനടപടികളിലേക്കു കടക്കും. പെൺകുട്ടിയെ പീഡിപ്പിച്ചയാളെ കണ്ടെത്താൻ വിശദമായ പുനരന്വേഷണം ആവശ്യമുണ്ട്.

കഴിഞ്ഞ ഏപ്രിലിൽ സ്കൂളിൽനിന്നു സ്പെഷൽ ക്ലാസ് കഴിഞ്ഞുവന്നപ്പോൾ ശ്രീനാഥ് സ്വന്തം വീട്ടിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്ന വിദ്യാർഥിനിയുടെ മൊഴിപ്രകാരം ആണ് പോക്സോ കുറ്റം ചുമത്തി തിരൂരങ്ങാടി പൊലീസ് കേസ് എടുത്തത്. താൻ നിരപരാധിയാണെന്നും പെൺകുട്ടിയുമായി ഒരു വർഷത്തെ പരിചയം മാത്രമേ ഉള്ളൂവെന്നും അന്ന് ശ്രീനാഥ് മൊഴി നൽകിയിരുന്നു. തുടർന്നാണ് ഡിഎൻഎ പരിശോധന വേഗത്തിലാക്കാൻ പൊലീസ് നടപടിയെടുത്തത്.