ഡോ. ഐഷ വി
സിന്ധു വീട്ടിൽ നിന്ന് യാത്ര പറഞ്ഞിറങ്ങുമ്പോൾ അമ്മ താടിയിൽ കൈവച്ച് ആലോചനയിലാണ്ടു. സഹോദരൻ കാശയച്ചു കൊടുക്കുന്നതേയുള്ളൂ വീട് പുതുക്കി പണിയുന്ന ജോലിയുടെ മുഴുവൻ മേൽ നോട്ടവും വഹിക്കുന്നത് ഇളയ മകൾ സിന്ധു തന്നെയാണ്. അതോടൊപ്പം പിഎച്ച് ഡി യും ചെയ്യുന്നുണ്ട്. ഇനി ഒരാഴ്ചക്കാലം അവൾ വീട്ടിൽ കാണില്ല. മറൈൻ ആൽഗകളെ കുറിച്ചും സഹ്യനിലെ വനത്തിനുള്ളിലെ ആൽഗകളെ കുറിച്ചുമാണ് പഠനം നടത്തേണ്ടത്. ഇന്നത്തെ യാത്ര തീരപ്രദേശത്തേയ്ക്കാണ് . അവിടെ മത്സ്യത്തൊഴിലാളികളുടെകൂടെ ഒരാഴ്ച താമസിക്കണം. വെളുപ്പാൻ കാലത്ത് വള്ളത്തിൽ അവരുടെ കൂടെ കടലിലേയ്ക്ക് പോയി പായൽ കലർന്ന വെള്ളത്തിന്റെ സാംപിൾ ശേഖരിക്കണം. റിസർച്ച് ഇത്തരത്തിൽ ആണെന്നറിഞ്ഞപ്പോൾ മൂത്ത രണ്ട് പെൺമക്കളും അവരുടെ ആശങ്കയും അതൃപ്തിയും അമ്മയോട് രേഖപ്പെടുത്തിയിരുന്നു. ഒന്നാമത് അച്ഛൻ മരിച്ചു പോയതിനാലും സഹോദരന്മാർ കുടുംബ സമേതം അന്യ സംസ്ഥാനത്ത് ജോലിയിലായതിനാലും സിന്ധുവിനെ എങ്ങും കൊണ്ടുപോകുവാൻ വീട്ടിൽ ആണുങ്ങളാരും ഇല്ലാത്തതാണ്. അതിനാൽ കല്യാണം കഴിഞ്ഞിട്ടു മതിയായിരുന്നു പിഎച്ച്ഡി ചെയ്യുന്നതൊക്കെ. അമ്മ ആലോചിച്ചു. മൂത്ത രണ്ട് പെൺമക്കളും പറയുന്നതിൽ കാര്യമില്ലാതില്ല. എന്നാൽ വിവാഹം കഴിഞ്ഞിട്ട് റിസർച്ച് ചെയ്യാമെന്ന് വച്ചാൽ വിവാഹം കഴിക്കുന്നയാൾ വിവാഹ ശേഷം റിസർച്ച് ചെയ്യാൻ വിട്ടില്ലെങ്കിലോയെന്ന ആശങ്ക സിന്ധുവിനുണ്ടായിരുന്നു. അത് അമ്മയോട് പ്രകടിപ്പിക്കുകയും ചെയ്തു. അങ്ങനെ അമ്മയുടെ മൗനം മകൾക്ക് സമ്മതമായി.
ഗൈഡ് രവിസാർ പിജിയ്ക്ക് സിന്ധുവിനെ പഠിപ്പിച്ച അധ്യാപകനായിരുന്നതു കൊണ്ട് സാറിന്റെ കുടുംബവുമായി നല്ല അടുപ്പമുണ്ടായിരുന്നു. “വെർബിന” യെന്ന വീട്ടുപേർ . തൂക്കിയിട്ട ചട്ടികളിലും മൺചെടിച്ചട്ടിയിലും അല്ലാതെയുമായി വെർബിന, ഡ്രൈ നെയർ എന്നിവയുൾപ്പെടെ ധാരാളം ചെടികൾ . രവി സാറിന്റെ ഭാര്യയും ബോട്ടണി പ്രൊഫസറുമായ രേണുക ടീച്ചർ ചെടികൾ നനയ്ക്കുമ്പോഴാണ് കൊല്ലം എസ് എൻ കോളേജ് ജങ്ഷനിൽ ബസ്സിറങ്ങിയ സിന്ധു ഒരാഴ്ചത്തേയ്ക്കുള്ള വസ്ത്രങ്ങളും നോട്ടുബുക്കുകളും ഒക്കെയായി വെർബിനയിലേയ്ക്കെത്തിയത്. “നല്ല ലഗേജുണ്ടല്ലോ? സിന്ധുവിന് ഒരു ഓട്ടോ പിടിച്ച് വരാമായിരുന്നില്ലേ?” അതിന് മറുപടിയായി സിന്ധു ചിരിച്ചതേയുള്ളൂ.
1980 കളിലെ ഒരു നാട്ടിൻപുറത്തുകാരിയ്ക്ക് ഈ ദൂരമൊന്നും ഒരു പ്രശ്നമേയല്ല. അവിടെ ബസ്സിറങ്ങി 2 ഉം മൂന്നും മൈൽ നടന്നാലേ വീടെത്തുകയുള്ളൂ. എന്നാൽ ഇവിടെ കോളേജ് ജങ്ഷനിൽ നിന്നും മുണ്ടക്കലിലെ വെർബിനയിലേയ്ക്കുള്ള ദൂരം വളരെ കുറവല്ലേ.
രേണുക ടീച്ചർ ഒരു കപ്പ് ചായയും പലഹാരങ്ങളുമായെത്തി. രവിസാർ ഇതിനിടയ്ക്ക് മറൈൻ ആൽഗകളെ എങ്ങനെ ഏതൊക്കെ സമയത്ത് എവിടെ നിന്നൊക്കെ ശേഖരിയ്ക്കണമെന്നും ഏതൊക്കെ കുപ്പികളിൽ ഇട്ട് സീൽ ചെയ്യണമെന്നും സിന്ധുവിനെ പറഞ്ഞേൽപ്പിച്ചു.
തീരദേശത്തേയ്ക്ക് സിന്ധു പോകുമ്പോൾ എവിടെ താമസിക്കണം എന്നൊക്കെയുള്ള കാര്യത്തിന് രവിസാർ തന്റെ പൂർവ്വ വിദ്യാർത്ഥിയും തീരദേശനിവാസിയുമായ ദാസൻ വഴി ചില ഏർപ്പാടുകൾ ചെയ്തിരുന്നു. അതിനാൽ സിന്ധുവിന് ആശങ്കയ്ക്ക് വകയില്ലായിരുന്നു. ദാസൻ വരാൻ കുറേകൂടി വൈകും. ദാസൻ ചിന്നക്കട പ്രൈവറ്റ് സ്റ്റാന്റിലാണെത്തുക. രവിസാറിന്റെ വീട്ടിൽ നിന്നിറങ്ങിയ സിന്ധു ആലോചിച്ചു. ഇന്നാണല്ലോ കൊല്ലം പബ്ലിക് ലൈബ്രറിയിലെ എക്സിബിഷൻ . അവിടെ പോയി ഒന്നു കണ്ടിട്ട് ബസ് സ്റ്റാന്റിലെത്തുമ്പോഴേയ്ക്കും ദാസൻ വരാൻ സമയമാകും . അങ്ങനെ സിന്ധു കൊല്ലം പബ്ലിക് ലൈബ്രറിയിലെത്തി. റീഡിംഗ് റൂമിലെ അലമാരികളും മേശകളുമൊക്കെയൊതുക്കി എക്സിബിഷനായി എല്ലാം സെറ്റ് ചെയ്തിരിയ്ക്കുകയാണ്. ആ ലൈബ്രറിയിലെ ലൈബ്രറിയൻ എപ്പോഴും പുസ്തകങ്ങളടങ്ങിയ അലമാരികളുടെ സ്ഥാനം ഇടയ്ക്കിടെ മാറ്റുന്ന ശീലക്കാരനാണ്. തുഗ്ലക്ക് എന്നായിരുന്നു ലൈബ്രറിയനെ വിദ്യാർത്ഥികൾ വിളിച്ചിരുന്ന ഇരട്ടപ്പേർ. രാജ്യതലസ്ഥാനം ഇടയ്ക്കിടെ മാറ്റിയിരുന്ന തുഗ്ലക്കിനെ അനുസ്മരിപ്പിയ്ക്കുന്നതാകണം പുസ്തകമടങ്ങിയ അലമാരികളുടെ സ്ഥാനം മാറ്റൽ.
സിന്ധു എക്സിബിഷൻ കാണുന്നതിനിടയിൽ ദൂരെ പ്രിയദർശൻ നിൽക്കുന്നത് സിന്ധുവിന്റെ ശ്രദ്ധയിൽപ്പെട്ടു. സിന്ധുവിന്റെ ജൂനിയറും സുവോളജി പി ജി വിദ്യാർത്ഥിയുമാണ് പ്രിയദർശൻ. ധാരാളം ഷഡ്പദങ്ങളേയും കീടങ്ങളെയുക്കെ കുപ്പിയിലാക്കി പ്രദർശിപ്പിയ്ക്കുകയായിരുന്നു പ്രിയദർശൻ.” ആഹാ… പൂച്ചികളേയും പിടിച്ച് നിൽപാണോ ?” സിന്ധു ചോദിച്ചു. “ഇന്ന് കണ്ടൽ വനവുമായി ബന്ധപ്പെട്ട കേസുണ്ടായിരുന്നതിനാൽ കുറച്ച് ജീവികളെ മാത്രമേ പിടിച്ചു കൊണ്ടുവരുവാൻ സാധിച്ചുള്ളൂ. ആശ്രമത്തിന്റെ തീരം സംരക്ഷിയ്ക്കുന്ന കണ്ടൽക്കാടുകൾ നശിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ട പ്രിയദർശൻ ഇതിനകം മൂന്ന് കേസ് കൊടുത്തു കഴിഞ്ഞു. തീരെ മെലിഞ്ഞ ശരീരമുള്ള പ്രിയദർശൻ ചെയ്യുന്ന കാര്യങ്ങൾ വളരെ വലുപ്പമുള്ളവയാണ്.. എക്സിബിഷൻ കണ്ട് പ്രിയദർശനുമായി കുശലം പറഞ്ഞ് കഴിഞ്ഞ് സിന്ധു അവിടെ നിന്നുമിറങ്ങി.
നേരെ ചിന്നക്കടയിലെ പ്രശസ്തമായ കൊല്ലം പട്ടണത്തിന്റെ മുഖമുദ്രയായ ക്ലോക്ക് ടവറിനടുത്തുള്ള ബസ് സ്റ്റാന്റിലെത്തി. കുറച്ചു കഴിഞ്ഞപ്പോൾ ദാസനുമവിടെത്തി. അവർ നീണ്ടകര വഴി പോകുന്ന ബസ്സിൽ കയറി. ബസ്സിലിരിയ്ക്കുമ്പോൾ സിന്ധു ചിന്തിച്ചു : കേവലം മൂന്ന് കിലോമീറ്ററോ അതിൽ താഴെയോ മാത്രം വീതിയുള്ള കരഭാഗത്തുകൂടെയാണ് നീണ്ടകര വഴി പോകുന്ന നാഷണൽ ഹൈവേ നീണ്ട് നിവർന്ന് കിടക്കുന്നത് കൊല്ലത്ത് നിന്നും കരുനാഗപള്ളിയ്ക്ക് പോകുമ്പോൾ വലത് ഭാഗത്ത് അഷ്ടമുടിക്കായലും ഇടത് ഭാഗത്ത് കടലും. ചില ഭാഗത്ത് എത്തുമ്പോൾ ബസ്സിലിരുന്നാൽ കടലും കായലും ദൃശ്യമാകാറുണ്ട്. ഈ കരഭാഗം ഒരു പൊഴി ( ഡെൽറ്റ) യാകാൻ വഴിയില്ലേ? പരവൂർ പൊഴിക്കരയിലെ പൊഴിയാകട്ടെ വളരെ ചെറുതായതു കൊണ്ട് പൊഴിയെന്ന് തോന്നും. എന്നാൽ കൊല്ലത്തെ ഈ ഭാഗം പൊഴിയെന്ന് ആരും പറഞ്ഞോ വായിച്ചോ അറിവില്ല. വണ്ടി നീണ്ടകരയിലെ തുറയുടെ അടുത്തെത്തിയപ്പോൾ ദാസനിറങ്ങി. കൂടെ സിന്ധുവും. ദാസൻ സിന്ധുവിന് താമസിക്കാൻ സൗകര്യം ഏർപ്പാടാക്കിയിരുന്നത് സത്യന്റെ ചെറ്റപ്പുരയിലാണ്. ഭിത്തിയും മേൽക്കൂരയും ഓല കൊണ്ട് തീർത്ത ഒരൊറ്റ മുറി വീട്. മലമൂത്രവിസർജനം , കുളി എന്നിവയുടെ കാര്യം പരുങ്ങലിലാവുമെന്ന് സിന്ധുവിന് തോന്നി. കാര്യം ദാസനോട് സൂചിപ്പിച്ചു . ആയിരത്തിതൊളളായിരത്തി എൺപതുകളിൽ തീരം വെളിയിട വിസർജ്യമുക്തമല്ലായിരുന്നു. കുളിയും കഴുകലുമൊക്കെ കടലിൽ തന്നെ. കിണർ സർവ്വസാധാരണമല്ല. കുടി വെള്ളത്തിന് അങ്ങകലെ റോഡരികിലുള്ള പൊതുടാപ്പിനെയാണാശ്രയിയ്ക്കുന്നത്. അഷ്ടമൂടിക്കായലിന്റെ തീരത്താണെങ്കിൽ ആളുകൾ കായലിലേയ്ക്ക് നാല് തടി കൊണ്ടുള്ള കാൽ നാട്ടി തടി കൊണ്ടുള്ള തട്ടുണ്ടാക്കി ഓലയോ പനമ്പോ കൊണ്ട് മറച്ച് കക്കൂസുണ്ടാക്കും. തടിത്തട്ടിന്റെ ഇടയിലെ വിടവിലൂടെ വിസർജ്യം നേരെ കായലിലേയ്ക്ക്.
സിന്ധു ആലോചിച്ചു നിൽക്കെ ദാസൻ ഒരു പരിഹാരം കണ്ടെത്തി. ആ തുറയിലെ സാമാന്യം ഭേദപ്പെട്ട ഓടിട്ട വീട്ടിലെത്തി, സിന്ധുവിന് കുളിക്കാനും കക്കൂസിൽ പോകാനുമുള്ള അനുവാദം വാങ്ങി. സിന്ധു അവിടെത്തി. വീട്ടുകാരെ പരിചയപ്പെട്ടു. ഓടിട്ട വീടാണെങ്കിലും തുടർച്ചയായി ഉപ്പു കാറ്റേറ്റ് വീടിന്റെ ഭിത്തി ദ്രവിച്ച നിലയിലായിരുന്നു.
അവർ തിരികെ സത്യന്റെ വീട്ടിലെത്തി. സത്യനെയും ഭാര്യ രേവമ്മയേയും കുട്ടികളെയും പരിചയപ്പെട്ടു. കുട്ടികൾക്ക് അതിഥിയെ ഇഷ്ടപ്പെട്ടു. അവർ സിന്ധുവിന്റെ ചുറ്റും കൂടി.ആ ഒറ്റമുറി വീട്ടിന്റെ അകവും പുറവും മനോഹരമായി സൂക്ഷിച്ചിരുന്നു. എല്ലാ സാധനങ്ങളും പായയും മറ്റും മുകളിൽ ഒരറ്റത്തായി കെട്ടിതൂക്കിയിരുന്നു. ആവശ്യാനുസരണം മാത്രമേ സാധനങ്ങൾ താഴെ ഇറക്കിയിരുന്നുള്ളൂ. അതിനാൽ ആ ഒറ്റമുറി വീട്ടിൽ അസൗകര്യങ്ങൾ ഒന്നും ഇല്ലായിരുന്നെന്ന് പറയാം. നല്ലതുപോലെ തൂത്ത് വൃത്തിയാക്കിയിട്ടിരിയ്ക്കുന്ന മുറിയുടെ ഒരറ്റത്ത് തറയിൽ അടുപ്പ് അടുക്കള സംവിധാനം മുതലായവ. മറ്റാരറ്റത്ത് ഒരു വരിഞ്ഞ കട്ടിൽ.
പുറത്തേയ്ക്കിറങ്ങിയ സത്യൻ കുറേക്കഴിഞ്ഞ് തിരികെയെത്തി. കൈയ്യിൽ ഒരു വലിയ മത്സ്യം ഉണ്ടായിരുന്നു. രേവമ്മ മറ്റു ജോലിയിൽ ആയിരുന്നതിനാൽ സത്യൻ മത്സ്യത്തെ സിന്ധുവിന്റെ കൈയ്യിൽ കൊടുത്തു. മത്സ്യം സിന്ധുവിന്റെ കൈയ്യിലിരുന്ന് ഞെരി പിരി കൊണ്ടപ്പോൾ സിന്ധു ആദ്യമൊന്ന് അത്ഭുത പരവശയായി. നല്ല പെട പെടയ്ക്കണ മത്സ്യം എന്ന് കേട്ടിട്ടേയുള്ളൂ ഇപ്പോൾ തന്റെ കൈയ്യിലിരുന്ന് പെടയ്ക്കുന്നു. സത്യൻ ഏതോ വള്ളക്കാരിൽ നിന്നും . സംഘടിപ്പിച്ചതാണ്.
രേവമ്മ അത്താഴത്തിന് ചൂട് ചോറും മീൻ കറിയും വിളമ്പി. കിടക്കാറായപ്പോൾ സത്യൻ കട്ടിലുമെടുത്ത് പുറത്തു കിടന്നു. മറ്റുള്ളവർ പായവിരിച്ച് അകത്തും. എല്ലാവരും കിടന്നു കഴിഞ്ഞപ്പോൾ , മണ്ണെണ്ണ വിളക്കണച്ച് രേവമ്മയും കിടന്നു.
രേവമ്മ അതിരാവിലെ തന്നെ എണീറ്റു. കട്ടൻ കാപ്പിയുണ്ടാക്കി. സത്യൻ കിട്ടന്റെ കടയിൽ നിന്നും വാങ്ങിയ അരിയുണ്ടയും കരിപ്പട്ടിയും കയർ കൊണ്ട് ഒരാവരണം തീർത്ത ഗാസ്സ് കുപ്പിയിൽ കുടിവെള്ളവുമെടുത്തു. സിന്ധു ആദ്യമായി വള്ളത്തിൽ പോകുന്നതിനാൽ അതിരാവിലെ തന്നെ ദാസനും അവിടെത്തിയിരുന്നു. സത്യൻ അരിയുണ്ടയും കരിപ്പട്ടിയും എടുത്തു വയ്ക്കുന്നത് ശ്രദ്ധിച്ച സിന്ധുവിനോട് ദാസൻ പറഞ്ഞു. “ഇത് വള്ളക്കാരുടെ ഒരു രീതിയാണ്. കടലിൽ വച്ച് പ്രതികൂല സാഹചര്യങ്ങളുണ്ടായാൽ ഭക്ഷണം ഉറപ്പാക്കാം. ഇതാകുമ്പോൾ കേടാകാതെയിരിയ്ക്കും.” സിന്ധു ശേഖരിയ്ക്കുന്ന സാമ്പിൾ സൂക്ഷിയ്ക്കേണ്ട കുപ്പികൾ എടുത്തു. അവർ മൂവരും വള്ളത്തിൽ കയറി.
തുടരും.
ഡോ.ഐഷ . വി.
പ്രിൻസിപ്പാൾ , പാലക്കാട് ജില്ലയിലെ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് . കഥകളും ലേഖനങ്ങളും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
Leave a Reply