മലപ്പുറം: പെരിന്തല്‍മണ്ണയില്‍ ലീഗ് ഓഫീസിന് നേരെ അക്രമണം നടത്തിയ എസ് എഫ് ഐക്കാര്‍ ഓഫീസില്‍ സൂക്ഷിച്ചിരുന്ന പാര്‍ട്ടി ഫണ്ട് കൊള്ളയടിച്ചതായി എംപി പികെ കുഞ്ഞാലിക്കുട്ടി. തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ ചെയ്ത കുറിപ്പിലാണ് എംപി ആരോപണം ഉന്നയിച്ചിരിക്കുന്നത്. രാഷ്ട്രീയ വൈരം കലുഷിതമാക്കിയിട്ടില്ലാത്ത മണ്ണാണ് മലപ്പുറത്തിന്റേത് രാഷ്ട്രീയ അഭിപ്രായ വ്യത്യാസത്തിന്റെ പേരില്‍ മനുഷ്യര്‍ കൊന്നും കൊല വിളിച്ചും ഭ്രാന്ത് കാണിക്കാത്ത നാട്. ആ നാടിനെ കലുഷിതമാക്കന്‍ ഗൂഢ ശ്രമങ്ങള്‍ നടക്കുന്നുവോയെന്ന് സംശയിക്കുന്നതായും കുഞ്ഞാലിക്കുട്ടി തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

കുഞ്ഞാലിക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്;

രാഷ്ട്രീയ വൈരം കലുഷിതമാക്കിയിട്ടില്ലാത്ത മണ്ണാണ് മലപ്പുറത്തിന്റേത്. രാഷ്ട്രീയ അഭിപ്രായ വ്യത്യാസത്തിന്റെ പേരില്‍ മനുഷ്യര്‍ കൊന്നും കൊല വിളിച്ചും ഭ്രാന്ത് കാണിക്കാത്ത നാട്. മലപ്പുറത്തെ പച്ച മനുഷ്യരുടെ സ്‌നേഹലാളനകളെ ആയിരം നാവില്‍ വാഴ്ത്തിപ്പറയാനാണ് സ്ഥലം മാറ്റം ലഭിച്ച ഇവിടെയെത്തിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മത്സരിച്ചത്. നാലു വര്‍ഷം മലപ്പുറം ജില്ലാ പോലീസ് മേധാവി ആയിരുന്ന സേതുരാമന്‍ ഐ പി എസ് മുതല്‍ ഉത്തരേന്ത്യക്കാരായ ജില്ലാ കലക്ടര്‍മാര്‍ വരെ മലപ്പുറത്തിന്റെ സ്‌നേഹ ശീലുകളെ ചരിത്ര രേഖകളില്‍ കോറിയിട്ടു.
ഈ സ്‌നേഹത്തുരുത്ത് നമുക്ക് നഷ്ടപ്പെടുത്താനുള്ള ആസൂത്രിത ശ്രമങ്ങള്‍ ഇരുള്‍മറക്കുള്ളില്‍ ആരെങ്കിലും നടത്തി വരുന്നുണ്ടോ എന്ന് ആശങ്കപ്പെടുത്തുന്ന സംഭവമാണ് പെരിന്തല്‍മണ്ണയില്‍ ഉണ്ടായിരിക്കുന്നത്. അവിടെ പോളി ടെക്‌നിക്കില്‍ എംഎസ്എഫ് പതാക ഉയര്‍ത്താന്‍ എസ്എഫ്ഐ അനുവദിക്കാതിരുന്നതായിരുന്നു സംഘര്‍ഷത്തിന്റെ മൂല കാരണം. ഒരു കാമ്പസില്‍ കുറച്ച് ഭൂരിപക്ഷമുണ്ടെന്ന് കരുതി മറ്റ് സംഘടനകള്‍ക്കൊന്നും അവിടെ പ്രവര്‍ത്തിക്കാന്‍ പാടില്ല എന്ന ശാഠ്യം ജനാധിപത്യത്തിനു ചേര്‍ന്നതല്ല. അത് അനുവദിച്ചു കൊടുക്കാനുമാവില്ലല്ലോ?

കാമ്പസിലെ എംഎസ്എഫ് സാന്നിദ്ധ്യത്തില്‍ വിറളി പൂണ്ടവര്‍ മദമിളകി പെരിന്തല്‍മണ്ണ പട്ടണത്തില്‍ അഴിഞ്ഞാടുകയായിരുന്നു. മുസ്ലിം ലീഗ് കമ്മറ്റി ഓഫീസ് തകര്‍ത്ത് അവിടുത്തെ ഫര്‍ണീച്ചറുകളും രേഖകളുമെല്ലാം നശിപ്പിച്ച് പാര്‍ട്ടി പത്രത്തിനായി സമാഹരിച്ച ഫണ്ടും കൊള്ള ചെയ്ത് എസ് എഫ് ഐ നടത്തിയ തേര്‍വാഴ്ച്ച മുഴുവന്‍ ജനങ്ങളും അപലപിച്ചു കഴിഞ്ഞു.

കൈവിട്ടു പോകാതെ മുറുകെ പിടിക്കേണ്ട ചില സവിശേഷതകളുണ്ട് നമുക്ക്. സൗഹാര്‍ദ്ദമാണ് മലപ്പുറത്തിന്റെ പാരമ്പര്യം. വൈരമല്ല, സ്‌നേഹമാണ് നമ്മുടെ ശീലവും. അക്രമികളെ സംരക്ഷിക്കാതെ അവരെ നിയമത്തിനു വിട്ടുകൊടുത്ത് ഉയര്‍ന്ന രാഷ്ട്രീയ ഉത്തരവാദിത്തം നിറവേറ്റാന്‍ സിപിഎം നേതൃത്വം തയ്യാറാവണം. അക്രമികളെ ഒറ്റപ്പെടുത്തണം. കലുഷിതമായിക്കൂടാ നമ്മുടെ നാട്. മലിനപ്പെടുത്താന്‍ അനുവദിക്കരുത് സ്‌നേഹത്തിന്റെ ഈ നീരൊഴുക്ക്.