റജി വർക്കി

കുറെ നേരം റൂമില്‍ ഇരുന്നു മടുത്തപ്പോഴാണ് പുറത്തേക്കു നടക്കാന്‍ പോയാലോ എന്ന് തോന്നിയത്. അവധി ആയാല്‍ പിന്നെ ഒരു മടിയാണ്. ചിലപ്പോള്‍ തോന്നും രണ്ടു ദിവസം അവധി വേണ്ട എന്ന്. അവധി ദിവസം ആയതു കാരണം പുറത്തു അധികം ആളില്ല. എല്ലാവരും അവധി ആഘോഷിക്കാന്‍ ദുബായ്ക്ക് പോയിക്കാണും. പണ്ടേ ആഘോഷങ്ങളോട് വലിയ താല്പര്യം ഇല്ലാത്തതു കൊണ്ടാണ്, അല്ലേല്‍ അച്ചായന്റെ കൂടെ ദുബായ് മാളില്‍ കറങ്ങാന്‍ പോകാമായിരുന്നു. ഓരോന്നാലോചിച്ചു നടന്നു പാര്‍ക്ക് വരെ എത്തി. ആരോ പിന്നില്‍ നിന്ന് വിളിക്കുന്നു.

“ബിജൂ”

തിരിഞ്ഞു നോക്കി പഴയ എട്ടണ മുക്ക് കോറത്തിലെ പ്രകാശാണ്. ഇവന്‍ ദുബായില്‍ ആണെന്നല്ലേ പറഞ്ഞത് ഇപ്പൊ ഇവിടെ.. എല്ലാവരും ദുബായിക്ക് പോയപ്പോ ഇവന്‍ ഇങ്ങോട്ടാണോ വന്നത്..?

എന്ത് പാരയാണോ, ഏതു സമയത്താണോ നടക്കാന്‍ തോന്നിയത്…

“എന്താ പ്രകാശേ ഇവിടെ..?” എന്തെങ്കിലും ചോദിക്കണമല്ലോ.

“എന്താടാ എനിക്ക് ഇവിടെ വരാന്‍ പറ്റില്ലേ?”

“അയ്യോ വരാമേ” ഇവനോടൊക്കെ കുശലം ചോദിക്കുന്ന എന്നെ പറഞ്ഞാല്‍ മതി…

“പിന്നെ എന്തൊക്കെയുണ്ട് ബിജു വിശേഷങ്ങള്‍..” ചോദ്യം കേട്ടപ്പോഴേ മനസിലായി ഇവന്‍ എന്തൊക്കെയോ അറിഞ്ഞിട്ടുണ്ട്….

“വിശേഷങ്ങള്‍ ഒക്കെ നീ അറിഞ്ഞു കാണുമല്ലോ..”

“എന്ത്?”

ഇവനൊരു ഭയങ്കര സാധനം ആണ്… നാട്ടില്‍ ഞാന്‍ പോയതും അവിടെ നടന്ന കാര്യങ്ങളും വള്ളി പുള്ളി തെറ്റാതെ ഇവന്‍ അറിഞ്ഞു കാണും. എന്നാലും നമ്മളെ കൊണ്ട് പറയിക്കുമ്പോഴത്തെ ഒരു സുഖം ഉണ്ടല്ലോ, അതാണ് ലൈന്‍.

“നീ അറിഞ്ഞില്ലേല്‍ അറിയേണ്ട..” ഞാനും അത്ര മോശക്കാരനല്ല.

“അല്ല കല്യാണം മാറിപ്പോയെന്നോ.. മറ്റോ എന്നോട് വീട്ടില്‍ നിന്ന് പറഞ്ഞു..” അവന്‍ വിടാനുള്ള ഭാവമില്ല.

“ആ.. മാറിപ്പോയി… ” ഞാന്‍ എങ്ങും തൊടാതെ ഒരു മറുപടി പറഞ്ഞു..

എന്തെങ്കിലും കാര്യം ആരെങ്കിലും ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്തതായി ഉണ്ടോ അത് ചികഞ്ഞു പുറത്തു ചാടിച്ചു അവരെ വിഷമിപ്പിക്കുക എന്നത് മലയാളിയുടെ ജനിതക സ്വഭാവമാണല്ലോ…

“എന്താടാ പറ്റിയത്…?” അവന്‍ പിന്നാലെ തന്നെ ഉണ്ട്..

നാശം പിടിക്കാന്‍… റൂമില്‍ ഇരുന്നിട്ട് സ്വസ്ഥത കിട്ടാഞ്ഞിട്ടാണ് നടക്കാന്‍ ഇറങ്ങിയത്‌. അത് ഇത്രയും പണി കിട്ടുന്ന ഒരു കാര്യം ആയി മാറുമെന്നു കരുതാന്‍ ഞാന്‍ ആറ്റുകാല്‍ രാമകൃഷ്ണന്‍, കാണിപ്പയ്യൂര്‍ എന്നിവരുടെ സ്വന്തം ആളൊന്നുമല്ലല്ലോ..

പിന്നെ സംഭവിച്ചത് എല്ലാം വള്ളി പുള്ളി തെറ്റാതെ പറഞ്ഞു.. എല്ലാം അവന്‍ അറിഞ്ഞു കാണുമെങ്കിലും…

എല്ലാം കേട്ട് കഴിഞ്ഞപ്പോള്‍.. സ്ഥിരം കേള്‍ക്കുന്ന ഡയലോഗ്…

“സാരമില്ലെടാ പോട്ടെ.. അത് നിനക്കുള്ളതല്ല.. നിനക്ക് ഇതിനെക്കാള്‍ നല്ലത് കിട്ടും… കല്യാണം കഴിഞ്ഞിട്ട് പോയിരുന്നെങ്കിലോ…”

കഴിഞ്ഞ കുറെ ദിവസമായി ഇത് തന്നെയാടാ ഞാന്‍ കേട്ടുകൊണ്ടിരിക്കുന്നത്.. മനസ്സില്‍ പറഞ്ഞു. ഇത്തരം ടീമിന്റെ അടുത്ത് പറഞ്ഞിട്ടെന്താ കാര്യം.

കൂടുതല്‍ ചോദ്യങ്ങള്‍ക്ക് അവസരം കൊടുക്കതിരിക്കാനെന്നോണം ഞാന്‍ നടക്കാന്‍ തുടങ്ങി.

ഇനിയെങ്കിലും നിര്‍ത്തും എന്ന് കരുതി എനിക്ക് തെറ്റി. ദാ വരുന്നു അടുത്ത ചോദ്യം.

“നീ നാട്ടില്‍ പോയിട്ട് അഞ്ജുവിനെ കണ്ടോ?”

ഇവനിതറിഞ്ഞിട്ടു എന്ത് എടുക്കാനാ..

ഒന്നും പറയാന്‍ തോന്നിയില്ല.. ഒരു വളിച്ച ചിരി വരുത്തി നടന്നു.

മറക്കാന്‍ ശ്രമിക്കുന്നത് ഒര്‍മ്മിപ്പിക്കാന്‍ ഓരോരുത്തന് എത്തിക്കോളും..

പാര്‍ക്കിലെ ബെഞ്ചില്‍ ഇരിക്കുമ്പോഴും ഓര്‍ത്തത്‌ അഞ്ജുവിനെ തന്നെ ആയിരുന്നു. എന്നാണ് അവളെ ആദ്യമായി കണ്ടത്…?

അപ്ടെക്കിലെ സാമിനെ കാണാന്‍ പോയപ്പോഴാണന്നു തോന്നുന്നു. അവളെ ആദ്യമായി കണ്ടത്. എന്തോ കാര്യം പറഞ്ഞു പുറത്തേക്കിറങ്ങാന്‍ പോകുമ്പോഴാണു ഒരു നനുത്ത പുഞ്ചിരിയുമായി അവള്‍ കടന്നു വന്നത്.

ആദ്യം കണ്ടപ്പോള്‍ തന്നെ എന്തോ ഒരു ഇഷ്ടം തോന്നി. പിന്നെ അടുത്ത് പരിചയപ്പെട്ടപ്പോള്‍ കൂടുതല്‍ ഇഷ്ടം തോന്നി. എത്ര മനോഹരമായി അവള്‍ എല്ലാവരോടും ഇടപെടുന്നു. ഇവളെ ആണോ ഞാന്‍ ഇത്രയും കാലം അന്വേഷിച്ചു നടന്നത്.

ഒരിക്കല്‍ കണ്ടപ്പോള്‍ സാം പറഞ്ഞു, എവിടെ എങ്കിലും അക്കൗണ്ടന്റ് വേക്കൻസി ഉണ്ടെങ്കില്‍ പറയണം എന്ന്. അഞ്ജുവിന് വേണ്ടിയാണു. അപ്പോഴാണ് ഞാന്‍ വര്‍ക്ക് ചെയ്യുന്ന കമ്പനിയില്‍ ഒരു ഒഴിവു വന്നത്. വൈദ്യന്‍ കുറിച്ചതും പാല്‍.. രോഗി ആഗ്രഹിച്ചതും പാല്‍!

അടുത്തടുത്ത സീറ്റ്.. നല്ലൊരു സ്നേഹിത… വളരെ സെന്‍സിബിള്‍… എന്ത് തമാശയും പറയാം… എത്ര നല്ല ദിവസങ്ങള്‍ ആയിരുന്നു അതൊക്കെ.

പല കാര്യങ്ങളിലും അവളുടെ ഉപദേശം എനിക്ക് വളരെ നന്നായി തോന്നി. ലോക ഉഴപ്പനായ എന്നെ അവള്‍ മാറ്റിയെടുത്തു എന്ന് പറയുന്നതായിരിക്കും ശരി.

എന്റെ ഒരു സ്വഭാവം, ഒരു കാര്യവും ഞാന്‍ തുടങ്ങുകില്ല എന്നുള്ളതാണ്.. തുടങ്ങിയാല്‍ പിന്നെ അത് തീര്‍ക്കാതെ മാറുകയുമില്ല. അവള്‍ വന്നതിനു ശേഷം എല്ലാം മാറി മറിഞ്ഞു. ഞാന്‍ ചിന്തിക്കുന്നതും ചെയ്യുന്നതും എല്ലാം വളരെ നന്നായി തോന്നി. രാവിലെ ഓഫീസില്‍ പോകാന്‍ വളരെ സന്തോഷം. അവളെ കാണാമല്ലോ.

കാണാത്ത ദിവസം ഫോണ്‍ ചെയ്യും. കുറെ സംസാരിക്കും. ഒരു ദൈവ വിശ്വാസി അല്ലാത്ത എന്നെ അവള്‍ ഒരു ദൈവ വിശ്വാസി ആക്കി എടുത്തു. ഇടയ്ക്ക് എവിടെ വച്ചോ ഞാന്‍ ഉപേക്ഷിച്ച പള്ളിയും വിശ്വാസവും ഒക്കെ എന്നില്‍ മടങ്ങി വന്ന നാളുകള്‍ ആയിരുന്നു അത്.

അവളുടെ വീട്ടിലെ പല കാര്യങ്ങളും അവള്‍ എന്നോട് പറയുമായിരുന്നു. അപ്പോഴാണ് അറിഞ്ഞത് ഇത്രയേറെ സങ്കടങ്ങള്‍ ഉള്ളില്‍ വച്ചാണ് അവള്‍ ചിരിക്കുന്നതെന്ന്.

ഭാഗ്യദോഷി എന്നാണത്രേ അവളുടെ അമ്മയും വീട്ടുകാരും അവളെ വിളിക്കുന്നത്‌. ചെറുപ്പത്തില്‍ അവളുടെ അമ്മാച്ചന്‍ അവളെയും കൊണ്ട് സൈക്കിളില്‍ പോകുമ്പോള്‍ അപകടം ഉണ്ടായി അദ്ദേഹം മരിച്ചു. പിന്നെ ഒരിക്കലും അവളുടെ വീട്ടുകാര്‍ക്ക് അവളോട് പഴയ സ്നേഹം ഉണ്ടായിട്ടില്ല..

ഇത്രയും പ്രായം ആയിട്ടും എന്തേ കല്യാണം ഒന്നും ആകാത്തത് എന്ന വീടുകാരുടെയും നാട്ടുകാരുടെയും ചോദ്യത്തിനു മുന്നില്‍ പകച്ചു നില്‍ക്കാനേ അവള്‍ക്കായുള്ളൂ.

ഇടുങ്ങിയ സമുദായം ആയതു കൊണ്ട് അവള്‍ക്കു വേണ്ടിയുള്ള എന്റെ വിവാഹ അന്വേഷണം ഒക്കെ വലിയ ഫലം കണ്ടില്ല..

എനിക്ക് തോന്നുന്നു എനിക്ക് അവളോടും അവള്‍ക്ക് എന്നോടും ഉള്ള സ്നേഹം ഞങ്ങള്‍ ഒഴിച്ച് മറ്റെല്ലാവര്‍ക്കും മനസിലായി എന്ന്.

ഒരിക്കല്‍, ബിജുവിന്റെ ജീവിതത്തിലേക്ക് എന്നെക്കൂടി ചേര്‍ക്കുമോ എന്ന് ചോദിച്ചപ്പോള്‍, കേള്‍ക്കാന്‍ ആഗ്രഹിച്ചത്‌ എന്തോ കേട്ട ഒരു സന്തോഷം.

അല്ലെങ്കിലും എനിക്കവളോടുള്ള പ്രണയം, വാക്കുകള്‍ കൊണ്ട് വിവരിക്കാന്‍ ആകാത്ത വിധം നിസ്സീമമായിക്കഴിഞ്ഞിരുന്നല്ലോ..

പിന്നെ പ്രണയത്തിന്റെ നാളുകള്‍ ആയിരുന്നു.. വാകപ്പൂക്കള്‍ ചുവന്ന പരവതാനി വിരിച്ച, കരിയിലക്കുരുവികള്‍ സദാ ചിലക്കുന്ന നാട്ടു വഴികളിലൂടെ ചേര്‍ന്ന് നടക്കുമ്പോഴ് … എന്റെ പ്രണയിനിയുടെ ശബ്ദത്തിനു കാതോര്‍ക്കുന്ന എനിക്ക് അന്നാദ്യമായി ആ കിളികളോട് ദേഷ്യം തോന്നി..

മുളം കാടുകള്‍ തിങ്ങി നിറഞ്ഞ പുഴയോരത്ത് അവളെയും കാത്തു നില്‍ക്കുമ്പോള്‍… കാത്തു നില്‍ക്കുന്നതിനും ഒരു സുഖം ഉണ്ടെന്നു ഞാന്‍ അറിഞ്ഞു..

ഞങ്ങളുടെ പ്രണയം നിശബ്ദമായി ഒഴുകുന്ന നദി പോലെ സുന്ദരമായിരുന്നു. ഞാന്‍ അവളെക്കുറിച്ച് മനസ്സില്‍ ആലോചിക്കുമ്പോള്‍ തന്നെ അവള്‍ എന്നെ വിളിക്കും. മനസ്സുകളുടെ, വാക്കുകളില്ലാത്ത ഈ സംവേദനം എനിക്ക് പുതിയതായിരുന്നു..

ആ കുന്നിന്‍ ചരുവിലെ വാകമര ചുവട്ടില്‍ പരസ്പരം ചേര്‍ന്ന് നില്‍ക്കുമ്പോള്‍.. ചുവന്ന പൂക്കള്‍ ഞങ്ങളുടെ മേല്‍ പതിക്കുമ്പോള്‍ ആ മരങ്ങള്‍ പോലും ഞങ്ങളുടെ സ്നേഹത്തിനെ അനുകൂലിക്കുന്നത് പോലെ തോന്നി.

എത്ര സുന്ദരങ്ങള്‍ ആയിരുന്നു ആ ദിനങ്ങള്‍… രാവിലെ ഓഫീസില്‍ പോകുമ്പോള്‍ അവളെ കാണാം എന്ന സന്തോഷം.

അവളും അമ്മയും മാത്രം ഉള്ള ആ വീട്ടില് ഞാന്‍ ഒരു സന്ദര്‍ശകനായി മാറി. അവളുടെ അമ്മയ്ക്കും എന്നെ വളരെ ഇഷ്ടപ്പെട്ടു.

പക്ഷെ എത്ര ഹൃസ്വം ആയിരുന്നു ഇവയെല്ലാം… കുമാരനാശാന്റെ വീണ പൂവില്‍ പറയുന്ന പോലെ… ‘ശ്രീ ഭൂവില്‍ അസ്ഥിര…’

ഒരു നാള്‍ അവളെ ഓഫീസില്‍ കണ്ടില്ല.. എന്തേ ഇന്ന് വന്നില്ല എന്ന എന്റെ അന്വഷണത്തിന് അവള്‍ പറഞ്ഞ മറുപടി എന്നെ ഞെട്ടിച്ചു..

ഞങ്ങളുടെ പ്രണയം തിരിച്ചറിഞ്ഞ മാനേജര്‍ അവളോട്‌ ഇനി വരേണ്ട എന്ന് പറഞ്ഞത്രേ..

എന്താണ് ഈ മനുഷ്യര്‍ ഇങ്ങനെ പെരുമാറുന്നത്? ഞാന്‍ എല്ലാ കാര്യങ്ങളും അയാളോട് പറഞ്ഞതായിരുന്നു. എന്റെ ഈ ആഗ്രഹത്തിന് അവര്‍ എന്നോട് കൂടെ നില്‍ക്കും എന്ന് കരുതിയ ഞാന്‍ മണ്ടനായി. എല്ലാവരെയും പോലെ ലാഭം മാത്രം നോക്കുന്ന ഒരാളായി അയാളെ ഞാന്‍ കരുതിയതേയില്ല..

മുൻപ് ആ കമ്പനി വിട്ടു പോകാന്‍ ഞാന്‍ തീരുമാനിച്ചിരുന്നതായിരുന്നു.. പക്ഷെ അഞ്ജുവിന്റെ ഉപദേശം.. അവളുടെ സാന്നിധ്യം അതൊക്കെ കൊണ്ടായിരുന്നു ഞാന്‍ അത് ചെയ്യാതിരുന്നത്..

അവളുടെ സഹോദരന്‍ അവന്റെ കോഴ്സ് കഴിഞ്ഞു വീട്ടില്‍ സ്ഥിരമായി നില്ക്കാന്‍ തുടങ്ങുകയും ചെയ്തു..

ഒരു വിധത്തിലും കാണാന്‍ കഴിയാതിരുന്ന നാളുകള്‍..

എന്റെ കൂടെ ഇറങ്ങി വരട്ടെ എന്ന് ചോദിച്ച അവളോട്‌ എന്ത് മറുപടി പറയും എന്നറിയാതെ ഉഴറിയ നാളുകള്‍..

അല്ലെങ്കിലും എനിക്കതിനാവുമായിരുന്നില്ലല്ലോ…

അവളുടെ വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം നടത്താനായിരുന്നു എന്റെ താല്പര്യം.

എത്രയും പെട്ടെന്ന് ഒന്ന് കാണണം എന്ന് പറഞ്ഞപ്പോള്‍ പതിവായി തമ്മില്‍ കാണാറുള്ള അമ്പല പറമ്പിലെ ചൂള മരത്തിന്റെ ചുവട്ടില്‍ ഞാന്‍ കാത്തു നിന്നു..

ദൂരെ നിന്നു അവള്‍ വരുന്നത് കാണുമ്പോള്‍ തന്നെ എനിക്ക് എന്തോ ഒരു അസ്വസ്ഥത തോന്നി. പതിവിനു വിരുദ്ധമായി അവളുടെ മുഖം കടുത്തിരിക്കുന്നു. സാധാരണ കാണുമ്പോള്‍ തന്നെ ചിരിച്ചു കൊണ്ട് സംസാരിക്കുന്ന അവള്‍ക്കു എന്തേ ഇന്നിത്ര മൗനം..

എന്താണ് പറ്റിയത് എന്ന എന്റെ ചോദ്യത്തിന് അവള്‍ പറഞ്ഞ മറുപടി എന്നെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചു..

ബിജു നമ്മുടെ വിവാഹം നടക്കില്ല, എന്ന അവളുടെ ആദ്യ വാചകം മാത്രമേ ഞാന്‍ കേട്ടുള്ളൂ. പിന്നീട് പറഞ്ഞതെല്ലാം എന്റെ ചെവി മനഃപൂര്‍വം ഒഴിവാക്കിയതായിരിക്കാം..

അവള്‍ പറഞ്ഞ വാക്കുകളില്‍ നിന്ന്, ശ്ലഥ ചിത്രങ്ങളില്‍ നിന്ന് ഞാന്‍ അറിഞ്ഞു, കഴിഞ്ഞ ഡിസംബര്‍ മാസം അവള്‍ക്കു വന്ന, ഉഴപ്പി പോയ ആലോചന വീണ്ടും വന്നെന്നും, അവരുടെ തന്നെ സമുദായത്തിലെ തന്നെ ആളായതിനാല്‍ അവര്‍ അത് തീരുമാനിച്ചെന്നും.

കേള്‍വിയും ചലനവും നിലച്ചു പോയ എനിക്ക് അവള്‍ പറഞ്ഞതൊന്നും കേള്‍ക്കാന്‍ സാധിച്ചില്ല..

കണ്ണുനീര്‍ എന്റെ മിഴികളില്‍ നിറഞ്ഞു കാഴ്ച മറക്കുന്നത് വരെ ഞാന്‍ അവള്‍ പോകുന്നത് നോക്കി നിന്നു.

എത്ര നേരം ഞാന്‍ അവിടെ നിന്ന് എന്നെനിക്കറിയില്ല.. കൂട്ടിനായി ആ ചൂള മരം മാത്രം… എന്നെപ്പോലെ തന്നെ ഒറ്റപ്പെട്ടു നില്‍ക്കുകയാണതും…

മഴ പെയ്യുന്നുണ്ടായിരുന്നു… നിസ്വനായ എന്റെ കണ്ണുനീര്‍ ആ മഴയോട് ചേര്‍ന്ന്.. എന്റെ ഗദ്ഗതം ആ കുളിര്‍ കാറ്റിലലിഞ്ഞ്..

എന്താണ് നമ്മുടെ ആള്‍ക്കാര്‍ ഇങ്ങനെ… ജാതിയുടെയും മതത്തിന്റെയും ഉപ ജാതിയുടെയും മത വിഭാഗങ്ങളുടെയും പേരില്‍ സ്നേഹത്തിനെ അളക്കുന്നത്?

അഞ്ജൂ നീ അറിഞ്ഞോ, എന്റെ പ്രണയത്തിനു അതിരുകള്‍ ഇല്ലായിരുന്നു.. ജാതിയുടെയും മതത്തിന്റെയും സമുദായങ്ങളുടെയും… നീ അത് തിരിച്ചറിഞ്ഞില്ലല്ലോ എന്ന സങ്കടം…

ഹലോ… ഹലോ… ഹേയ് മിസ്റ്റര്‍…

ആരോ കുലുക്കി വിളിക്കുന്നു… പാര്‍ക്കിലെ കാവല്‍ക്കാരനാണ്‌…

അപ്പോഴാണ് ഞാന്‍ കുറെ നേരമായി അവിടെ ഇരിക്കുന്നു എന്ന് മനസ്സിലായത്… നേരം രാത്രിയാവുകയും ചെയ്തു…

ഒന്നും പറയാതെ ഞാന്‍ റൂമിലേക്ക്‌ നടന്നു…

പുറകില്‍ ആ കാവല്‍ക്കാരന്‍ എന്തൊക്കയോ ഹിന്ദിയില്‍ പറയുന്നുണ്ട്…

റജി വർക്കി : അനേകം വർഷങ്ങൾ ആയി ഡിജിറ്റൽ മീഡിയ രംഗത്തു ജോലിചെയ്യുന്ന റജി, വിവിധ കഥകളും കവിതകളും എഴുതിയിട്ടുണ്ട്. ചിലതൊക്കെ മനോരമയുടെ ലിറ്ററേച്ചർ വിഭാഗത്തിൽ പ്രസിദ്ധപ്പെടുത്തിയിട്ടും ഉണ്ട്. വർഷങ്ങൾ ആയി പ്രവാസ ജീവിതം നയിക്കുന്ന റജി, തന്റെ എഴുത്തുകളിൽ പ്രവാസിയുടെ മനോഭാവം പലപ്പോഴും വരച്ചു കാട്ടാറുണ്ട്. സമയം കിട്ടുമ്പോഴൊക്കെ ബ്ലോഗുകൾ ആയും മറ്റും എഴുതി തുടങ്ങിയ റജി ഇപ്പോൾ ഇംഗ്ലണ്ട് വിൽട്ഷെയറിൽ ഉള്ള സാൾസ്ബറിയിൽ താമസിക്കുന്നു. ഭാര്യയും ഒരു മകനും ഉണ്ട്. ഭാര്യ ജിഷ വർക്കി സാൾസ്ബറി എൻ എച്ച് എസ് ഹോസ്പിറ്റലിൽ നേഴ്സ് ആണ്. മകൻ ബേസിൽ ജേക്കബ് വർക്കി.