ജോൺ കുറിഞ്ഞിരപ്പള്ളി

തിങ്കളാഴ്ച ജോലിയും കഴിഞ്ഞു വരാൻ ഞാൻ അൽപ്പം താമസിച്ചുപോയി. ജോർജ് കുട്ടി ജോലി കഴിഞ്ഞു വരുന്ന വഴി ബിഷപ്പ് ദിനകരനെ വഴിയിൽ വച്ചുകണ്ടു. രണ്ടുപേരും കൂടി മഞ്ജുനാഥ കഫെയിൽ ഒരു ബൈ ടു കുടിക്കാൻ പോയി. ബൈ ടു എന്നുപറഞ്ഞാൽ സുഹൃത്തുക്കൾ രണ്ടുപേരുകൂടി ഒരു ചായ കുടിക്കുന്ന രീതിയാണ്.

ഏതായാലും ഞാൻ വീട്ടിൽ എത്തിയപ്പോഴേക്കും ദിനകരനുമായി ജോർജ് കുട്ടിയും വീട്ടിൽ വന്നു.
ഞാൻ വീട്ടിലെത്തുമ്പോൾ അവിടെ ഒരു വലിയ ജനക്കൂട്ടം തന്നെ എൻെറ വാടകവീടിൻെറ മുൻപിൽ തടിച്ചുകൂടിയിരിക്കുന്നു.
ബാംഗ്ലൂർ നോർത്ത് ഈസ്റ്റ് അസോസിയേഷൻെറ എല്ലാ ഭാരവാഹികളും അവിടെയുണ്ട്. ഞങ്ങളെ കണ്ട ഉടനെ സെൽവരാജൻ പറഞ്ഞു,”ഞങ്ങൾക്ക് ഒരു വഴി പറഞ്ഞു തരണം.”
“അതെന്താ തൻെറ വീട്ടിലേക്കുള്ള വഴി തനിക്ക് അറിയില്ലേ?അറിയില്ലെങ്കിൽ ആരോടെങ്കിലും എൻെറ വീട്ടിലേക്കുള്ള വഴി ഏതാണ് എന്ന് ചോദിച്ചാൽ പോരെ?”
“തമാശ കള ,ഇത് സംഗതി സീരീയസാണ്‌ .”
“എന്തുപറ്റി?”
“നാട്ടിൽ അച്ഛൻ ആരോടോ പന്തയം വച്ചു. വിഷയം വരുന്ന ഇലക്ഷൻ തന്നെ. പന്തയത്തിൽ അച്ഛൻ തോറ്റു. ഇപ്പോൾ നാട്ടിലെ ഒരു ട്രെൻഡ് പന്തയത്തിൽ തോറ്റാൽ തലമൊട്ട അടിക്കണം എന്നതാണ്. അച്ഛൻ വാശിക്ക് സമ്മതിച്ചു. പക്ഷെ അച്ഛൻ കഷണ്ടിയാണ്. അതുകൊണ്ട് മക്കൾ ആരെങ്കിലും മൊട്ട അടിക്കുന്നത് ഏറ്റെടുക്കണം എന്നാണ് അവർ പറയുന്നത്. നാട്ടിലുള്ള ചേട്ടൻ എൻ്റെ തലയ്ക്കു വച്ചു. ജോർജ് കുട്ടി സെക്രട്ടറിയല്ലേ എന്തെങ്കിലും ഒരു മാർഗ്ഗം കണ്ടുപിടിച്ചു തരണം.”
ജോർജ് കുട്ടി എന്നെ നോക്കി പറഞ്ഞു,”അടിയന്തിരമായി യോഗം കൂടണം ഇത് നിസാര പ്രശനമല്ല. പ്രസിഡണ്ട് അധ്യക്ഷനായി കയറി ഇരിക്ക്.”
ജോർജ് കുട്ടി എന്റെ തലയിൽ വച്ചിട്ട് എനിക്ക് പണി തന്നതാണ് എന്ന് മനസ്സിലായി. ഞാൻ ഒരു കസേര എടുത്തുകൊണ്ട് വന്നു. അത് മുറ്റത്തിട്ടു. അതിൽ കയറി ഇരുന്നു.
“അച്ഛൻ്റെ വാക്ക് പാലിക്കാൻ നാട്ടിൽ പോയി തല മൊട്ടയടിക്കാൻ നമ്മളിൽ നിന്നും വേർ പിരിയുന്ന ശ്രീ സെൽവരാജിന് യാത്ര അയപ്പ് കൊടുക്കുന്നതിനായി ഇവിടെ സന്നിഹതരായിരിക്കുന്ന എല്ലാവർക്കും സ്വാഗതം. ഈ അവസരത്തിൽ ഞാൻ ഒരു കാര്യം ഓർമ്മിച്ചുപോകുകയാണ്. ഇന്നല്ലങ്കിൽ നാളെ നമ്മൾക്കും ഇത് സംഭവിക്കാം. അതുകൊണ്ട് ഈ പ്രശ്നം പരിഹരിക്കുന്നതിനായി നമ്മൾ പ്രസിഡണ്ടിനെ ചുമതലപ്പെടുത്തുന്നു. പ്രസിഡണ്ടിൻ്റെ നിർദ്ദേശം എന്താണ് എന്നറിയാൻ ആഗ്രഹിക്കുന്നു.”
ഞാൻ ഇരുന്നിരുന്ന കസേരയിൽ നിന്നും എഴുന്നേറ്റു. ജോർജ് കുട്ടിയുടെ മുഖത്തെ കള്ളച്ചിരി ഞാൻ കാണാത്ത ഭാവത്തിൽ എഴുന്നേറ്റു.
“പ്രിയപ്പെട്ട ബാംഗ്ലൂർ നോർത്ത് ഈസ്റ്റ് അസോസിയേഷൻ ഭാരവാഹികളെ ,സംഘടനാ മെംമ്പർമാരെ,നമ്മുടെ ഇന്നത്തെ പ്രസംഗ വിഷയം സെൽവരാജൻറെ തലമുടി മൊട്ടയടിക്കുവാൻ നാട്ടിൽ പോകണം എന്നുള്ളതാണല്ലോ. നമ്മുക്കെല്ലാവർക്കും ഉണ്ടായിരിക്കേണ്ട ഒരു സ്വാഭാവഗുണം ആണ് മാതാപിതാക്കന്മാരെ ബഹുമാനിക്കുക എന്നുള്ളത്. അതുകൊണ്ട് സെൽവരാജൻ നാട്ടിൽ പോയി പിതാവിൻ്റെ ഇഷ്ടം നിറവേറ്റണമോ എന്ന് ചോദിച്ചാൽ…?
“പിതാവിൻ്റെ ഇഷ്ടം നിറവേറ്റുന്നവനാണ് സ്വർഗ്ഗരാജ്യത്തു് പ്രവേശിക്കുക. പിതാവിൻ്റെ ആഗ്രഹം നിറവേറ്റാൻ അബ്രാഹത്തിൻ്റെ മകൻ,അപ്പൻ തന്നെ ബലികഴിക്കും എന്നറിഞ്ഞിട്ടും കൂടെ പോയി. അതുകൊണ്ട് സെൽവരാജൻ പോകണം. “ഇടയ്ക്കു കയറി ബിഷപ്പ് ദിനകരൻ പറഞ്ഞു.
“ഇവിടെ വർഗീയ ചേരി തിരിവ് ഉണ്ടാക്കരുത്. ഞാൻ നിങ്ങളുടെ ബൈബിളിൽ പറയുന്നത് അനുസരിക്കണ്ടവനല്ല. ഞങ്ങൾക്ക് ഭഗവത് ഗീതയാണ് അടിസ്ഥാനം .”
“ഈ അബ്രാഹത്തിൻ്റെ മകൻ ഇപ്പോൾ എവിടെക്കാണും?”കാഥികൻ രാധാകൃഷ്ണൻ ചോദിച്ചു. എന്നിട്ട് തുടർന്നു.”എനിക്ക് ഒന്നു പറയാനുണ്ട്.”
“താൻ പറയുന്നതിൽകുഴപ്പമില്ല. പക്ഷെ തൻ്റെ കഥാപ്രസംഗത്തിൻ്റെ പേരാകരുത്.”
“നിങ്ങൾ ഇങ്ങനെ അതുമിതും സംസാരിച്ചു കൊണ്ടിരുന്നാൽ എങ്ങനെയാ.? വൈകുന്നേരത്തെ ട്രെയിന് സെൽവരാജന് പോകണം. നമ്മൾക്ക് യാത്ര അയപ്പ് കൊടുക്കണ്ടേ?”അച്ചായൻ എരിവ് കേറ്റുകയാണ് .
പ്രശനം നിസ്സാരമല്ല. എങ്ങനെ പരിഹരിക്കണം എന്ന് ആലോചിച്ചുകൊണ്ടിരിക്കുമ്പോൾ നമ്മളുടെ സിനിമ സംവിധയകൻ ഹെൽമെറ്റും വച്ച് അടുത്തേക്ക് വന്നു.
“എന്താ ഒരു ആൾക്കൂട്ടം?.ഞാൻ വിചാരിച്ചു വല്ല സിനിമ ഷൂട്ടിങ്ങും ആണ് എന്ന്”.
കോൺട്രാക്ടർ രാജൻ സംഭവം വിശദീകരിച്ചുകൊടുത്തു.
സംവിധായകൻ ഉറക്കെ ചിരിക്കാൻ തുടങ്ങി,എന്നിട്ടു പറഞ്ഞു,”സില്ലി ബോയ്സ് .ഇതിനെന്താ ഇത്ര ബേജാറാകാൻ ഇരിക്കുന്നത്?”
“സെൽവരാജൻ മൊട്ട അടിക്കണം എന്നാണോ നിങ്ങൾ പറയുന്നത്?”
“മൊട്ട അടിക്കുകയാണോ?മൊട്ട വടിക്കുകയല്ലേ?ഏതാണ് ശരി ?”
“മൊട്ട ഇടുകയല്ലേ,വടിച്ചാൽ പൊട്ടിപ്പോകില്ലേ.?”
“അത് അവിടെ നിൽക്കട്ടെ. എന്ത് ചെയ്യണം എന്ന് പറയൂ”.
സംവിധയകാൻ അല്പം ആലോചിച്ചിട്ട് പറഞ്ഞു.”ഡമ്മിയെ ഇറക്കണം. ആയിരം രൂപകൊടുത്താൽ ഒരു ബംഗാളിയെ കിട്ടും. അങ്ങനെ ഒരാളെ കണ്ടുപിടിച്ചാൽ പോരെ?.
സെൽവരാജൻ കുറേകാലമായി ബാംഗ്ലൂർ ആയതുകൊണ്ട് തിരിച്ചറിയാൻ സാധ്യത കുറവാണ്. പിന്നെ മൊട്ട അടിക്കുന്നത് കാണുവാൻ വരുന്നവർക്ക് എൻട്രൻസ് ഫീസ് വയ്ക്കണം. അപ്പോൾ ചില്ലറയും കിട്ടും,അച്ഛൻ്റെ വാഗ്ദാനം പാലിക്കുകയും ചെയ്യാം.
“നമ്മുടെ സിനിമ സംവിധായൻ പറഞ്ഞത് ശരിയാണ്. ഒരു ബംഗാളി ഡ്യൂപ്പിനെ അറേഞ്ചു ചെയ്ത് പ്രശ്നം പരിഹരിക്കാം. ഇത്രയും നല്ല ആശയം കണ്ടുപിടിച്ച നമ്മുടെ സംവിധായകൻറെ ബുദ്ധിക്ക് അഭിനന്ദനം.”പ്രസിഡണ്ട് പറഞ്ഞു.
അച്ചായൻ ചോദിച്ചു,”അല്ല സംവിധായകൻ സാറെ, എവിടെ നിന്ന് കിട്ടി ഈ ആശയം?”
“അതിനെന്താ വിഷമം? ഞാൻ എല്ലാവരോടും പറയാറുള്ളത്, ഞാൻ സത്യൻ അന്തിക്കാട് ആണ് എന്നാണ്”.ജോർജ് കുട്ടി അകത്തുപോയി രസീത് ബുക്ക് എടുത്തുകൊണ്ടുവന്നു, സംവിധായകന്റെ നേരെ നീട്ടി,എന്നിട്ടു പറഞ്ഞു,”സത്യൻ സാർ ഇഷ്ട്ടമുള്ള സംഖ്യ എഴുതിക്കോളൂ. ഞങ്ങൾക്ക് ഒരു വിഷമവും ഇല്ല.”
ഹെൽമെറ്റുള്ളതുകൊണ്ട് സംവിധായകൻറെ മുഖം ശരിക്കും കാണാൻ വയ്യ.

(തുടരും)

ജോൺ കുറിഞ്ഞിരപ്പള്ളി