ഷെറിൻ പി യോഹന്നാൻ

കേരള സ്റ്റേറ്റ് വാട്ടര്‍ ട്രാൻസ്‍പോര്‍ട്ടിന്റെ ബോട്ടില്‍ കണ്ടക്ടർ ആയി ജോലി ചെയ്യുകയാണ് രാധാമണി. ഒരത്യാവശ്യത്തിനായി മൂന്ന് പവന്റെ മാല പണയം വെക്കാൻ എത്തിയപ്പോഴാണ് താൻ ചതിക്കപ്പെട്ടുവെന്ന കാര്യം രാധാമണിക്ക് മനസിലായത്. സ്വർണം ഒന്നര പവനെ ഉള്ളൂ. ബാക്കി മെഴുകാണ്. തന്നെ ചതിച്ച ജ്വല്ലറിക്കെതിരെ പോരാടാൻ രാധാമണി തയ്യാറാകുന്നു.

പ്രേക്ഷകന് വളരെ വേഗം റിലേറ്റ് ചെയ്യാൻ പറ്റുന്ന കഥാപാത്രമാണ് രാധാമണി. ഭർത്താവ് വിദേശത്താണെങ്കിലും നല്ലൊരു ജോലിയില്ല. നാട്ടിൽ വീട് പണി പൂർത്തിയായിട്ടില്ല. മക്കളുടെ കാര്യങ്ങൾ നോക്കി, ജോലിക്ക് പോകുന്ന രാധാമണിയെന്ന കഥാപാത്രം വളരെ റിയലിസ്റ്റിക്കായി പ്രേക്ഷകനോട്‌ സംവദിക്കുന്നു.

നവ്യാ നായരുടെ മടങ്ങിവരവാണ് ‘ഒരുത്തീ’യുടെ USP. പത്തു വർഷത്തിന്റെ ഇടവേള നവ്യയുടെ പ്രകടനത്തെ ബാധിച്ചിട്ടില്ലെന്നു മാത്രമല്ല, രാധാമണിയെന്ന കൊച്ചിക്കാരിയെ ഗംഭീരമായി സ്ക്രീനിലെത്തിക്കാൻ അവർക്ക് കഴിഞ്ഞിട്ടുണ്ട്. ഒരു വീട്ടമ്മയുടെ അന്തർസംഘർഷങ്ങൾ, നിസ്സഹായത, പോരാട്ടം എന്നിവ കൃത്യമായ അളവിൽ പ്രേക്ഷകനിലെത്തുന്നു. രണ്ടാം പകുതിയിലാണ് കഥാപാത്രം കൂടുതൽ കരുത്താർജിക്കുന്നത്.

വി കെ പ്രകാശിന്റെ കഥാഖ്യാനം പൂർണമായി വിജയിച്ചിട്ടില്ലെങ്കിലും ബോറടിക്കാത്ത വിധത്തിൽ ചിത്രം ഒരുക്കിയിട്ടുണ്ട്. രാധാമണിയുടെ ജീവിതത്തോടൊപ്പം എസ്. ഐ ആന്റണി (വിനായകൻ) യുടെ ജീവിതം കൂടി സാമാന്തരമായി പറഞ്ഞുപോകുന്നു. രണ്ടാം പകുതിയിൽ മാസ്സ് ഡയലോഗ് അടിക്കുന്ന, ഹീറോയിസം കാണിക്കുന്ന ആന്റണി ചിത്രത്തിന് ത്രിൽ മൂഡ് സമ്മാനിക്കുന്നു. നീതിയുടെ പക്ഷത്തു നിന്നാണ് അയാൾ സധൈര്യം പോരാടുന്നത്. എന്നാൽ മുഖത്ത് യാതൊരു ഭാവമാറ്റങ്ങളും ഇല്ലാത്ത വിനായകനെയാണ് ഈ ചിത്രത്തിൽ കാണുന്നത്.

ഒരു യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയാണ് രണ്ടാം പകുതിയിൽ കഥ പുരോഗമിക്കുന്നത്. ജിംഷി ഖാലിദിന്റെ ഛായാഗ്രഹണം അവിടെ മികവിലെത്തുന്നു. എന്നാൽ ചിത്രത്തിലെ റാപ് സോങ് സിനിമയുടെ മൂഡിനോട് ചേർന്നുപോകുന്നതായിരുന്നില്ല. പോരാടാൻ തീരുമാനമെടുത്ത ഒരു വീട്ടമ്മയിലാണ് സിനിമ അവസാനിക്കുന്നത്. എന്നാൽ ആ പോരാട്ടം ഇനിയും തുടരുമെന്നാണ് സൂചന. ‘സ്ത്രീയാണ് പുരുഷനേക്കാൾ വലിയ മനുഷ്യൻ’ എന്ന സമുദ്രശിലയിലെ വാചകം എഴുതി കൊണ്ടുള്ള പോസ്റ്റർ പങ്കുവെച്ചാണ് ‘ഒരുത്തീ 2’ എത്തുന്ന വിവരം അണിയറപ്രവർത്തകർ കഴിഞ്ഞ ദിവസം പുറത്തുവിട്ടത്.

Last Word – സാധാരണക്കാരന്റെ ജീവിതപരിസരങ്ങളോട് അടുത്തുനിൽക്കുന്ന ചിത്രമാണ് ‘ഒരുത്തീ’. വിഷയസ്വീകാര്യത കൊണ്ടും നവ്യാ നായരുടെ മികച്ച പ്രകടനം കൊണ്ടും ‘ഒരുത്തീ’ നല്ല സിനിമ അനുഭവമായി മാറുന്നു. VKP ചിത്രങ്ങളുടെ ഒടിടി റിലീസ് പ്രവാചനാതീതമായ സംഗതിയായതിനാൽ ഈ ചിത്രം തിയേറ്ററിൽ കാണുന്നതാവും ഉചിതം.