പൂഞ്ഞാർ എം.എൽ.എ പി സി ജോർജ് നാളെ ‘മുഖ്യമന്ത്രിയാകുന്നു’. സലിംകുമാർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ദൈവമേ കൈതൊഴാം കെ. കുമാറാകണം എന്ന ചിത്രത്തിലാണ് പി സി ജോർജ് മുഖ്യമന്ത്രിയുടെ വേഷത്തിലെത്തുന്നത്.
തന്റെ രംഗം ചിത്രീകരണം ആരംഭിക്കുന്നത് നാളെയാണെന്നും പി സി ജോർജ് പറഞ്ഞു. ജയറാം നായകനായെത്തുന്ന സിനിമയുടെ ചിത്രീകരണം പൂഞ്ഞാറിൽ പുരോഗമിക്കുകയാണ്. പി സിയുടെ വേഷം സിനിമയിൽ സുപ്രധാനമാണ്. കേരളത്തിന്റെ മുഖ്യമന്ത്രിയായിട്ടാണ് അദ്ദേഹം ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്.
സലിം കുമാറിന്റെ മൂന്നാമത്തെ സംരംഭമാണ് ഈ ചിത്രം. നേരത്തെ കണ്ണൻ താമരക്കുളം സംവിധാനം ചെയ്ത ‘അച്ചായൻസ്’ എന്ന ചിത്രത്തിൽ പി സി ജോർജ് രാഷ്ട്രീയ നേതാവിന്റെ വേഷത്തിലെത്തിയിരുന്നു. ഒരു മുഴുനീള കോമഡി ചിത്രമാണ് ദൈവമേ കൈതൊഴാം കെ. കുമാറാകണം. വില്ലേജ് ഓഫീസറായ കെ. കുമാറിന്‍റെയും ഭാര്യ വിമലയുടെയും കഥയാണ് ചിത്രം പറയുന്നത്.
അനുശ്രീ ആണ് നായികാ വേഷത്തിലെത്തുന്നത്. ഡോക്ടര്‍ സക്കറിയാ തോമസ്, ശ്രീജിത്ത് രാമചന്ദ്രന്‍ ആല്‍വിന്‍ ആന്റണി എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. ശ്രീനിവാസൻ, നെടുമുടി വേണു, സുരാജ് വെഞ്ഞാറമൂട്, മാമുക്കോയ, വിനായകൻ എന്നിവരും പ്രധാന കഥാപാത്രങ്ങളായെത്തുന്നു.