ന്യൂസ് ഡെസ്ക്, മലയാളം യുകെ
കുട്ടിയാണെന്ന് വ്യാജമായി പരിചയപ്പെടുത്തി ഓൺലൈനിലൂടെ 40ലേറെ കുട്ടികളെ ബന്ധപ്പെടുകയും ലൈംഗിക ചൂഷണത്തിന് ഇരയാക്കുകയും ചെയ്ത 36കാരന് 21 വർഷവും നാല് മാസവും തടവുശിക്ഷ. സൗത്ത് ഗ്ലോസ്റ്റർഷെയറിലെ ഹൻഹാമിൽ നിന്നുള്ള ജോഷ് സ്കോട്ടാണ് സ്നാപ്ചാറ്റ്, ടിക്ടോക്ക് തുടങ്ങിയ പ്ലാറ്റ്ഫോമുകളിലൂടെ 13–14 വയസ്സുള്ള കൗമാരക്കാരനെന്ന വ്യാജേന കുട്ടികളുമായി ബന്ധം സ്ഥാപിച്ചത്. ഏഴ് വയസ്സു മുതൽ പ്രായമുള്ള കുട്ടികളെ സ്വകാര്യ ചിത്രങ്ങളും വിഡിയോകളും അയയ്ക്കാൻ പ്രേരിപ്പിച്ചതായും പൊലീസ് അറിയിച്ചു.
സ്കോട്ടിന്റെ മൊബൈൽ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ പരിശോധിച്ചപ്പോൾ കുട്ടികളുടെ 9,200 അശ്ലീല ചിത്രങ്ങൾ ആണ് കണ്ടെത്തിയത് . ഇതിൽ ഏറ്റവും ഗുരുതരമായ വിഭാഗമായ കാറ്റഗറി എയിൽ 1,969 ചിത്രങ്ങളുണ്ടായിരുന്നു. കൂടാതെ 3,344 കാറ്റഗറി ബി, 3,887 കാറ്റഗറി സി ചിത്രങ്ങളും എട്ട് അതീവ അശ്ലീല ചിത്രങ്ങളും കണ്ടെത്തി. ഉപകരണങ്ങളിൽ കണ്ടെത്തിയ വിഡിയോകളിലെ കുട്ടികളിൽ ഏകദേശം മൂന്ന് മാസം പ്രായമുള്ള കുഞ്ഞുങ്ങൾ മുതൽ മുതിർന്ന കുട്ടികൾ വരെയുണ്ടായിരുന്നെങ്കിലും ഭൂരിഭാഗവും എട്ട് മുതൽ 14 വയസ്സുവരെയുള്ളവരായിരുന്നു.
2025 ഡിസംബറിൽ ലൈംഗിക കുറ്റകൃത്യങ്ങളുടെ പേരിൽ ആദ്യം അറസ്റ്റിലായ സ്കോട്ടിനെ പിന്നീട് വീണ്ടും അറസ്റ്റ് ചെയ്യുകയായിരുന്നു. ബ്രിസ്റ്റോൾ ക്രൗൺ കോടതിയിൽ കുറ്റങ്ങൾ സമ്മതിച്ച ഇയാൾക്ക് 21 വർഷവും നാല് മാസവും ശിക്ഷ വിധിച്ചു; ഇതിൽ 13 വർഷം ജയിലിൽ കഴിയണം, ശേഷിക്കുന്ന കാലയളവ് ലൈസൻസിലായിരിക്കും. ജീവിതകാലം മുഴുവൻ പ്രാബല്യത്തിലുള്ള സെക്ഷ്വൽ ഹാം പ്രിവൻഷൻ ഓർഡറും കോടതി ഏർപ്പെടുത്തി. ഇരകൾക്കും കുടുംബങ്ങൾക്കും വിദഗ്ധ സഹായം നൽകുന്നുണ്ടെന്നും കുട്ടികളെ ഓൺലൈനിൽ ഗ്രൂമിങ്ങിനും ലൈംഗിക ചൂഷണത്തിനും ഇരയാക്കുന്ന ഇത്തരം കുറ്റകൃത്യങ്ങൾക്കെതിരെ ശക്തമായ നടപടി തുടരുമെന്നും പൊലീസ് വ്യക്തമാക്കി.











Leave a Reply