ന്യൂഡല്‍ഹി: സിയാല്‍കോട്ടില്‍ പാകിസ്ഥാന്‍ യുദ്ധസാഹചര്യത്തിന് സമാനമായ സൈനിക വിന്യാസം നടത്തുന്നതായി റിപ്പോര്‍ട്ട്. പാക് അധീന കാശ്മീരില്‍ മിക്ക പ്രദേശങ്ങളിലും ടാങ്കറുകളും അത്യാധുനിക സൈനിക വാഹനങ്ങളും പാകിസ്ഥാന്‍ എത്തിച്ചതായിട്ടാണ് സൂചന. അതേസമയം നിയന്ത്രണരേഖയില്‍ സൈനിക പോസ്റ്റുകള്‍ക്കെതിരെ പാക് ഷെല്ലാക്രമണം തുടരുന്നു. കാശ്മീരിലെ പൂഞ്ച് മേഖലയില്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ പാകിസ്ഥാന്‍ വെടിയുതിര്‍ത്തിരിക്കുന്നത്.

സൈന്യം ശക്തമായ തിരിച്ചടി നല്‍കുന്നുണ്ട്. പ്രകോപനപരമായ പാക് നീക്കങ്ങള്‍ യാതൊരു കാരണവശാലും അംഗീകരിക്കാനാവില്ലെന്നും ശക്തമായ തിരിച്ചടി നല്‍കുമെന്നും സൈന്യം നേരത്തെ വ്യക്തമാക്കിയിരുന്നു. ഇന്നലെ നിയന്ത്രണ രേഖയില്‍ ആക്രമണം നടത്തിയ പാക് സൈനിക പോസ്റ്റുകള്‍ ഇന്ത്യ തകര്‍ത്തിരുന്നു. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ കൃഷ്ണഗട്ടിയിലടക്കം 12 ഇടങ്ങളില്‍ പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. പിന്നാലെയാണ് വ്യോമാതിര്‍ത്തി ലംഘിച്ച് പാക് പോര്‍വിമാനങ്ങളെത്തിയത്.

പാകിസ്ഥാന്‍ സൈന്യം അതീവ ജാഗ്രതയിലാണെന്നാണ് വിവരം. കറാച്ചി, ഇസ്ലാലാമബാദ് തുടങ്ങിയ തന്ത്രപ്രധാന മേഖലകളില്‍ യുദ്ധവിമാനങ്ങള്‍ പറക്കുന്നുണ്ട്. നിരീക്ഷണ പറക്കലാണ് വ്യോമസേന നടത്തുന്നതെന്നാണ് പാക് അധികൃതരുടെ വിശദീകരണം. ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോഡി സൈനിക മേധാവികളുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. അതിശക്തമായ തിരിച്ചടിക്കാനാണ് ഇന്ത്യയുടെ പദ്ധതിയെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിര്‍ത്തിയില്‍ കൂടുതല്‍ സൈന്യത്തെ ഇന്ത്യ ഉടന്‍ വിന്യസിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.