യോർക്ക്ഷയർ ബ്യൂറോ
ലീഡ്സ് സീറോ മലബാർ ചാപ്ലിൻസിയിൽ ഓശാന ഞായർ ആഘോഷം നാളെ നടക്കും. ലീഡ്സ് സെന്റ് വിൽഫ്രിഡ്സ് ദേവാലയത്തിൽ  രാവിലെ 10.30ന് ചാപ്ലിൻ റവ. ഫാ. മാത്യൂ മുളയോലിയുടെ മുഖ്യ കാർമ്മീകത്വത്തിൽ തിരുക്കർമ്മങ്ങൾ ആരംഭിക്കും. ഫാ. സ്കറിയാ നിരപ്പേൽ ഓശാന ഞായർ സന്ദേശം നൽകും. പാരീഷ് ഹാളിൽ നിന്നാണ് തിരുക്കർമ്മങ്ങൾക്ക് തുടക്കം കുറിയ്ക്കുന്നത്. തുടർന്ന് കുരുത്തോല വിതരണം നടക്കും. അതിനുശേഷം വിശ്വാസ സമൂഹം പ്രദക്ഷിണമായി ദേവാലയത്തിലെത്തി വിശുദ്ധ കുർബാന തുടരും. വിശുദ്ധ കുർബാനയ്ക്ക് ശേഷം പ്രസിദ്ധമായ തമുക്ക് നേർച്ച നടക്കും.

ലീഡ്സ് ചാപ്ലിൻസിയിലെ തമുക്ക് നേർച്ച വളരെ പ്രസിദ്ധമാണ്. ആറ് വർഷങ്ങൾക്ക് മുമ്പ് അന്നത്തെ ചാപ്ലിൻ ആയിരുന്ന റവ. ഫാ. ജോസഫ് പൊന്നേത്ത് തുടങ്ങിവെച്ച തമുക്ക് നേർച്ച നിലവിലെ ചാപ്ലിൻ റവ. ഫാ. മാത്യൂ മുളയോലിയുടെ നേതൃത്വത്തിൽ പൂർവ്വാധികം ഭംഗിയായി തുടരുന്നു. പള്ളിക്കമ്മറ്റിയാണ് തമുക്ക് നേർച്ചയ്ക്ക് നേതൃത്വം കൊടുക്കുന്നത്. ചാപ്ലിൻസിയുടെ കീഴിലുള്ള കുടുംബങ്ങളിൽ തമുക്ക് നേർച്ചയ്ക്കുള്ള ഒരുക്കങ്ങൾ നടക്കുകയാണിപ്പോൾ.

ചാപ്ലിൻസിയുടെ കീഴിലുള്ള വിശുദ്ധ കുർബാന കേന്ദ്രങ്ങൾക്ക് പുറമേ രൂപതയുടെ പല ഭാഗങ്ങളിൽ നിന്നും ധാരാളം വിശ്വാസികൾ ഇക്കുറിയും എത്തിച്ചേരുമെന്ന് ഫാ. മുളയോലിൽ പ്രത്യാശ പ്രകടിപ്പിച്ചു.