രാജ്യവ്യാപകമായി 11.44 ലക്ഷം പാൻ കാർഡുകൾ കേന്ദ്ര സർക്കാർ അസാധുവാക്കി. ഒട്ടേറെ വ്യാജ പാൻ കാർഡുകൾ കണ്ടെത്തിയ സാഹചര്യത്തിലാണ് കേന്ദ്ര സർക്കാരിന്റെ അടിയന്തര നടപടി. ഇക്കഴിഞ്ഞ ജൂലൈ 27 വരെ അസാധുവാക്കിയ പാൻ കാർഡുകളുടെ എണ്ണമാണിത്. നിയമമനുസരിച്ച് ഒരാൾക്ക് ഒന്നിൽ കൂടുതൽ പാൻ കാർഡ് ഉണ്ടാകാൻ പാടില്ല. വ്യാജ മേൽവിലാസം നൽകിയും ഇല്ലാത്ത ആളുകളുടെ പേരിലും ഒട്ടേറെ പാൻ കാർഡുകൾ റജിസ്റ്റർ െചയ്തതായി ആദായനികുതി വകുപ്പിന്റെ പരിശോധനയിൽ വ്യക്തമായിരുന്നു.

അസാധുവാക്കപ്പെട്ടവയ്ക്കൊപ്പം നിങ്ങളുടെ പാൻകാർഡും ഉണ്ടോയെന്ന് പരിശോധിക്കാം:

1. ആദായനികുതി വകുപ്പിന്റെ സൈറ്റിൽ പ്രവേശിക്കുക.

2. ഹോം പേജിലെ Know Your PAN എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. https://incometaxindiaefiling.gov.in/e-Filing/Services/KnowYourPanLinkGS.html

3. തുറന്നു വരുന്ന വിൻഡോയിൽ ചോദിച്ചിരിക്കുന്ന വിവരങ്ങൾ ചേർക്കുക.

4. പാൻ കാർഡുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈൽ നമ്പറിൽ ലഭിക്കുന്ന ‘വൺ ടൈം പാസ്‌വേഡ്’ സൈറ്റിൽ ചേർക്കുക.

5. പാൻ കാർഡ് അസാധുവാക്കിയിട്ടില്ലെങ്കിൽ നിങ്ങളുടെ വിശദാംശങ്ങൾക്കൊപ്പം ‘ആക്ടീവ്’ എന്ന സന്ദേശം തെളിയും.

നിങ്ങൾ നൽകിയ അതേ വിശദാംശങ്ങളുള്ള ഒന്നിലധികം പാൻ കാർഡുകൾ ഉള്ളപക്ഷം കൂടുതൽ വിശദാംശങ്ങൾ ചേർക്കേണ്ടിവരും.

പാൻ കാർഡ്

വരുമാന നികുതിയടയ്ക്കുന്ന ഓരോ വ്യക്തിയുടെയും വിവരങ്ങൾ ശേഖരിച്ചു വയ്ക്കുന്നതിനായി ആദായ നികുതി വകുപ്പ് ആവിഷ്‌കരിച്ച മാർഗ്ഗമാണ് പാൻ കാർഡ് (Permanent Account Number card). ഇത് ഇന്ത്യയിൽ ഒരു നികുതി ദാതാവിനു നൽകുന്ന ദേശീയ തിരിച്ചറിയൽ സംഖ്യ (National Identification Number) ആണ്. ഒരു സീരിയൽ നമ്പറിൽ ഒരു കാർഡ്‌ മാത്രമേ രാജ്യത്ത് ഉണ്ടാകൂ. ഒരു വ്യക്തിയുടെ വിറ്റു വരവ് ഇൻകം ടാക്സ് പരിധിക്കുള്ളിലാണ് എങ്കിൽ ആവ്യക്തി പാൻ കാർഡ്‌ നിർബന്ധമായും ഉപയോഗിക്കേണ്ടതാണ് . അത് പോലെ ഇപ്പോൾ ചില ബാങ്കുകളിൽ അക്കൗണ്ട്‌ തുടങ്ങാനും ഇന്ത്യയിൽ ഇൻവെസ്റ്റ്‌ ചെയ്യാനും പാൻ കാർഡ്‌ നിർബന്ധമാണ്‌ . ഇൻകം ടാക്സ് ഡിപ്പാർട്മെൻറ് ആണ് പാൻ കാർഡ്‌ നൽകുന്നത്