ഷിബു മാത്യൂ.
ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയ്ക്ക് ആഹ്‌ളാതത്തിന്റെ നിമിഷങ്ങള്‍ രൂപതയുടെ മൂന്നാമത്തെ ഇടവകയായ സെന്റ് മേരീസ് ആന്റ് സെന്റ് വില്‍ഫ്രിഡ്‌സ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ച് ലീഡ്സ്സ് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാദ്ധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ലീഡ്സ്സ് രൂപതാദ്ധ്യക്ഷന്‍ ബിഷപ്പ് മാര്‍ക്കസ്സ് സ്റ്റോക്കിന്റെ സാന്നിധ്യത്തില്‍ അവുദ്യോഗീകമായി ഉദ്ഘാടനം ചെയ്തു. വികാരി ജനറാള്‍ മോണ്‍. ജിനോ അരീക്കാട്ട് ഡിക്രിവായിച്ച് ഇടവക ലീഡ്സ്സ് സീറോ മലബാര്‍ വിശ്വാസികള്‍ക്കായി സമര്‍പ്പിച്ചു. ഇടവക വികാരി ഫാ. മാത്യൂ മുളയോളില്‍, മാഞ്ചെസ്റ്റര്‍ റീജിയണല്‍ ഡയറക്ടര്‍ ഫാ. ജോസ് അഞ്ചാനിക്കല്‍, ഫാ. ജോസഫ് മൂലശ്ശേരില്‍ VC, ഫാ. ജോസഫ് കിഴക്കരക്കാട്ട്, ഫാ. കുര്യാക്കോസ് അമ്പഴത്തിനാല്‍,
ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത വിമന്‍സ് ഫോറം ഡയറക്ടര്‍ സിസ്റ്റര്‍ കുസുമം SH,
സിസ്റ്റര്‍ ലിനറ്റ് SH, സിസ്റ്റര്‍ ബീന DSFS
സിസ്റ്റര്‍ ലില്ലി DSFS തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

ഞായറാഴ്ച്ച രാവിലെ പത്ത് മണിക്ക് ലീഡ്സ്സില്‍ ഇടവകയെന്ന സങ്കല്പത്തിന് വിത്ത് പാകിയ ഫാ. ജോസഫ് പൊന്നേത്തിന് നന്ദി പറഞ്ഞ് ഇടവകയുടെ പ്രഥമ വികാരി ഫാ. മാത്യൂ മുളയോലില്‍ തിരുക്കര്‍മ്മത്തില്‍ പങ്കുചേരാന്‍ എത്തിയവര്‍ക്ക് സ്വാഗതമരുളി ചടങ്ങുകള്‍ ആരംഭിച്ചു. വിശ്വാസികളാല്‍ തിങ്ങിനിറഞ്ഞ ദേവാലയത്തില്‍ ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ദീപം തെളിയിച്ച് സെന്റ് മേരീസ് ആന്റ് സെന്റ് വില്‍ഫ്രിഡ്‌സ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ച് ഇടവകയായി ഉയര്‍ത്തി. തുടര്‍ന്ന് ലീഡ്സ്സ് രൂപതാധ്യക്ഷന്‍ ബിഷപ്പ് മാര്‍ക്കസ്സ് സ്റ്റോക് വിശ്വാസികളെ അഭിസംബോധന ചെയ്ത് സംസാരിച്ചു. നഷ്ടപ്പെട്ട വിശ്വാസത്തിന്റെ ദീപം സീറോ മലബാര്‍ സഭ വീണ്ടും തെളിയിച്ചെന്ന് ബിഷപ്പ് മാര്‍ക്കസ്സ് തന്റെ സന്ദേശത്തില്‍ പറഞ്ഞു. ലീഡ്സ്സ് രൂപതയുടെ സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥരായ സെന്റ് മേരിയുടെയും സെന്റ് വില്‍ഫ്രിഡിന്റെയും പേര് പുതിയ ഇടവകയ്ക്ക് നല്‍കിയതില്‍ ലീഡ്സ്സ് രൂപതയുടെ സ്‌നേഹവും നന്ദിയും അറിയ്ച്ചു. തുടര്‍ന്ന് അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ആഘോഷമായ ദിവ്യബലി ആരംഭിച്ചു. | ദിവ്യബലി മദ്ധ്യേ അഭിവന്ദ്യ പിതാവ് വചന സന്ദേശം നല്‍കി. നിരന്തരം പ്രാത്ഥിച്ചു കൊണ്ടേയിരിക്കുക. അവസാനത്തെ ശ്വാസത്തിലും സാധ്യതയുണ്ട്. കാത്തിരിക്കുക.. ഈ ഇടവക ദൈവത്തിന്റെ ദാനമാണ്. വളര്‍ന്നു വളരുന്ന തലമുറയുടെ ആദ്ധ്യാത്മിക വളര്‍ച്ചയ്ക്ക് ഈ ഇടവക ദേവാലയം കാരണമാകട്ടെ എന്ന് പിതാവ് തന്റെ സന്ദേശത്തില്‍ ഉദ്‌ബോധിപ്പിച്ചു. ദിവ്യബലിക്ക് ശേഷം അനുമോദന സമ്മേളനം നടന്നു. തുടര്‍ന്ന് ദേവാലയം സ്വന്തമാക്കുന്നതിന് അക്ഷീണം പരിശ്രമിച്ചവരെ മൊമന്റൊ നല്‍കി ആദരിച്ചു. ഇടവകയുടെ ട്രസ്റ്റി ജോജി തോമസ്സ് നന്ദി പറഞ്ഞു. സ്‌നേഹവിരുന്നോടെ ഉദ്ഘാടന ചടങ്ങുകള്‍ അവസാനിച്ചു.

യോര്‍ക്ക്‌ഷെയറിന്റെ വിവിധ ഭാഗങ്ങളില്‍ ആറ് കുര്‍ബാന സെന്ററുകളിലായി കഴിഞ്ഞിരുന്ന സീറോ മലബാര്‍ കത്തോലിക്കരാണ് 6 വര്‍ഷം മുന്‍പ് ലീഡ്‌സ് കേന്ദ്രമായുള്ള ഒറ്റ കുര്‍ബാന സെന്ററിലേയ്ക്ക് മാറിയത്. സീറോ മലബാര്‍ സഭയുടെ ചാപ്ലിന്‍ ആയിരുന്ന ഫാ. ജോസഫ് പൊന്നേത്തായിരുന്നു വിവിധ കുര്‍ബാന സെന്ററുകളെ ഒന്നിപ്പിച്ച് ഒറ്റ കുര്‍ബാന സെന്ററാക്കാനുള്ള പ്രയത്‌നങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് . സീറോ മലബാര്‍ സഭയുടെ സിനഡില്‍നിന്ന് അയച്ച് യോര്‍ക്ക്‌ഷെയറില്‍ പ്രവര്‍ത്തിക്കാന്‍ എത്തിയ ഫാ. ജോസഫ് പൊന്നേത്തിന്റെ വരവ് ഒരു നിയോഗം പോലെയാണ് ഇന്ന് യോര്‍ക്ക് ഷെയറിലുള്ള സീറോമലബാര്‍ വിശ്വാസികള്‍ കണക്കാക്കുന്നത്. ഫാ. ജോസഫ് പൊന്നേത്ത് സീറോ മലബാര്‍ വിശ്വാസികളുടെ ആത്മീയ ആവശ്യങ്ങള്‍ക്കായി ഒരു ദേവാലയം വേണ്ടതിന്റെ ആവശ്യകത പ്രാദേശിക സഭാ അധികാരികളുടെ ശ്രദ്ധയില്‍ നിരന്തരം കൊണ്ടുവന്നതിന്റെ ഫലമായാണ് 6 വര്‍ഷങ്ങള്‍ക്ക് മുമ്പ് സീറോ മലബാര്‍ വിശ്വാസികള്‍ക്കായി സെന്റ് വില്‍ഫ്രഡ്‌സ് ചര്‍ച്ച് ലീഡ്‌സ് രൂപതയില്‍ നിന്ന് നല്‍കിയത്. അന്നുമുതല്‍ എല്ലാദിവസവും സിറോമലബാര്‍ ആരാധന ക്രമത്തിലുള്ള കുര്‍ബാനയും മറ്റ് കര്‍മ്മങ്ങളും നടക്കുന്ന ദേവാലയത്തില്‍, കേരളത്തിലെ ഒരു ഇടവക ദേവാലയത്തില്‍ ഉള്ള എല്ലാ പ്രവര്‍ത്തനങ്ങളുമുണ്ടന്നുള്ളത് ശ്രദ്ധേയമാണ്. അന്നു ലഭിച്ച ദേവാലയം തന്നെയാണ് ഇന്ന് ലീഡ്‌സ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സീറോമലബാര്‍ വിശ്വാസികള്‍ മൂന്നു ലക്ഷം പൗണ്ട് നല്‍കി ലീഡ്‌സ് രൂപതയില്‍ നിന്ന് വാങ്ങിയത്. ആദ്യമായാണ് സിറോ മലബാര്‍ സഭ യുകെയില്‍ ഒരു ദേവാലയം വാങ്ങുന്നതെന്ന പ്രത്യേകതയുമുണ്ട് ലീഡ്‌സിലെ ദേവാലയത്തിന് . ലീഡ്‌സ് രൂപതയില്‍ നിന്ന് ആത്മീയ ആവശ്യങ്ങള്‍ക്കായി ദേവാലയം ലഭിച്ച് അധികം താമസിയാതെ കേരളത്തിലേയ്ക്ക് മടങ്ങിയ ഫാ. ജോസഫ് പൊന്നേത്തിനുശേഷം സീറോ മലബാര്‍ സഭയുടെ ലീഡ്‌സ് ചാപ്ലിനായി ചുമതലയേറ്റ ഫാ. മാത്യു മുളയോലിയുടെ നേതൃത്വത്തിലാണ് ദേവാലയം സ്വന്തമായി വാങ്ങുന്നതിനുള്ള ശ്രമങ്ങള്‍ക്ക് മൂന്നുവര്‍ഷം മുമ്പ് തുടക്കമിട്ടത്. ഇതിനിടയില്‍ നിരവധി പ്രതിസന്ധികള്‍ ഉണ്ടായെങ്കിലും ഫാ.മാത്യു മുളയോലിയുടെ ശക്തമായ നേതൃത്വം ഇതിനെയെല്ലാം മറികടന്ന് യോര്‍ക്ക്‌ഷെയറിലെ സീറോ മലബാര്‍ കത്തോലിക്കര്‍ക്ക് ചരിത്രനേട്ടം സ്വന്തമാക്കാന്‍ സഹായകരമായി. 2018 ഡിസംബര്‍ 9ന് ലീഡ്‌സ് കേന്ദ്രമായുള്ള സീറോമലബാര്‍ ചാപ്ലിന്‍സിയെ സഭാ തലവന്‍ മാര്‍ .ജോര്‍ജ്ജ് ആലഞ്ചേരി മിഷനായി പ്രഖ്യാപിച്ചിരുന്നു.

പുതിയ ദേവാലയത്തിന്റെ പേരിലും സെന്റ് വില്‍ഫ്രഡ് വിശുദ്ധന്റെ പേര് ഉള്‍പ്പെടുത്തിയത് ലീഡ്‌സ് ബിഷപ്പ് മാര്‍ . മാര്‍ക്കസ് സ്റ്റോക്കിന്റെ പ്രത്യേക താല്‍പര്യപ്രകാരമാണ്. യോര്‍ക്ക്‌ഷെയറിന്റെയും ലീഡ്‌സ് രൂപതയുടെയും പേട്രണായ സെന്റ് വില്‍ഫ്രഡിന്റെ പേര് നിലനിര്‍ത്തണമെന്ന് മാര്‍. മാര്‍ക്കസ് സ്റ്റോക്ക് സീറോ മലബാര്‍ സഭാ അധികാരികളോട് അഭ്യര്‍ത്ഥിക്കുകയായിരുന്നു.