സ്പിരിച്വൽ ഡെസ്ക്. മലയാളം യുകെ
പരിശുദ്ധ ദൈവമാതാവിൻ്റെ വണക്കമാസം രണ്ടാം ദിവസത്തിലേയ്ക്ക് കടക്കുമ്പോൾ ചിന്താവിഷയമാകുന്നത് ദൈവം പരിശുദ്ധ കന്യകയെ തിരഞ്ഞെടുക്കുന്നു എന്നതാണ്. പരിപൂർണ്ണ മനുഷ്യത്വം സ്വീകരിക്കാൻ തയ്യാറായ ദൈവം സകല മനുഷ്യരിലും ശ്രേഷ്ഠയും പുണ്യങ്ങളാൽ അലംകൃതയുമായ പരിശുദ്ധ കന്യകയെ തിരഞ്ഞെടുത്തു. ദൈവമാതൃത്വം സ്വീകരിച്ച് കൊണ്ട് ഈ രക്ഷാകര കർമ്മത്തിൽ പങ്കാളിയാകുവാൻ മറിയത്തിന് സാധിച്ചു. അടിയുറച്ച വിശ്വാസം കൊണ്ടായിരുന്നു ദൈവത്തിൻ്റെ അമ്മയാകുവാകുവാനുള്ള ഭാഗ്യം മറിയത്തിന് ലഭിച്ചത്.

ആധുനികതയിലെ അമ്മമാർക്ക് മറിയത്തിൻ്റെ വിശ്വാസമുണ്ടോ എന്നത് ഒരു ചോദ്യം തന്നെയാണ്. എൻ്റെ അനുഭവജ്ഞാനം കൊണ്ട് പറയുകയാണ്. പണ്ടെത്തെ അമ്മൂമ്മമാരാണ് ക്രിസ്തീയ വിശ്വാ വിശ്വാസത്തിൻ്റെ നെടുംതൂണുകൾ.
വല്യമ്മച്ചിമാർ കൊച്ചുമക്കളെ പ്രാർത്ഥിക്കാൻ പഠിപ്പിച്ചിരുന്ന ഒരു കാലഘട്ടം കത്തോലിക്കാ സഭയ്ക്ക് ഉണ്ടായിരുന്നു. എൻ്റെ കുട്ടിക്കാലത്ത് എന്നെയും ചേട്ടനെയമൊക്കെ വിളിച്ചിരുത്തി ഞങ്ങളുടെ അമ്മൂമ്മ കൊന്ത ചെല്ലുമ്പോൾ എളുപ്പം തീർക്കാൻ ഞങ്ങൾ ഒരു രഹസ്യമൊക്കെ സൂത്രത്തിൽ ഒഴിവാക്കിയിട്ടുണ്ട്. അപ്പോൾ തന്നെ അമ്മൂമ്മ അത് കണ്ട് പിടിച്ച് ഞങ്ങളെ ശകാരിക്കുമായിരുന്നു. കൊച്ചു മക്കളെ പ്രാർത്ഥിക്കാൻ പഠിപ്പിക്കാനുള്ള തീഷ്ണത അവർക്കുണ്ടായിരുന്നു. ആ പരിശീലനമാണ് എന്നെ സഭാ വസ്ത്രം അണിയുവാൻ പ്രേരിപ്പിച്ചത് എന്ന് ഞാൻ വിശ്വസിക്കുന്നു.

ആധുനികതയിലെ വല്യമ്മച്ചിമാർക്ക് കൊച്ചുമക്കളെ കാണാനുള്ള അവസരം ലഭിക്കുന്നില്ല. അമ്മമാർക്ക് മക്കളെ കാണാനും കേൾക്കാനും സമയവുമില്ല. ദൈവം മറിയത്തെ തിരഞ്ഞെടുത്തതുപോലെയുള്ള വിശുദ്ധിയിൽ തന്നെയാണ് ഓരോ സ്ത്രീയെയും ദൈവം തിരഞ്ഞെടുത്തിരിക്കുന്നത്. അമ്മയാകാൻ ഭാഗ്യം ലഭിച്ചത് ചെറിയ കാര്യമല്ല. രക്ഷാകര ദൗത്യത്തിൽ പരിശുദ്ധ അമ്മ പങ്കാളിയായതുപോലെ ഓരോ അമ്മയും കുടുംബമാകുന്ന സഭയിൽ പങ്കാളിയാകണം. മറിയത്തെപ്പോലെ തിരഞ്ഞെടുക്കപ്പെട്ടവരാണ് നാമോരുത്തരും.

സുകൃതജപം.
ദൈവമാതാവായ കന്യകാമറിയമേ..
ഞങ്ങൾക്കും നീ മാതാവാകണമേ..

പരിശുദ്ധ ദൈവമാതാവിന് സ്തുതി പാടുന്ന ഗാനം കേൾക്കാൻ താഴെയുള്ള ലിങ്കിൽ വിരൽ അമർത്തുക.
https://youtu.be/Oh0Hm7Ik-r4